കൊളംബസിന്റെ ലോകം
'1492 ഒക്‌ടോബര്‍ 12-നാണ് സ്പാനിഷ് നാവികനായ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാലുകുത്തിയത്.'' അമേരിക്ക കണ്ടെത്തിയ കൊളംബസിനെക്കുറിച്ച് ചരിത്രം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവരങ്ങള്‍ ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. അഞ്ചു നൂറ്റാണ്ടുകള്‍ക്കപ്പുറവും നിഗൂഢത നിറഞ്ഞ വിവാദ നായകനാണ് ക്രിസ്റ്റഫര്‍ കൊളംബസ്. ചരിത്രം സൃഷ്ടിച്ച നാവികന്‍, ദീര്‍ഘവീക്ഷണമുളള പ്രതിഭാശാലി, രാഷ്ട്ര നായകന്‍, പരാജയപ്പെട്ട ഭരണാധികാരി, അനുഭവജ്ഞാനമില്ലാത്ത വ്യവസായി, അനുകമ്പയില്ലാത്ത, അതിമോഹമുളള സാമ്രാജ്യത്വവാദി ഇങ്ങനെ പോകുന്നു ഇദ്ദേഹത്തിന്റെ വിശേഷണങ്ങള്‍.
അമേരിക്ക കണ്ടുപിടിച്ച അതിപ്രശസ്തനായ ഒരു നാവികന്‍ എന്ന നിലയില്‍ കൊളംബസിനെ എല്ലാവരും അറിയും. എന്നാല്‍ അതിരില്ലാത്ത ആത്മധൈര്യവും സാഹസികതയും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിക്കൊണ്ട് പുതിയൊരു ലോകം തന്നെ സംഭാവന ചെയ്ത ഈ മനുഷ്യന്‍, അടങ്ങാത്ത അഹങ്കാരത്തിനും മുന്‍കോപത്തിനും പണക്കൊതിക്കും അടിമപ്പെട്ട്, കപ്പലിറങ്ങിയ ഇടങ്ങളിലെ സാധുക്കളോട് കൊടിയ ക്രൂരതകള്‍ കാട്ടിയ ഒരു നികൃഷ്ടനായിരുന്നു എന്നതാണ് ചരിത്രം.
പില്‍ക്കാലത്ത് താന്‍ കണ്ടെത്തിയ ഭൂമിയിലെ - വെസ്റ്റിന്‍ഡീസില്‍ - ഗവര്‍ണറായി നിയമിതനായ കൊളംബസ് അവിടെ നടത്തിയ ദുര്‍ഭരണത്തിന്റെ കഥകള്‍ കേട്ടറിഞ്ഞ സ്‌പെയിനിലെ രാജാവ് ഒരു സാധാരണ കുറ്റവാളിയെപ്പോലെ ചങ്ങലയിട്ടു പൂട്ടിയാണ് അദ്ദേഹത്തെ നാട്ടില്‍ കൊണ്ടു വന്ന് ജയിലില്‍ ഇട്ടത്.
ഇറ്റലിയില്‍നിന്ന് പോര്‍ച്ചുഗല്ലിലേക്ക്
കൊളംബസ് ഏതു രാജ്യക്കാരനായിരുന്നു? ഉത്തരങ്ങള്‍ നിരവധിയാണ്. 1451 ഒക്‌ടോബര്‍ 30-ന് ഇറ്റലിയിലെ ജെനോവയിലാണ് കൊളംബസ് ജനിച്ചതെന്ന് ഭൂരിപക്ഷം ചരിത്രകാരന്മാരും പറയുന്നു. എന്നാല്‍ ഇത്തരം വസ്തുതകള്‍ ഇന്നും കടലിന്റെ വഴികള്‍ പോലെ നിഗൂഢമായി നിലനില്‍ക്കുന്നു എന്നതാണ് സത്യം. കൊളംബസ് ഒരിക്കലും തന്റെ പൗരത്വം വെളിപ്പെടുത്തിയിരുന്നില്ലത്രേ!
