മുക്കം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോടതി വിധിയില്‍ യു.ഡി.എഫിന് തിരിച്ചടി
മുക്കം: മുക്കം സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് 11ന് നടക്കാനിരിക്കെ യു.ഡി.എഫിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പലരുടേയും രേഖകള്‍ ബാങ്കില്‍ എഴുതി സൂക്ഷിക്കാത്തതിനെ തുടര്‍ന്ന് വരണാധികാരി നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ഈ നടപടിയാണ് കോടതി ശരിവച്ചത്. നടപടിയെ എതിര്‍ത്ത് യു.ഡി.എഫാണ് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ചട്ടം പാലിച്ചല്ല നടത്തിയതെന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം. ഹരജിയില്‍ വിശദമായി വാദം കേട്ട കോടതി യു.ഡി.എഫ് വാദം തള്ളുകയായിരുന്നു.
78 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 58 പേരുടെ പത്രികയും തള്ളിയിരുന്നു. ഇക്കൂട്ടത്തില്‍ യു.ഡി.എഫിന്റെ പല പ്രമുഖരും ഉണ്ടായിരുന്നു. മത്സര രംഗത്തുള്ള 19 പേരില്‍ അഞ്ച് പേരെ വീതം യു.ഡി.എഫിനും സി.പി.എം നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യ സംരക്ഷണ സമിതിക്കും വിജയിപ്പിക്കാനാവും. സഹകരണ ജനാധിപത്യ സംരക്ഷണ സമിതിയുടെ ഒരു വനിത സ്ഥാനാര്‍ഥി നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. വനിത സംവരണമായ മൂന്ന് സ്ഥാനങ്ങളില്‍ രണ്ട് സ്ഥാനത്തേക്ക് ഇരുമുന്നണികള്‍ക്കും സ്ഥാനാര്‍ഥികളില്ല.
ഈ അവസ്ഥയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ സഹകരണ ജനാധിപത്യ സംരക്ഷണ സമിതിക്ക് 6 ഉം യു.ഡി.എഫിന് 5 ഉം സീറ്റുകളാണ് ലഭിക്കുക. ഇതോടെ വര്‍ഷങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് യു.ഡി.എഫിന് നഷ്ടമായേക്കും. ഹൈക്കോടതി വിധി വന്നതോടെ യു.ഡി.എഫ് അണികളും വലിയ പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസിലും മുസ്‌ലിം ലീഗിലും ഉടലെടുത്ത കനത്ത ഗ്രൂപ്പിസമാണ് യു.ഡി.എഫിന് തിരിച്ചടിയായത്. തെരഞ്ഞെടുപ്പില്‍ 3251 വോട്ടര്‍മാരാണ് ബാങ്ക് ഭരണസമിതിയുടെ വിധി നിര്‍ണയിക്കുക.
ബാങ്കിന്റെ ഷെയര്‍ സംഖ്യ 100 ല്‍ നിന്ന് 500 ആയി ഉയര്‍ത്തിയത് അംഗങ്ങളെ അറിയിക്കാതെയാണെന്ന് പറഞ്ഞ് സഹകരണ ജനാധിപത്യ സംരക്ഷണ സമിതി ഉന്നയിച്ച വാദവും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."