നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനം
തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമിതി യോഗം തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ സെക്രട്ടേറിയറ്റ് രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. നിലവിലെ സമിതി ചെയര്‍മാനായ വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് പുതിയ പ്രസിഡന്റ്. ഇപ്പോള്‍ കണ്‍വീനറായ പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി അഡ്വ.കെ. സോമപ്രസാദ് എം.പി (ട്രഷറര്‍), പി. രാമഭദ്രന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ബി. രാഘവന്‍, അഡ്വ. സി.കെ വിദ്യാസാഗര്‍ (വൈസ് പ്രസിഡന്റുമാര്‍), അഡ്വ.പി.ആര്‍ ദേവദാസ്, ടി.പി കുഞ്ഞുമോന്‍, അഡ്വ.കെ.പി മുഹമ്മദ് (സെക്രട്ടറിമാര്‍), അഡ്വ.കെ. ശാന്തകുമാരി, അബ്ദുല്‍ഹക്കിം ഫൈസി, പി.കെ സജീവ്, ഇ.എ ശങ്കരന്‍, കെ.ടി വിജയന്‍, അഡ്വ. വി.ആര്‍ രാജു, രാമചന്ദ്രന്‍ മുല്ലശ്ശേരി, കെ.കെ സുരേഷ് (സെക്രട്ടേറിയറ്റ് അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹികളടക്കം 18 പേരുള്ളതാണ് പുതിയ സെക്രട്ടേറിയറ്റ്.
നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം വിപുലമാക്കി താഴെ തലത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് സംഘടനാ സംവിധാനത്തിന്റെ ഘടനയില്‍ മാറ്റംവരുത്തിയത്.
സമിതി രജിസ്റ്റര്‍ ചെയ്യാനും തിരുവനന്തപുരത്ത് ഓഫിസ് സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു. നവംബറില്‍ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ഈ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
നവോത്ഥാന മൂല്യങ്ങളെ ആസ്പദമാക്കി ഡിസംബറില്‍ കാംപസുകളില്‍ സംവാദം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
2020 ജനുവരിയില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നവോത്ഥാന സ്മൃതി യാത്ര നടത്തും. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്രപ്രധാനമായ സ്ഥലങ്ങളിലൂടെയും യാത്ര കടന്നുപോകും. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നാടിനെ സജ്ജമാക്കുകയാണ് യാത്രയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."