കടല്‍ വഴിയുളള വ്യാപാരത്തിന് പ്രസിദ്ധമായിരുന്ന പ്രദേശമായിരുന്നു ജനോവ. അച്ഛന്‍ നെയ്ത്തുകാരനായ ഡൊമിനികോ കൊളംബോയും അമ്മ സൂസന്ന ഫൊണ്ടാന റോസ്സയും മൂന്നു സഹോദരന്മാരുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അച്ഛനും മുത്തച്ഛനും തുടര്‍ന്നുവന്ന നെയ്ത്തു ജോലിയില്‍ കൊളംബസിന് ഒട്ടും താല്‍പര്യമില്ലായിരുന്നു. കടലില്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ തുറമുഖങ്ങളില്‍ നിറഞ്ഞുനിന്ന കപ്പലുകളിലും കടലിലുമായിരുന്നു കൊളംബസിനു കമ്പം.
14-ാം വയസില്‍ നാവികനായി പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് കൊളംബസ് തന്നെ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. പക്ഷേ ജോലിയുടെ സ്വഭാവം തീരെ മോശമായിരുന്നത്രേ. കുപ്രസിദ്ധമായ ഒരു കടല്‍കൊള്ള സംഘത്തിന്റെ കപ്പലിലായിരുന്നു കൊളംബസിന്റെ പ്രാരംഭ പരിശീലനം. എന്നായാലും ഈ പാരമ്പര്യം അദ്ദേഹം അവസാനംവരെ പരിരക്ഷിച്ചു. സുന്ധവ്യഞ്ജനങ്ങള്‍, ആഭരണങ്ങള്‍ നിറച്ച കപ്പലുകളിലായിരുന്നു എപ്പോഴും കുഞ്ഞു കൊളംബസിന്റെ കണ്ണുകള്‍.
1470-ല്‍ അദ്ദേഹത്തിന്റെ കുടുംബം ജനോവയില്‍നിന്ന് സവോനയിലേക്കു മാറി താമസിച്ചു. 1473 മുതല്‍ ഒരു കപ്പല്‍ വ്യാപാരിയോടൊപ്പമായിരുന്നു കൊളംബസ് ജോലി ചെയ്തിരുന്നത്. ഇതേ വ്യാപാരിയുടെ കീഴില്‍ ഒരു വ്യാപാരാവശ്യത്തിനായി 1476-ല്‍ തന്റെ 25-ാം വയസില്‍ ഏഴ് ഇറ്റാലിയന്‍ കപ്പലുകള്‍ ചേര്‍ന്ന ഒരു സഖ്യത്തോടൊപ്പം അദ്ദേഹം പോര്‍ച്ചുഗീസിലേക്കു പോയി. ഏതാണ്ട് തീരത്തടുക്കാറായപ്പോഴേക്കും കപ്പല്‍പ്പടയെ പോര്‍ച്ചുഗീസ് കടല്‍കൊള്ളക്കാര്‍ ആക്രമിച്ചു.
നിരവധിപേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട കൊളംബസ് ഒരു പങ്കായത്തിന്റെ സഹായത്തോടെ ആറു മൈല്‍ താണ്ടി യൂറോപ്യന്‍ നാവികരുടെ സമ്മേളന നഗരമായ ലിസ്ബണില്‍ എത്തിച്ചേര്‍ന്നു. കൊളംബസിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി ഈ കപ്പലപകടം. തുടര്‍ന്ന് ലിസ്ബണില്‍ സ്ഥിരതാമസമാക്കി. അവിടെവച്ചാണ് കടല്‍യാത്രകളെക്കുറിച്ച് കൂടുതല്‍ അറിവു ലഭിച്ചത്. ലിസ്ബണില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം 1479-ല്‍ പോര്‍ട്ടോ സാന്റോയിലെ ഗവര്‍ണറുടെ മകളായ ഫിലിപ മോണിസ് പരെസ്‌ട്രെല്ലോയെ വിവാഹം കഴിച്ചു.
