ആരാണ് നല്ല വിദ്യാര്‍ഥി?
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലറും പ്രശസ്ത കവിയുമായ കെ. ജയകുമാര്‍ ഐ.എ എസ്
ആരാണ് നല്ല വിദ്യാര്‍ഥി? ഒരു നല്ല വിദ്യാര്‍ഥി ആകുന്നതെങ്ങനെ? അതിന് മുന്‍പ് ആരാണ് അത്ര നല്ലതല്ലാത്ത വിദ്യാര്‍ഥി എന്നറിയണം. (ചീത്ത വിദ്യാര്‍ഥി എന്ന പദം നമുക്ക് വേണ്ട; ആരും അത്ര ചീത്തയല്ല.'നല്ലത്', 'അത്ര നല്ലതല്ലാത്തത്'എന്ന വിഭജനം മതി തല്‍ക്കാലം).
ബുദ്ധിശക്തിയുടെ കാര്യത്തില്‍ എല്ലാ കുട്ടികളും ഏറെക്കുറെ തുല്യരാണ്. ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ ചോദിക്കും ക്ലാസിലെ ഏറ്റവും മിടുക്കനായ കുട്ടിയും മരമണ്ടനായ കുട്ടിയും എങ്ങനെ തുല്യരാകും? ന്യായമായ ചോദ്യം. മണ്ടത്തരങ്ങള്‍ പറയുന്ന എല്ലാവരും മണ്ടന്‍മാരല്ല. ഒരിക്കല്‍ മണ്ടത്തരം വിളിച്ചുപറഞ്ഞ ഒരാളെ പിന്നെ നമ്മള്‍ മണ്ടന്‍ എന്നു വിളിച്ചുശീലിക്കുന്നുവെന്നേ ഉള്ളൂ.
ഒരു വിഷയത്തില്‍ മോശം മാര്‍ക്ക് വാങ്ങുന്ന ചില കുട്ടികള്‍ മറ്റൊരു വിഷയത്തില്‍ നല്ല മാര്‍ക്ക് വാങ്ങാറില്ലേ? ചില വിഷയങ്ങള്‍ പഠിക്കാന്‍ അയാള്‍ക്ക് ഇഷ്ടമില്ല. വേറെ ചിലതു പഠിക്കാന്‍ അയാള്‍ക്ക് താല്‍പര്യവും രസവുമുണ്ട്. ചിലര്‍ക്ക് ഒരു വിഷയത്തിലും താല്‍പര്യം കാണില്ല. എല്ലാ ക്ലാസും അത്തരക്കാര്‍ക്ക് വലിയ മുഷിവായിരിക്കും. ക്ലാസൊന്നു തീര്‍ന്നാല്‍ മതി, വരാന്തയില്‍ ഇറങ്ങി ഓടാമെന്ന് വിചാരിച്ചായിരിക്കും അവരുടെ ഇരുപ്പ്! അത്തരക്കാരെ അധ്യാപകര്‍ തിരിച്ചറിഞ്ഞ് പതുക്കെ അങ്ങ് ഉപേക്ഷിച്ചുകളയും.
അവരുടെമേല്‍ സമയം കളയുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് ടീച്ചര്‍ക്ക് തോന്നും. അത് അയാളെ പഠിത്തത്തില്‍ നിന്ന് കൂടുതല്‍ അകറ്റും. ക്ലാസില്‍ കയറുന്നതേ വലിയ ബുദ്ധിമുട്ടുള്ള സംഗതിയായിത്തീരും. അങ്ങനെയുള്ള കുട്ടികള്‍ കുറെ കഴിഞ്ഞ് പഠിത്തം ഉപേക്ഷിക്കുന്നു. അവരെക്കുറിച്ച് രക്ഷിതാക്കളും അധ്യാപകരും പറയുക: 'പഠിത്തത്തില്‍ ഒരു താല്‍പര്യവുമില്ല. ഒരു പൊട്ടനാണവന്‍!'
ഇനിയാണ് നമ്മള്‍ നേരത്തെ വായിച്ച ആ വാക്യത്തിലേക്ക് മടങ്ങിപ്പോകേണ്ടത്. 'ബുദ്ധിശക്തിയുടെ കാര്യത്തില്‍ എല്ലാ കുട്ടികളും ഏറെക്കുറെ തുല്യരാണ്!'അപ്പോള്‍ ചിലര്‍ മഠയന്‍മാരാവുന്നതോ? അവര്‍ക്കുമുണ്ട് ചില കഴിവുകള്‍, ആ കഴിവുകള്‍ അധ്യാപകരും രക്ഷിതാക്കളും കണ്ടെത്താതെ പോകുന്നതുകൊണ്ടു മാത്രം അവരെ നാം പരിഹസിക്കുന്നു; അവഹേളിക്കുന്നു. ഇടക്കുവച്ച് പഠിത്തം നിര്‍ത്തിപ്പോയവരില്‍ എത്രയോപേര്‍ പിന്നീട് ജീവിതത്തില്‍ വിജയിക്കുകയും പ്രശസ്തരാവുകയും ചെയ്തിട്ടുണ്ട്.(ടാഗോറും എഡിസനും ബില്‍ഗേറ്റ്‌സും ഒക്കെയുണ്ട് അക്കൂട്ടത്തില്‍). എങ്കിലും പരാജയപ്പെട്ടവരാണ് കൂടുതല്‍.
