പോര്‍ച്ചുഗലില്‍ വന്‍ കാട്ടുതീ: 62 മരണം
ലിസ്ബണ്‍: തെക്കന്‍ യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലിലുണ്ടായ കാട്ടുതീയില്‍ 62 പേര്‍ മരിച്ചു. മധ്യ പോര്‍ച്ചുഗലിനെയാണ് കാട്ടുതീ ഭീതിയിലാക്കിയത്. നിരവധി വീടുകളും കാറുകളും കത്തിനശിച്ചു. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് അഗ്നിരക്ഷാസേനാ പ്രവര്‍ത്തകരും 160 വാഹനങ്ങളും തീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുന്നുണ്ട്. പെഡ്‌റോഗോ ഗ്രാന്‍ഡെ മുനിസിപ്പാലിറ്റിയിലാണ് ആദ്യം കാട്ടുതീ കണ്ടത്.
തീ നിയന്ത്രിക്കാന്‍ സ്‌പെയിന്‍ രണ്ട് വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ പോര്‍ച്ചുഗല്‍ ഫയര്‍ സര്‍വിസിനു വിട്ടുകൊടുത്തു. ഫ്രാന്‍സ് മൂന്നു വിമാനങ്ങളും അയച്ചു. കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ റജോയ് പറഞ്ഞു. കടുത്ത ചൂടുകാറ്റാണ് തീപിടിത്തത്തിനു കാരണം. 40 ഡിഗ്രിയാണ് പലയിടത്തും ചൂട്. ശനിയാഴ്ച രാത്രി 60 കാടുകള്‍ കത്തിനശിച്ചു. 1,700 അഗ്നിശമന സേനാംഗങ്ങളാണ് രംഗത്തുള്ളത്.
22 പേര്‍ കാറിനു തീപിടിച്ചാണ് മരിച്ചതെന്ന് ഇന്റേണല്‍ അഡ്്മിനിസ്‌ട്രേഷന്‍ സെക്രട്ടറി ജോര്‍ജ് ഗോമസ് പറഞ്ഞു. കാടിനോട് ചേര്‍ന്ന ഫിഗോറിയോ ഡോസ് വിന്‍ഹോസ്, കാസ്റ്റന്‍ഹെറിയ ഡെ പെരാ എന്നീ റോഡുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്. മൂന്നു പേര്‍ പുക ശ്വസിച്ചാണ് മരിച്ചത്. 54 പേര്‍ക്ക് പരുക്കേറ്റുവെന്നും 28 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ ഒരു കുട്ടിയും എട്ടു അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടും. ഇവര്‍ക്ക് സാരമായി പൊള്ളലേറ്റു.
പോര്‍ച്ചുഗല്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വേനലില്‍ കാട്ടുതീ പതിവാണ്. 2.47 ലക്ഷം ഏക്കര്‍ പ്രദേശം കഴിഞ്ഞ വര്‍ഷം കത്തിനശിച്ചുവെന്നാണ് കണക്ക്. തീപിടിത്തത്തെ തുടര്‍ന്ന് 1000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."