ഏഷ്യയിലേക്ക് അറേബ്യ വഴി
സമുദ്രാനന്തര ദേശങ്ങള്‍ തേടിയുളള സാഹസിക യാത്രകളും കടല്‍ വഴിയുളള വ്യാപാരവും വ്യാപകമാക്കാനുളള മോഹമാണ് കൊളംബസിനെ ഒരു പര്യവേഷകനാകാന്‍ പ്രേരിപ്പിച്ചത്. കടല്‍യാത്രകള്‍ക്കായി എളുപ്പമുളള പാതകള്‍ കണ്ടെത്തുന്നതിലൂടെയായിരുന്നു ആ കാലഘട്ടത്തില്‍ ചില നാവികര്‍ പണം സമ്പാദിച്ചിരുന്നത്. ഭൂപടരചനയും പുസ്തകവ്യാപാരവും തൊഴിലാക്കിയ കൊളംബസിനും ഇതേ ആശയം തന്നെയായിരുന്നു. വ്യാപാര സിരാകേന്ദ്രമായിരുന്ന ഏഷ്യയിലേക്ക് അറേബ്യ വഴി ഒരു മാര്‍ഗം കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1485-ല്‍ അറ്റ്‌ലാന്റിക് സമുദ്രം വഴി ഏഷ്യയിലെത്തുന്ന ഒരു പദ്ധതി പോര്‍ച്ചുഗല്‍ രാജാവായിരുന്ന ജോണ്‍ രണ്ടാമനു മുന്നില്‍ കൊളംബസ് അവതരിപ്പിച്ചു.
ആദ്യതവണ ആ അപേക്ഷ നിഷേധിച്ചു. മാരിനസ് ഓഫ് ടയര്‍ എന്ന അളവു രീതിയെയാണ് കൊളംബസ് അവലംബിച്ചിരുന്നത്. ഇതു തെറ്റായ രീതിയായിരുന്നു. കൊളംബസിന്റെ വിശ്വാസത്തില്‍ 25, 255 കിലോമീറ്ററായിരുന്നു ഭൂമിയുടെ ചുറ്റളവ്. എന്നാല്‍ ഇത് ഏതാണ്ട് 40,000 കിലോമീറ്റര്‍ വരുമെന്ന് രണ്ടാം നൂറ്റാണ്ടില്‍തന്നെ ഇറാസ്‌തോസ്‌തെനിസ് കണ്ടെത്തിയിരുന്നു. തെറ്റായ കണക്കുകൂട്ടലുകളാണ് കൊളംബസിന്റേതെന്ന കാരണത്താലാണ് പോര്‍ച്ചുഗീസ് ഭരണകൂടം അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചത്.
തുടര്‍ന്ന് 1488-ല്‍ അദ്ദേഹം ഇതേ കാര്യത്തിനായി പോര്‍ച്ചുഗീസ് കോടതിയെ സമീപിച്ചു. എന്നാല്‍ അതും വൃഥാവിലായി. പിന്നീട് ഇംഗ്ലണ്ടില്‍നിന്ന് അനുവാദത്തിനായി സഹോദരന്‍ കൊളംബസ് ബാര്‍ത്തലോമ്യാ (1460 - 1514) വഴി ശ്രമം നടത്തി. കുറെ ആലോചനകള്‍ക്കു ശേഷം ഹെന്റി രണ്ടാമന്‍ അനുമതി നല്‍കിയപ്പോഴേക്ക് സ്‌പെയിനിനു വേണ്ടി ആ ദൗത്യം കൊളംബസ് ഏറ്റുകഴിഞ്ഞിരുന്നു.
