വിദ്യാര്‍ഥികളുടെ ആത്മഹത്യ പ്രത്യേക അന്വേഷണ സംഘം: സംഭവം ഗൗരവകരമെന്ന് ഡിവൈ.എസ്.പി
കല്‍പ്പറ്റ: വിദ്യാര്‍ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ അതീവ ഗൗരവകരമാണന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രാഹം പറഞ്ഞു.
സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലവും മരിച്ച കുട്ടികളുടെ ഫോണുകളുടെ വിശദമായ പരിശോധനയും പൂര്‍ത്തിയായാല്‍ മാത്രമെ യഥാര്‍ഥ കാരണങ്ങളിലേക്ക് എത്താനാവൂ. കേസ് ഗൗരവകരമായതിനാല്‍ പുതിയ ആറംഗ അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
കല്‍പ്പറ്റ, വൈത്തിരി സി.ഐമാര്‍ ഉള്‍പ്പെട്ട ആറംഗ സംഘം വിശദമായ അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കേസില്‍ കൃത്യമായ വ്യക്തത ലഭിക്കൂ. വാഹന ഇടപാടുമായി ബന്ധപ്പെട്ട് കുട്ടികളുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉണ്ടന്നും ഡിവൈഎസ്.പി പറഞ്ഞു.
ഒരു മാസത്തെ ഇടവേളയില്‍ വയനാട്ടില്‍ രണ്ട് കൗമാരക്കാര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച രീതിയിലുള്ള ചിത്രം കണ്ണൂര്‍ സ്വദേശിയായ കൗമാരക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ടത് ലൈക്കുകളുടെ എണ്ണം കൂട്ടാനാണെന്നാണ് പൊലിസ് ഭാഷ്യം.
അതേസമയം മരണപ്പെട്ട കുട്ടികളുടെ സുഹൃത്തുക്കളായ കുട്ടികളില്‍ നിന്നും സഹകരണം ലഭിക്കാത്തത് കേസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇവരില്‍ നിന്നും കൃത്യമായ ഉത്തരങ്ങളൊന്നും കിട്ടാത്തത് പൊലിസിനെ കുഴക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."