റമദാന്‍ അവസാനത്തിലേക്ക്; മക്കയില്‍ കനത്ത സുരക്ഷ
ജിദ്ദ: റമദാനില്‍ മക്കയിലെ ഹറം പരിസരങ്ങളിലും പ്രധാന കവാടങ്ങളിലും ഹോട്ടലുകള്‍ക്കടുത്തും സ്‌ഫോടക വസ്തു ആയുധ പരിശോധനയക്ക് 30 സംഘങ്ങളെ നിയോഗിച്ചതായി സുരക്ഷാ സേന അസിസ്റ്റന്റ് മേധാവി കേണല്‍ ഖാലിദ് മഹാരിബ് അറിയിച്ചു. സ്‌ഫോടക വസ്തു ആയുധ പരിശോധന രംഗത്ത് വിദഗ്ധ സംഘത്തെ ആദ്യമായാണ് ഹറം പരിസരങ്ങളില്‍ നിയമിക്കുന്നത്.
ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും സഹായത്തിന് പൊലിസ് നായകളേയും ഒരുക്കിയിട്ടുണ്ട്. വിദഗ്ധ സംഘം വാഹനങ്ങളും ലഗേജുകളും പരിശോധിക്കും. ആവശ്യമാണെങ്കില്‍ പൊലിസ് നായയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതുവരെ സംശയാസ്പദമായ കാര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
മക്കയിലെ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനും ഗതാഗതം കൂടുതല്‍ സുഗമമായി പോകുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും സഊദി സെക്യൂരിറ്റി ഏവിയേഷന്‍ നഗരത്തിനു മുകളിലൂടെ ഹെലികോപ്ടര്‍ പറത്തും. ഹെലികോപ്ടറില്‍ പറക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ റൂമിലേക്ക് വേണ്ട വിവരങ്ങള്‍ നല്‍കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അടിയന്തിര സാഹചര്യങ്ങളിലുമെല്ലാം പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാകും.
റമദാന്‍ വ്രതാവസാനം വരെ അത് തുടരുമെന്നും കേണല്‍ ഖാലിദ് മഹാരിബ് അറിയിച്ചു. ഹെലികോപ്ടറില്‍ ആധുനിക രീതിയിലുള്ള ക്യാമറ, മറ്റ് ഉപകരണങ്ങള്‍, മെഡിക്കല്‍ സപ്ലെ എന്നിവയും ഉണ്ട്. മെഡിക്കല്‍ അത്യാഹിതം ഉണ്ടാകുന്ന പക്ഷം രോഗികളെ ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദിവസം നിരവധി തവണ ഹെലികോപ്ടര്‍ സുരക്ഷാ പരിശോധന നടത്തുന്നുണ്ട്.
അതേസമയം തീര്‍ഥാടകര്‍ക്ക് പ്രയാസ രഹിതമായി ഉംറ നിര്‍വഹിക്കാന്‍ മികച്ച സൗകര്യങ്ങളാണ് മസ്ജിദുല്‍ ഹറാമില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രായം കൂടിയവരും അവശരുമായവര്‍ക്ക് റമദാനില്‍ ഉംറ കര്‍മങ്ങള്‍ ആശ്വാസത്തോടെ നിര്‍വഹിക്കാന്‍ പതിനയ്യായിരം വീല്‍ചെയറുകളാണ് ഇരുഹറം കാര്യാലയം ഒരുക്കിയത്.
ഇതൊടൊപ്പം 521 എണ്ണം വാടകക്ക് നല്‍കാനും സംവിധാനിച്ചിട്ടുണ്ടെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. സഅ്‌യ് നിര്‍വഹിക്കുന്ന മസ്അയുടെ ഒന്നാം നിലയിലാണിവ സൂക്ഷിക്കുന്നത്. സൗജന്യ വീല്‍ചെയറുകള്‍ ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കും.
കിങ് അബ്ദുല്‍ അസീസ് വഖഫിനടുത്ത് പടിഞ്ഞാറെ മുറ്റം, കിഴക്കേ മുറ്റം, ശുബൈക്ക എന്നിവിടങ്ങളില്‍ വീല്‍ചെയര്‍വിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സഫക്കടുത്ത് ഒന്നാം നിലയിലെ ഓഫീസില്‍ ഇലക്ട്രിക് വണ്ടികളുമുണ്ട്. ഇരുഹറം കാര്യാലയത്തിനു കീഴില്‍ വീല്‍ചെയറുകള്‍ക്കായി പ്രത്യേക വകുപ്പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വകുപ്പാണ് കുറ്റമറ്റ രീതിയില്‍ തീര്‍ഥാടകര്‍ക്ക് സേവനം ലഭ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."