1489-ല്‍ ഈ ആശയങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാതിരിക്കാനായി കൊളംബസിന് വര്‍ഷത്തില്‍ ഒരു നിശ്ചിത തുക നല്‍കാന്‍ സ്‌പെയിന്‍ ഭരണകൂടം തീരുമാനിച്ചു. കൂടാതെ സ്‌പെയിനിലെ പ്രധാന നഗരങ്ങളില്‍ അദ്ദേഹത്തിന്റെ താമസവും ഭക്ഷണവും സൗജന്യമാക്കി. 1492-ലാണ് കൊളംബസിന്റെ യാത്രയ്ക്കുളള സാഹചര്യം ഒത്തുവന്നത്.
വന്‍കര കണ്ടെത്താന്‍
1492 ഓഗസ്റ്റ് 3ന് സാന്റാ മരിയ എന്ന വലിയ കൊടിക്കപ്പലും പിന്റ, നീന എന്നീ രണ്ടു ചെറിയ കപ്പലുകളും 90 പേര്‍ അടങ്ങുന്ന (സാന്റാ മരിയയില്‍ 40തും പിന്റയില്‍ 26-ഉം നീനയില്‍ 24-ഉം നാവികരാണുണ്ടായിരുന്നത്) ഒരു ചെറു സംഘവുമായി ചരിത്ര പ്രധാനമായ തന്റെ നാവികയാത്ര പാലോസ് എന്ന തുറമുഖത്തുനിന്ന് ആരംഭിച്ചു. ഒരു വര്‍ഷത്തേക്കു വേണ്ട ആഹാരവും വെള്ളവും ശേഖരിച്ചിരുന്നു. ഇന്ത്യയിലേക്കും ചൈനയിലേക്കും പുതിയ വഴി കണ്ടെത്തുകയെന്ന ലക്ഷ്യം മാത്രമേ ഈ യാത്രയ്ക്കുണ്ടായിരുന്നുളളു എന്നതിനാല്‍ ആയുധങ്ങള്‍ കരുതിയിരുന്നില്ല. ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും ചൈനയിലെ മഹാനായ ഖാന്‍ ചക്രവര്‍ത്തിക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സ്‌പെയിനിലെ ഫെര്‍ഡിനാന്‍ഡ് രാജാവിന്റെ കത്തും കൊളംബസ് സൂക്ഷിച്ചിരുന്നു. ഈ യാത്ര സംബന്ധിച്ച എല്ലാ വിവരങ്ങളും കൊളംബസ് കപ്പലിലെ ലോഗ് ബുക്കില്‍ കുറിച്ചുവച്ചിരുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ രണ്ടുമാസത്തിലധികം നീണ്ടുനിന്ന, അപകടങ്ങള്‍ നിറഞ്ഞ യാത്രയ്ക്കു ശേഷം ഒക്‌ടോബര്‍ 12ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ റോഡ്രിജോ ഡി ട്രിയാന എന്ന നാവികന്‍ ദൂരെ ഒരു കര കൊളംബസിനു ചൂണ്ടിക്കാണിച്ചു കൊടുത്തു. ആ ദ്വീപിന് കൊളംബസ് സാന്‍ സാല്‍വഡോര്‍ (ഇന്നത്തെ ബഹാമാസ്) എന്നു പേരു നല്‍കി. അവിടത്തെ സ്ഥലവാസികള്‍ ഗുവാനഹാനി എന്നും അറിയപ്പെട്ടു. എന്നാല്‍ ബഹാമയിലെ ഏതു ദ്വീപാണിതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഒക്‌ടോബര്‍ 12ന് ഈ കരയിലെത്തിയതിനെക്കുറിച്ച് കൊളംബസ് പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി: ഇവിടെയുള്ളവര്‍ക്ക് മതമോ വിഗ്രഹാരാധനയോ ഇല്ല. ഏറെ മാന്യരായ ഇന്നാട്ടുകാര്‍ക്ക് കാപട്യമെന്തന്നറിയുക പോലുമില്ല. മോഷ്ടിക്കാനോ കൊല്ലാനോ അറിയാത്ത ഇവരുടെ പക്കല്‍ ആയുധങ്ങളുമില്ല.
