സയനൈഡ് കൂട്ടക്കൊലപാതകങ്ങളില്‍ ഞെട്ടലോടെ ഓര്‍ത്തെടുക്കാന്‍ ഇനിയുമുണ്ട് പേരുകള്‍; ബംഗളുരുവിലെ സ്‌കൂള്‍ അധ്യാപകന്‍ ലൈംഗിക ബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊന്നത് ഇരുപതോളം യുവതികളെ
കോഴിക്കോട്: സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങളില്‍ കേരളത്തിലെ ഏറ്റവും ഭീകരവും നിഗൂഢവുമായ കേസാണ് ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ കൂടത്തായിയല്‍ നടന്നതെങ്കില്‍ രാജ്യത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഏറെ ഞെട്ടിച്ച കേസായിരുന്നു ബംഗളൂരുവിലേത്. ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു ഈ കൊലപാതക പരമ്പരയിലെ വില്ലന്‍.
ഗര്‍ഭധാരണത്തിന് സാധ്യതയുള്ള സമയം മനസിലാക്കി കാമുകിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഗര്‍ഭനിരോധന ഗുളികയില്‍ സൈനൈഡ് പുരട്ടി നല്‍കിയാണ് മോഹന്‍ മാസ്റ്റര്‍ എന്ന നിഷ്ടൂരന്‍ ഇരുപത് യുവതികളെയാണ് കൊലപ്പെടുത്തിയത്. 2003 -നും 2009 -നുമിടയില്‍ ദക്ഷിണ കര്‍ണാടകയിലെ പല പ്രദേശങ്ങളില്‍ നിന്നായി ഇരുപതോളം സ്ത്രീകളെ കൊലപ്പെടുത്തിയ മോഹന്‍ മാസ്റ്ററുടെ ക്രൂരത ഇപ്പോഴും ഞെട്ടലോടെയേ ശ്രവിക്കാന്‍ കഴിയു. കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായിരുന്ന മോഹന്‍ കാസര്‍കോഡുകാരി ഉള്‍പെടെയുള്ള ഇരുപതോളം വനിതകളെ ഗര്‍ഭ നിരോധന ഗുളികയില്‍ സൈനൈഡ് പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയത്.ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നഗരത്തിലെത്തിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതായിരുന്നു ഇയാളുടെ രീതി.
കാമുകിയുടെ ആര്‍ത്തവകാലം മനസിലാക്കിയ ശേഷം, ഗര്‍ഭം ധരിക്കാന്‍ സാധ്യത കൂടിയ സമയത്താണ് ഇയാള്‍ ഇവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ശേഷം,സൈനൈഡ് പുരട്ടിയ ഗര്‍ഭനിരോധന ഗുളികകള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ച് വകവരുത്തുന്നതായിരുന്നു മോഹന്‍ മാസ്റ്ററുടെ രീതി.
2003 നും 2009 നുമിടയില്‍ ദക്ഷിണ കര്‍ണാടകയിലെ പല പട്ടണങ്ങളില്‍ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.എല്ലാ മൃതദേഹങ്ങളും കണ്ടടുത്തത് പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിലെ ശുചിമുറികള്‍ക്ക് ഉള്ളില്‍ നിന്നായിരുന്നു. എല്ലാം തന്നെ ഉള്ളില്‍ നിന്ന് കുറ്റിയിട്ട അവസ്ഥയില്‍ ആയിരുന്നതിനാല്‍ വാതില്‍ തല്ലിപ്പൊളിച്ചായിരുന്നു ജഡം കണ്ടെടുത്തിരുന്നത്. എല്ലാവരും ധരിച്ചിരുന്നത് പട്ടുസാരിയായിരുന്നു. ഒരു ജഡത്തിലും ആഭരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ കേസിലെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ഫലം പോലും ഒന്നായിരുന്നു. എല്ലാവരും മരിച്ചത് സൈനൈഡ് ഉള്ളില്‍ ചെന്നായിരുന്നു.
ഇത്രയും കാര്യങ്ങള്‍ ഈ കൊലപാതകങ്ങള്‍ക്കിടയില്‍ പൊതുവായി ഉണ്ടായിരുന്നിട്ടും ആറു വര്‍ഷത്തോളം പൊലീസുകാര്‍ അതേകുറിച്ച് അന്വേഷിച്ചിരുന്നില്ല.സൈനൈഡ് എന്നത് ആത്മഹത്യക്ക് അങ്ങനെ പതിവായി ഉപയോഗിക്കാത്ത, അത്ര എളുപ്പം സ്ത്രീകള്‍ക്ക് കിട്ടാത്ത ഒരു വിഷമായിരുന്നിട്ടു കൂടി പോലീസ് ആ വഴിക്ക് ചിന്തിച്ചില്ല.പത്തൊമ്പതാമത്തെ ഇര, അനിത ബാരിമാര്‍ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. ഈ കൊലപാതകം വര്‍ഗീയ കലാപത്തിന് കാരണമായേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. ബാംഗെറാ സമുദായാംഗമായിരുന്നു അനിത പ്രദേശത്തെ ഒരു മുസ്ലിം യുവാവുമായാണ് ഒളിച്ചോടിയതെന്ന ആരോപണമാണ് വര്‍ഗീയ ലഹളയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.ബാംഗെറകള്‍ സംഘടിച്ച് പൊലീസ് സ്റ്റേഷന്‍ വളയുകയും, സ്റ്റേഷന് തീയിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തല്ക്കാലം ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാര്‍ അവരെ മടക്കിയയച്ചു.എന്തായാലും, അന്വേഷണം അതോടെ ചൂടുപിടിച്ചു.തുടര്‍ന്ന് നടത്തിയ വിശദവും ശാസ്ത്രീയവുമായ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.