തിരിച്ചറിയേണ്ടത് ഇത്രമാത്രം. ഏതെങ്കിലുമൊക്കെ കാര്യങ്ങളില്‍ എല്ലാവര്‍ക്കും അഭിരുചിയുണ്ടാവും. അഭിരുചിയുള്ള കാര്യങ്ങള്‍ വായിക്കാനും സംസാരിക്കാനും അറിയാനും മാത്രമേ കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാവൂ. താല്‍പര്യമുണ്ടാവണമെങ്കില്‍ ആ വിഷയത്തോട് എന്തെങ്കിലും ബന്ധമുണ്ടാവണം.'ചൈനയില്‍ വെള്ളപ്പൊക്കം' എന്ന വാര്‍ത്ത വായിക്കുന്നതും'കല്ലായിപ്പുഴ കരകവിഞ്ഞു'എന്നു വായിക്കുന്നതും ഒരുപോലെയല്ല. കാരണം നമുക്കറിയാം കല്ലായിപ്പുഴയെ. നമുക്ക് ആ പുഴയോട് ഒരു ബന്ധമുണ്ട്. ആ ബന്ധത്തില്‍ നിന്നാണ് താല്‍പര്യം ജനിക്കുന്നത്.
ഏതുവിഷയവും ആസ്വദിച്ചു പഠിക്കാന്‍ സാധിക്കും, പഠിക്കുന്ന വിഷയവുമായി ബന്ധമുണ്ടെങ്കില്‍. ബന്ധമുണ്ടാകണമെങ്കില്‍ എന്തിനാണ് പഠിക്കുന്നതെന്ന് അറിയണം. ഇതറിയാതെ പോകുമ്പോള്‍ പഠനം വിരസമാകുന്നു. പാഠ്യവിഷയം കൊണ്ട് പ്രയോജനവുമില്ലെന്ന വിചാരം വരുന്നു. പ്രയോജനമില്ലാത്തതായി ഒരറിവുമില്ലെന്നത് മറ്റൊരു കാര്യം. നമുക്ക് അതിന്റെ പ്രയോജനം മനസിലാവുന്നില്ലെന്നേ ഉള്ളൂ. അധ്യാപകരും രക്ഷിതാക്കളുമാണ് ഓരോ വിഷയത്തിന്റെയും പ്രയോജനങ്ങളെപ്പറ്റി ക്ലാസിനകത്തും പുറത്തും നിരന്തരം കുട്ടികളോട് പറയേണ്ടത്. കുട്ടികള്‍ അന്വേഷിക്കേണ്ടതും ടീച്ചര്‍മാരോട് ചോദിച്ചറിയേണ്ടതും ഓരോ പാഠത്തിന്റെയും പ്രയോജനവും പ്രസക്തിയുമാണ്.
അതറിഞ്ഞുകഴിഞ്ഞാല്‍ പഠിത്തത്തില്‍ താല്‍പര്യമുണ്ടാകും. താല്‍പര്യത്തില്‍ നിന്ന് രസമുണ്ടാകും. രസകരമായി പഠിച്ചൊതൊന്നും മറക്കുകയില്ല. പഠിച്ചതൊന്നും മറന്നില്ലെങ്കില്‍ പരീക്ഷയെ ഭയക്കേണ്ടി വരില്ല. താല്‍പര്യമില്ലാത്തതുകൊണ്ട് ക്ലാസില്‍ ശ്രദ്ധിക്കാതെയിരിക്കുന്ന കുട്ടി മണ്ടനല്ല. കുട്ടിയില്‍ താല്‍പര്യം ഉണര്‍ത്തുന്നതിന് സാധിച്ചില്ല എന്ന് മാത്രം. കൃത്യമായ മണ്ണും വെള്ളവും വെളിച്ചവും വളവും കിട്ടിയാല്‍ ഏതു ചെടിയും പുഷ്പിക്കും.എല്ലാ വിദ്യാര്‍ഥികള്‍ക്കും എ പ്ലസ് കിട്ടുന്നതിലല്ല കാര്യം. എല്ലാവരിലുമുള്ള കഴിവുകള്‍ കണ്ടെത്തുന്നതാണ് പ്രധാനം. കുറഞ്ഞപക്ഷം ഒരാളെയും'മഠയന്‍' എന്ന് മുദ്രകുത്താതിരിക്കാനെങ്കിലും കഴിയണം.
തയാറാക്കിയത്:
ഷബീബ് മുഹമ്മദ് പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."