പടിഞ്ഞാറന്‍ ഇന്ത്യ
ഒക്‌ടോബര്‍ 28-ന് കൊളംബസ് ക്യൂബയുടെയും ഡിസംബര്‍ 5 ന് ഹിസ്പാനിയോളയുടെയും തീരത്തെത്തി. താന്‍ കണ്ടെത്തിയ രാജ്യം ഇന്ത്യ തന്നെ എന്ന ബലമായ വിശ്വാസവുമായാണ് കൊളംബസ് ദ്വീപുകളില്‍ എത്തിയത്. അതുകൊണ്ടാണ് ആ ദ്വീപുകളെ പടിഞ്ഞാറന്‍ ഇന്ത്യ (ണലേെ കിറശല)െ എന്നു വിളിച്ചത്. ഇന്നും ഈ പേരിലാണ് ഈ ദ്വീപുകള്‍ അറിയപ്പെടുന്നത്. 1493 ജനുവരിയില്‍ കൊളംബസ് സ്‌പെയിനിലേയ്ക്കു തിരിച്ചു. എന്നാല്‍ ശക്തമായ കൊടുങ്കാറ്റില്‍ കപ്പല്‍ ലിസ്ബണിലേക്കു തിരിച്ചു വിടേണ്ടി വന്നു. ഒരാഴ്ച അവിടെ കഴിഞ്ഞശേഷം 1493 മാര്‍ച്ച് 15ന് കൊളംബസ് സ്‌പെയിനില്‍ തിരിച്ചെത്തി. കൊട്ടാരത്തിലെത്തിയ കൊളംബസിനെ ഫെര്‍ഡിനന്റ് രാജാവും ഇസബെല്ല രാജ്ഞിയും എഴുന്നേറ്റ് ചെന്ന് കൈപിടിച്ചു സ്വീകരിച്ചു. കൊളംബസിന്റെ പുതിയ കണ്ടുപിടിത്തം ലോകം മുഴുവന്‍ വ്യാപിച്ചത് പെട്ടെന്നായിരുന്നു. തുടര്‍ന്നു മൂന്നു തവണ (1493 - 96, 1498 - 1500, 1502 - 1504) അദ്ദേഹം ഇവിടേയ്ക്ക് യാത്രകള്‍ നടത്തി.
പതിനേഴ് കപ്പലുകളില്‍ തന്റെ നേതൃത്വത്തിലുളള 1500 സാഹസികരുമായി കൊളംബസ് 1493 സെപ്റ്റംബര്‍ 25ന് രണ്ടാമത്തെ നാവിക യാത്ര ആരംഭിച്ചു. ഈ യാത്രയില്‍ ഇദ്ദേഹം ഡൊമനിക്കാ, പ്ലൂട്ടോറിക്കേ തുടങ്ങിയ സ്ഥലങ്ങള്‍ കണ്ടെത്തി. താന്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ ക്രിസ്തുമതപ്രചാരണം നടത്തിക്കൊള്ളാമെന്നും വാണിജ്യപരമായി സ്‌പെയിനിനു വമ്പിച്ച നേട്ടമുണ്ടാക്കാമെന്നും മറ്റുമുളള കരാറുകളില്‍ ഫെര്‍ഡിനാന്‍ഡും ഇസബെല്ലയുമായി കൊളംബസ് ഒപ്പുവച്ചിരുന്നു. പകരം ഈ പ്രദേശങ്ങളിലെ വൈസ്രോയി സ്ഥാനവും വാണിജ്യ നേട്ടങ്ങളുടെ പത്തിലൊന്നും അവര്‍ കൊളംബസിന് വാഗദാനം ചെയ്തു. പക്ഷേ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റുവാന്‍ കൊളംബസിന് സാധിച്ചില്ല. 1495ല്‍ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സ്‌പെയിനില്‍നിന്ന് നിയമിതനായ ഒരു ഉദ്യോഗസ്ഥനോടൊപ്പം കൊളംബസിന് ആവശ്യമായ വിശദീകരണം നല്‍കാന്‍ സ്‌പെയിനിലേക്കു തന്നെ മടങ്ങേണ്ടതായും വന്നു. മൂന്നാമത്തെയും നാലാമത്തെയും നാവിക യാത്രയ്ക്കുളള പണമുണ്ടാക്കാന്‍ ഇദ്ദേഹത്തിന് വളരെയധികം ക്ലേശിക്കേണ്ടതായും വന്നു.
