പ്രളയം: പുനരധിവാസ ഭവന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കല്‍പ്പറ്റ: പ്രളയാനന്തര പുനരധിവാസ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭവന നിര്‍മാണത്തിന് തയാറായിട്ടുള്ളവരില് നിന്ന് സമ്മത പത്രം സ്വീകരിച്ചു തുടങ്ങി.
563 പേരാണ് ഇതുവരെ സ്വന്തമായി വീട് നിര്മിക്കിന്നതിന് സമ്മതപത്രം നല്‍കിയിട്ടുള്ളത്. ഇതില്‍ 211 പേര്‍ക്ക് ആദ്യ ഗഡുവായി 1,09,000 രൂപ അനുവദിച്ചു.
ബ്ലോക്കുകളില്‍ ഗുണഭോക്താക്കളുടെ പ്രത്യേകം യോഗം ചേര്‍ന്നാണ് സമ്മതപത്രം സ്വീകരിച്ചത്.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് 866 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. നിലവില്‍ 37 കുടുംബങ്ങളിലെ 137 പേര് എട്ട് ക്യാംപുകളിലായി താമസിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ പറഞ്ഞു. രണ്ട് തരത്തിലാണ് പുനരധിവാസ ഭവന നിര്‍മാണം നടത്തുന്നത്.
സര്‍ക്കാര്‍ ധനസഹായം സ്വീകരിച്ച് സ്വന്തം ഭൂമിയില്‍ സ്വന്തം ഉത്തരവാദിത്തത്തോടെ വീട് നിര്‍മാണം നടത്തുക അല്ലെങ്കില്‍ സ്വന്തം ഭൂമിയില്‍ വീടു വക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഭവന നിര്‍മാണം നടത്തുക.
തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ലൈഫ് മിഷന് ഭവന പദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ള ഭവന രൂപ കല്പ്പനകളാണ് ഉപയോഗിക്കുക.
പ്രളയത്തെ ചെറുക്കുന്ന വിധത്തിലുള്ള ഘടനയായിരിക്കും പുതിയ കെട്ടിടങ്ങള്‍ക്ക് ഉണ്ടാകുക. ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന പ്രാദേശിക സാങ്കേതിക വിദഗ്ധന്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. ഇതോടൊപ്പം നിര്‍മാണം ഓരോഘട്ടത്തിലും വിലയിരുത്തും.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് 'സുരക്ഷിത കൂടൊരുക്കും കേരളം' എന്ന പേരില്‍ ഒരു ഭവന നിര്‍മാണ സഹായ കേന്ദ്രം ആറു മാസത്തേക്ക് ബ്ലോക്ക് മുനിസിപ്പല്‍ ഓഫിസില്‍ പ്രവര്‍ത്തിക്കും. ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജില്ലാ കലക്ടര്‍ എ.ആര് അജയകുമാര്‍ അറിയിച്ചു.
നവംബര്‍ 10 മുതല്‍ 12 വരെ ജില്ലയില്‍ വിവിധ പരിപാടികളോടെ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബര 82ാം വാര്‍ഷികാഘോഷത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."