വീണ്ടും മഴനാളുകള്‍; തുലാവര്‍ഷം അടുത്ത ആഴ്ചയോടെ
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഈ മാസം പകുതിയോടെ മഴയുണ്ടാകുമെന്നും തുലാവര്‍ഷം 18നും 20നും മധ്യേ എത്തുമെന്നുമാണ് ചില കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
തുലാമഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉടന്‍ രൂപപ്പെടുമെന്നാണ് കരുതുന്നത്.
എം.ജെ.ഒ എന്ന ആഗോള മഴപ്പാത്തി ഇന്ത്യയ്ക്ക് അനുകൂലമാകുന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇതുള്‍പ്പെടെ മറ്റ് അനുകൂല സാഹചര്യങ്ങളും കാറ്റും ഒത്തുവന്നാല്‍ തുലാവര്‍ഷം കേരളത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം വൈകി വരികയും വൈകി പിന്‍മാറുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്തവണയുണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതിന്റെ പിന്‍വാങ്ങല്‍ സൂചന കണ്ടു തുടങ്ങിയിട്ടുണ്ട്.
വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍നിന്ന് കാലവര്‍ഷം പിന്‍വാങ്ങിത്തുടങ്ങി. മധ്യ, കിഴക്കേ ഇന്ത്യന്‍ ഭാഗങ്ങളില്‍ അല്‍പകാലം തുടരുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തിലാണ് ഏറ്റവും അവസാനം ഈ പ്രക്രിയ നടക്കുന്നത്. തുലാവര്‍ഷം ഇത്തവണ നല്ല തോതില്‍ ലഭിക്കുമെന്ന് തന്നെയാണ് വിവിധ കാലാവസ്ഥാ നിരീക്ഷണങ്ങള്‍ നല്‍കുന്ന സൂചന. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. എന്നാല്‍ ന്യൂനമര്‍ദ സാധ്യത ഇതിനെ അട്ടിമറിച്ചേക്കുമെന്നുള്ള ആശങ്കയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."