കൊടുങ്കാറ്റിനോട് തോറ്റ്...
മൂന്നാമത്തെ നാവികയാത്ര (1498 - 1500)യില്‍ ട്രിനിഡാഡും തെക്കേ അമേരിക്കയുടെ പ്രധാന ഭാഗവും കണ്ടുപിടിച്ചു. പക്ഷേ ഒരു ഗവര്‍ണര്‍ എന്ന നിലയിലും ഒരു ഭരണാധികാരിയെന്ന നിലയിലും കൊളംബസ് ഒരു പരാജയമായിത്തീര്‍ന്നതു കൊണ്ട് അവിടെ സമാധാനം സ്ഥാപിക്കാനായി സ്‌പെയിനില്‍നിന്ന് ഉദ്യോഗസ്ഥരെ അയക്കേണ്ടി വന്നു. അവസാനം കൊളംബസിനെ അറസ്റ്റു ചെയ്തു നാട്ടിലേക്കയച്ചു. വീണ്ടും രാജാവിന്റെ പ്രീതിക്കു പാത്രമായെങ്കിലും നാടുകള്‍ ഭരിക്കാനുളള ഇദ്ദേഹത്തിന്റെ അവകാശം പിന്‍വലിക്കപ്പെട്ടു.
സ്വര്‍ണം കണ്ടെത്താനുളള കൊളംബസിന്റെ നാലാമത്തെ യാത്ര (1502 - 1504) 1502 മെയ് 11-നായിരുന്നു. മാര്‍ട്ടിനെക്കിലും ഹിസ്പാനിയോളയിലും സാന്റോ ഡൊമിംഗോയിലും എത്തിയ അദ്ദേഹം കൊടുങ്കാറ്റ് വരുമെന്ന മുന്നറിയിപ്പു നല്‍കിയെങ്കിലും അന്നത്തെ പുതിയ ഗവര്‍ണര്‍ അത് അംഗീകരിച്ചില്ല.
ശക്തമായ കൊടുങ്കാറ്റില്‍ കൊളംബസിന്റെ കപ്പല്‍ ചെറിയ കേടുപാടുകളോടെ രക്ഷപ്പെട്ടെങ്കിലും ജൂണ്‍ 29-ന് ഗവര്‍ണറുടെ കീഴിലുണ്ടായിരുന്ന 30 കപ്പലുകളില്‍ 29 എണ്ണവും തകര്‍ന്നു വീണു. തുടര്‍ന്നു ജമൈക്കയില്‍ ചെറിയ ഇടവേളയില്‍ താമസിച്ച ശേഷം സെന്‍ട്രല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്ത് അദ്ദേഹം ജൂലൈ 30-ന് ഹോണ്ടുറാസിലെത്തി. ഓഗസ്റ്റ് 4-ന് അദ്ദേഹം അമേരിക്കയുടെ പ്രധാന തീരത്തെത്തി. ഒക്‌ടോബര്‍ 16-ന് പനാമയിലെത്തുന്നതിന് മുമ്പ് കൊളംബസ് നിക്കരാഗ്വേ, കോസ്റ്ററീക്ക എന്നിവിടങ്ങളിലുമെത്തി. 1502-ല്‍ അന്നേവരെ അഭിമുഖീകരിക്കാത്ത ശക്തമായ കൊടുങ്കാറ്റിനെ കൊളംബസിനും കൂട്ടര്‍ക്കും നേരിടേണ്ടി വന്നു. തുടര്‍ച്ചയായ പേമാരിയിലും കൊടുങ്കാറ്റിലും പെട്ട് അദ്ദേഹത്തിന്റെ നാലു കപ്പലുകളും ഒന്നായി തകര്‍ന്നു മുങ്ങി. നരഭോജികളായ പ്രാകൃത വര്‍ഗ്ഗങ്ങള്‍ അധിവസിച്ചിരുന്ന വന്യതീരങ്ങളില്‍ വേണ്ടത്ര ആഹാരമോ വസ്ത്രമോ ഇല്ലാതെ നിരവധി മാസങ്ങള്‍ കൊളംബസും സംഘവും അലഞ്ഞു തിരിഞ്ഞു.
