കരിഞ്ചന്തയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് വിറ്റ സംഭവം റെയില്‍വേ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം
കോഴിക്കോട്: കരിഞ്ചന്തയില്‍ റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ് വില്‍പ്പന നടത്തി ആര്.പി.എഫിന്റെ പിടിയിലായ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ സി. ബാലസുബ്രഹ്മണ്യത്തിനെതിരേ വകുപ്പുതല അന്വേഷണം.
ആര്.പി.എഫ് എസ്.ഐ കെ.എം നിഷാന്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാളെയും മിഠായിത്തെരുവിന് സമീപത്തെ ശ്രീ ഗണേഷ് ട്രാവല്‍സ് ഉടമ രാജേഷ്, സ്ഥാപനത്തിലെ ജീവനക്കാരന് രജീഷ് എന്നിവരേയും അറസ്റ്റുചെയ്തത്. ആര്.പി.എഫ് ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണര്‍ക്ക് കോഴിക്കോട് റെയില്‍വേ ഇന്‍സ്പെക്ടര്‍ കേസ് സംബന്ധിച്ച വിശദവിവരങ്ങള്‍ അയച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം.
സീനിയര്‍ ഡിവിഷനല്‍ കോമേഴ്സ്യല്‍ മാനേജര്‍ക്ക് ആര്.പി.എഫിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാകും. ശ്രീ ഗണേഷ് ട്രാവല്‍ ഏജന്‍സിക്കെതിരേ ഇതേകേസില്‍ രണ്ടുപ്രാവശ്യം നടപടി ഉണ്ടായിരുന്നെന്ന് ആര്.പി.എഫ് അധികൃതര്‍ പറഞ്ഞു.
അറസ്റ്റിലാകുമ്പോള്‍ ഇവരില്‍നിന്ന് 33 റിസര്‍വേഷന്‍ ടിക്കറ്റുകളും 45,400 രൂപയും കണ്ടെടുത്തിരുന്നു.
മാസങ്ങളായി ആര്.പി.എഫിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു മൂവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."