കലുങ്കുകളില്‍ വേണ്ടത്ര സുരക്ഷയില്ല; വാഹനങ്ങള്‍ അപകട ഭീതിയില്‍
എടച്ചേരി: വടകര തൊട്ടില്‍പ്പാലം റോഡില്‍ കൈനാട്ടിക്കും നാദാപുരത്തിനും ഇടയില്‍ റോഡ് വികസനത്തിന്റെ ഭാഗമായി പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന കലുങ്കുകള്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാത്തതിനാല്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും അപകടഭീഷണി നേരിടുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തരം കലുങ്കുകള്‍ വീതി കൂട്ടി പുനര്‍നിര്‍മിക്കുന്നത്. ആദ്യം കലുങ്കിന്റെ പകുതി ഭാഗം പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കുകയാണ് ചെയ്യുന്നത്. അത് പൂര്‍ത്തിയായ ശേഷം മറുഭാഗം പുനര്‍നിര്‍മിക്കും. ഇതിനിടയില്‍ കുഴിയില്‍ വാഹനങ്ങള്‍ പതിക്കാതിരിക്കാന്‍ ടാര്‍ വീപ്പകള്‍ കൊണ്ട് മറ തീര്‍ത്തിട്ടുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കുഴിയിലേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണ്.
ആഴ്ചകള്‍ക്ക് മുന്‍പ് പണി തുടങ്ങിയ ഉടന്‍ ഓര്‍ക്കാട്ടേരിക്കും, കളിയാംവെള്ളിക്കുമിടയില് പെട്രോള്‍ പമ്പിനു സമീപം നിര്‍മാണം നടക്കുന്ന കലുങ്കിന് വേണ്ടി കുഴിച്ച കുഴിയില്‍ ഒരു കാര്‍ വീണിരുന്നു. ആഴമുള്ള കുഴിയില്‍ കാര്‍ പൂര്‍ണമായും പതിച്ചെങ്കിലും കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
രാത്രിയിലും ഇവിടെ ജോലി തുടരുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ രാത്രി വെളിച്ചക്കുറവ് മൂല വേണ്ടത്ര സുരക്ഷയില്ലാത്തതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ പതിക്കാന്‍ സാധ്യത കൂടുതലാണ്.അപകടം വിളിച്ചു വരുത്തുന്ന ഇത്തരം കേന്ദ്രങ്ങളില്‍ സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."