ഒടുവില്‍ താന്‍ സ്ഥാപിച്ച ആദ്യത്തെ കോളനിയില്‍നിന്നു കേണിരന്നു വാങ്ങിയ ഒരു പഴയ കപ്പലില്‍ യാത്ര ചെയ്ത് 1504 നവംബര്‍ 7-ന് കൊളംബസ് സ്‌പെയിനില്‍ തിരിച്ചെത്തി. മാനസികമായും ശാരീരികമായും അങ്ങേയറ്റം തകര്‍ന്ന സ്ഥിതിയിലായിരുന്നു കൊളംബസ്.സ്വീകരിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.
രാജാവിനെ മുഖം കാണിക്കാനുളള അനുവാദം പോലും കൊളംബസിന് ലഭിച്ചില്ല. പുതിയതായി കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് വാണിജ്യത്തിലൂടെ ലഭിച്ച സമ്പത്തിന്റെ പത്തുശതമാനം ഉപയോഗിച്ച് കൊളംബസ് ശിഷ്ടായുസ് കഴിച്ചുകൂട്ടി. പക്ഷേ പരമ്പരാഗതമായി തനിക്കു നല്‍കാമെന്നേറ്റിരുന്ന വൈസ്രോയി സ്ഥാനം നിഷേധിച്ച ഗവണ്‍മെന്റിന്റെ നടപടിയില്‍ അദ്ദേഹത്തിന് പ്രതിഷേധമുണ്ടായിരുന്നു. 1506 മെയ് 20-ന് സ്‌പെയിനിലെ വല്ലഡോലിസ് എന്ന സ്ഥലത്തുവച്ച് കൊളംബസ് അന്തരിച്ചു.
അമേരിക്കന്‍ വന്‍കരകളും സമീപ ദ്വീപുകളും ചേര്‍ത്തു ന്യൂവേള്‍ഡ് കണ്ടത്തിയ യൂറോപ്യന്‍ എന്ന് കൊളംബസ് വിശേഷിപ്പിക്കുപ്പെടുന്നുണ്ട്. പക്ഷേ ഇവിടേയ്ക്ക് ആദ്യമായി എത്തിയത് നോഴ്‌സ് പര്യവേഷകന്‍ ആയിരുന്ന ലെയ്ഫ് എറിക്‌സണ്‍ (11-ാം നൂറ്റാണ്ട്) ആണെന്ന് കരുതപ്പെടുന്നു. ഏഷ്യ (ഇന്ത്യ)യെന്നു കരുതി 1492-ല്‍ അദ്ദേഹം എത്തിച്ചേര്‍ന്നത് അന്നുവരെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു വന്‍കരയായിരുന്നു. സ്‌പെയിനിന്റെ കോളനിയായി താന്‍ കണ്ടെത്തിയ ദ്വീപുകളെ മാറ്റിയതിന് അദ്ദേഹം പ്രധാന കാരണക്കാരനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."