ജോളി വേറെയും രണ്ട് കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചു; കുരുക്ക് മുറുക്കി അന്വേഷണസംഘം
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്. രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചു. അടുത്തകാലത്താണ് ഈ ശ്രമങ്ങള്‍ നടന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയെ അറസ്റ്റ് ചെയ്തത്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ കേസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേകശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കല്‍ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.
കൂട്ടക്കൊലപാതക കേസില്‍ ശക്തമായ തെളിവുണ്ടെന്ന് എസ്പി പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പല കാര്യങ്ങളും അന്വേഷണ സംഘത്തിന് വ്യക്തമായി. കേസ് അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്പി പറഞ്ഞു.
ജോളിക്കെതിരെ സഹോദരന്‍ നോബി രംഗത്തെത്തിയിരുന്നു. ജോളിയെ ജയിലില്‍നിന്നു പുറത്തിറക്കാനോ കേസ് നടത്താനോ ശ്രമിക്കില്ലെന്ന് നോബി പറഞ്ഞു. ജോളിക്ക് പണത്തോട് ആര്‍ത്തിയായിരുന്നെന്നും സഹോദരന്‍ നോബി മാധ്യമങ്ങളോട് പറഞ്ഞു.
പൊന്നാമറ്റം വീട്ടിലെ ഒസ്യത്തിനെ കുറിച്ചും നോബി പ്രതികരിച്ചു. ഒസ്യത്ത് വ്യാജമാണെന്നു മുന്‍പും തോന്നിയിട്ടുണ്ടെന്ന് നോബി പറഞ്ഞു. കൊലപാതകങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും നോബി വ്യക്തമാക്കി.
അതേസമയം, ജോളി വേദപാഠം അധ്യാപികയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇവടക വികാരി പറഞ്ഞു. ജോളിക്ക് പള്ളിയുമായി അടുത്ത ബന്ധമില്ല. പണ്ട് മാതൃവേദി സംഘടനയുടെ ചുമതലയുണ്ടായിരുന്നു. എന്നാല്‍, ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവക അംഗങ്ങളുടെ പട്ടികയില്‍നിന്നു നീക്കിയെന്നും ഇടവക വികാരി പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പരയില്‍ കല്ലറയില്‍ നിന്നുകിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡി.എന്‍.എ പരിശോധന അമേരിക്കയില്‍ നടത്തുമെന്ന് നേരെത്തെ അറിയിച്ചിരുന്നു. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാമ്പിള്‍ എടുക്കും. കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. അതനിടെ, ജോളിയെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."