മരട് ഫ്‌ളാറ്റ് ക്രമക്കേടുകള്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ കുടുങ്ങും; മൂന്നുമാസത്തിനകം കുറ്റപത്രം
കൊച്ചി: മരട് ഫ്‌ളാറ്റ് ബന്ധപ്പെട്ട് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ കുടുങ്ങും. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് നീളുകയാണ്.
ഇതിന്റെ ഭാഗമായി മുന്‍ നഗരസഭ സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ ചോദ്യം ചെയ്യും. ഫ്‌ളാറ്റിന് അനധികൃതമായി അനുമതി നല്‍കിയ മുന്‍ നഗരസഭാ സെക്രട്ടറിയാണ് അഷ്‌റഫ്.
ചട്ടവിരുദ്ധ പ്രവര്‍ത്തനം ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഷ്‌റഫിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് വ്യാഴാഴ്ച ഇയാളെ ചോദ്യം ചെയ്യുക.
ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഓഫിസുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി.
ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.
കേസില്‍ മൂന്നുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. കഴിഞ്ഞ മാസമാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിങ്ങനെ നാലു ഫ്‌ളാറ്റുകളുടെ നിര്‍മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികള്‍.
മരട്, പനങ്ങാട് പൊലിസ് സ്റ്റേഷനുകളിലാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വഞ്ചനയ്ക്കും നിയമലംഘനം മറച്ചുവച്ച് വില്‍പ്പന നടത്തിയതിനുമാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ മാത്രമല്ല കുറ്റക്കാരെന്നും ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഐ.ജി. ഓഫിസില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം നടത്തി അന്വേഷണ പരുരോഗതി വിലയിരുത്തിയിരുന്നു.
കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഇതിന്റെ ആദ്യനടപടിയായാണ് മുന്‍ നഗരസഭാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."