മദീന മസ്ജിദുന്നബവിയില്‍ ഇഅ്തികാഫിരിക്കുന്നത് 13,575 പേര്‍
മക്ക/മദീന: വിശുദ്ധ റമദാന്‍ അവസാനത്തിലേക്ക് അടുത്തതോടെ ഇരുഹറമുകളിലും ആരാധനാ കര്‍മ്മത്തിനെത്തുന്നവരുടെ തിരക്കേറി. മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഇഅ്തികാഫിലായി മുഴുകിയിരിക്കുന്നത്. റമദാന്‍ വിട പറയാനുള്ള ദിവസം അടുക്കും തോറും ഇരു ഹറമുകളിലും തിരക്ക് ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഒരു നിമിഷങ്ങളും ഇലാഹീ ചിന്തയിലേക്ക് മാത്രം മുഴുകുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ക്ക് പുറമെ ആഭ്യന്തര തീര്‍ത്ഥാടകരും ഒഴുകുകയാണ്.
അവസാന ദിനങ്ങളില്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ 13,575 വിശ്വാസികളാണ് ഇഅ് തികാഫിരിക്കുന്നത് . ഇവരില്‍ 11,432 പുരുഷന്മാരും 2,143 വനിതകളുമാണ് മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതെന്ന് മസ്ജിദുന്നബവികാര്യ വകുപ്പിലെ ഗെയ്റ്റ് വിഭാഗം മേധാവി സൗദ് അല്‍സാഇദി അറിയിച്ചു. പുരുഷന്മാര്‍ക്ക് മൂന്നു സ്ഥലങ്ങളും വനിതകള്‍ക്ക് ഒരു സ്ഥലവുമാണ് ഇഅ്തികാഫിനു വേണ്ടി നീക്കിവെച്ചിരിക്കുന്നത്.
പ്രവാചക പള്ളിയുടെ പവിത്രതയും വൃത്തിയും കാത്തുസൂക്ഷിക്കണമെന്ന് ഇഅ്തികാഫിരിക്കുന്നവരോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു വിശ്വാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കാനും പാടില്ല. പെരുന്നാള്‍ തലേന്ന് രാത്രി ഇശാ നമസ്‌കാരം പൂര്‍ത്തിയായാലുടന്‍ ഇഅ് തികാഫ് അവസാനിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. മുസ്ഹഫുകള്‍ സൂക്ഷിക്കുന്ന ഷെല്‍ഫുകളിലും മസ്ജിദുന്നബവിയുടെ ഭിത്തികളിലും സംസം ടാപ്പുകളിലും ജാറുകളിലും വസ്ത്രങ്ങള്‍ തൂക്കാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു..
മസ്ജിദുന്നബവിയില്‍ എത്തുന്നതിനു മുമ്പായി ഇഅ് തികാഫിനായി ഓണ്‍ലൈന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. മക്കയിലെ വിശുദ്ധ ഹറമില്‍ അര ലക്ഷത്തോളം പേരാണ് ഇത്തവണ ഇഅ്തികാഫ് ഇരിക്കുന്നതയാണ് കണക്കുകള്‍.
അതേസമയം, റമദാന്‍ അവസാന പത്തില്‍ മക്ക ഹറമിലെത്തുന്നവര്‍ക്ക് അത്താഴം വിതരണം ചെയ്യാന്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി. ഖിയാമുല്ലൈലി, തഹജുദ് നമസ്‌കാരങ്ങള്‍ക്കും അത്താഴത്തിനുമിടയിലെ സമയക്കുറവ് കണക്കിലെടുത്താണ് പുതിയ കല്‍പ്പന. ഹറം പള്ളിയിലും മുറ്റങ്ങളിലും പുറമെ ബസ് സ്‌റ്റേഷനുകളിലും ഭക്ഷണവിതരണമുണ്ടാകും. ഹറമില്‍ കഴിയുന്നവര്‍ക്ക് പ്രത്യേകിച്ച് മക്കയിലെ പരിസരങ്ങളില്‍ നിന്ന് ഹറമിലെത്തുന്നവര്‍ക്ക് അത്താഴം വിതരണം ചെയ്യാനുള്ള നിര്‍ദേശം തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമാണുണ്ടാക്കുക. പാതിരാ നിസ്‌കാരങ്ങള്‍ കഴിഞ്ഞ് റോഡിലെ കനത്ത തിരക്ക് മൂലം ഉദ്ദേശിച്ച സമയങ്ങളില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് ഭക്ഷണ വിതരണം ഏറെ സഹായകരമാണ്.
മക്ക ഗവര്‍ണറേറ്റിന് കീഴില്‍ ചാരിറ്റബിള്‍ സൊസൈറ്റികളുമായി സഹകരിച്ചാണ് അത്താഴം വിതരണം നടക്കുന്നത്. സഹായത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ലക്ഷകണക്കിന് വിശ്വാസികള്‍ക്ക് നോമ്പ് തുറ വിഭവസമൃദ്ധമായി നടത്തുന്ന ഹറം കാര്യാലയ അധികൃതര്‍ ഇതാദ്യമായാണ് അത്താഴ ഭക്ഷണം വിതരണ സംവിധാനം നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."