മംഗളൂരുവിന് അടുത്തുള്ള ഷിരാദി പ്രൈമറി സ്‌കൂളില്‍ അധ്യാപകനായിരുന്ന മോഹന്‍ മാസ്റ്ററെ 2010-ലാണ് ലോക്കല്‍ പൊലിസ് അറസ്റ്റു ചെയ്തത്.തന്റെ കേസ് സ്വയം വാദിക്കാനാണു മോഹന്‍ കുമാര്‍ തീരുമാനിച്ചത്. താന്‍ ഇരകള്‍ക്ക് സൈനൈഡ് നല്‍കി കൊലപ്പെടുത്തി എന്നതിനു കൃത്യമായ തെളിവുകളൊന്നുമില്ല എന്നാണു അയാള്‍ വാദിച്ചത്. എന്നാല്‍ മോഹന്‍ കുമാറിന്റെ മരണവലയില്‍ നിന്നും രക്ഷപെട്ട യുവതി വീഡിയൊ കോണ്‍ഫറന്‍സിംഗ് വഴി രഹസ്യമായി നല്‍കിയ സാക്ഷി മൊഴിയാണ് പ്രതിക്ക് വിനയായത്. യുവതികളുടെ മരണത്തോടനുബന്ധിച്ച ദിവസങ്ങളിലൊന്നും മോഹന്‍ കുമാര്‍ താന്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ ഹാജരില്ലായിരുന്നു എന്നതും അയാള്‍ക്കെതിരെ നിര്‍ണായകമായ തെളിവായി.
താന്‍ കൊലപ്പെടുത്തിയെന്ന് സയനൈഡ് മോഹന്‍ സമ്മതിച്ച,
18 യുവതികളില്‍ നാല് പേര്‍ പ്രതിയുടെ നാട്ടുകാരാണ്. രണ്ട് പേര്‍ സുള്ള്യ, മൂന്ന് പേര്‍ പുത്തൂര്‍, ഒരാള്‍ മൂഡബിദ്രി, രണ്ട് പേര്‍ ബല്‍ത്തങ്ങാടി, ഒരാള്‍ മംഗളൂരു നിവാസികളായിരുന്നു. പത്ത് കൊലപാതകം നടന്നത് മൈസുരു ബസ് സ്റ്റാന്റിലാണ്. മൂന്ന് പേരെ മടിക്കേരി ബസ് സ്റ്റാന്റിലും രണ്ട് പേരെ ഹാസ്സന്‍ ബസ് സ്റ്റാന്റിലും രണ്ട് പേരെ ബംഗളുരുവിലെ ബസ് സ്റ്റാന്റിലും മറ്റൊരാളെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപത്തും വച്ചാണ് കൊലപ്പെടുത്തിയത്. ലൗജിഹാദിനെ തുടര്‍ന്ന് കാണാതായതാണെന്ന് സംഘപരിവാരം ആരോപിച്ച പല സംഭവങ്ങളിലെയും യുവതികള്‍ മോഹന്റെ വലയില്‍പ്പെട്ടതാണെന്ന് പിന്നീട് വ്യക്തമായി. മോഷണത്തിനും യുവതികളോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടി മാത്രമാണ് താന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്.
മൂന്ന് തവണ വിവാഹിതനായിട്ടുള്ള പ്രതി, തന്റെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നത്. കാസര്‍കോട് മുള്ളേരിയ സ്വദേശിനി പുഷ്പ എന്ന 26 കാരിയാണ് ഇയാള്‍ കൊലപ്പെടുത്തിയ മറ്റൊരു മലയാളി. ബേബി നായക്(25), ശാരദ (24), കാവേരി (30), പുഷ്പ(26), വിനുത(24), ഹേമ (24), അനിത (22), യശോദ (26), സരോജിനി(27), ശശികല(28), സുനന്ദ (25), ലീലാവതി (32), ശാന്ത (35), വനിത (22), സുജാത (28) എന്നിവരടക്കം 18 കര്‍ണാടക സ്വദേശിനികളെ കൂടിയാണ് സയനൈഡ് മോഹന്‍ കൊലപ്പെടുത്തിയത്.2013 ഡിസംബര്‍ 21 നു മോഹന്‍ കുമാറിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."