ഹജ്ജ് പോളിസിയിലെ കപ്പല്‍ സര്‍വിസ് തുടങ്ങിയില്ല
കൊണ്ടോട്ടി: ഇന്ത്യയില്‍നിന്നുളള ഹജ്ജ് വിമാന സര്‍വിസിന് നിരക്ക് നിയന്ത്രിക്കാന്‍ ഹജ്ജ് പോളിസിയില്‍ ഉള്‍പ്പെടുത്തിയ കപ്പല്‍ സര്‍വിസ് നടപ്പാക്കാതെ കേന്ദ്രം വിമാന കമ്പനികള്‍ക്കു ലാഭം കൊയ്യാന്‍ വീണ്ടും കളമൊരുക്കുന്നു.
ഹജ്ജ് 2018-22 വര്‍ഷത്തെ പോളിസിയില്‍ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് എംപാര്‍ക്കേഷന്‍ കുറച്ച് ചെലവ് കുറഞ്ഞ കപ്പല്‍ സര്‍വിസുകള്‍ തീര്‍ഥാടകരുടെ യാത്രക്കായി ഒരുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ഇതിനായി ഹജ്ജ് എംപാര്‍ക്കേഷന്‍ ഒമ്പതായി ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യവര്‍ഷം കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ കഴിയാതെ വന്നതോടെ എംപാര്‍ക്കേഷന്‍ 21 ആക്കി ഉയര്‍ത്തി വിമാന സര്‍വിസ് തുടര്‍ന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഹജ്ജിനും വരുന്ന 2020 ഹജ്ജിനും പോളിസിയില്‍ ഉള്‍പ്പെട്ട കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല.
ഇതോടെ ഈ വര്‍ഷവും വിമാന കമ്പനികളുടെ പൊള്ളുന്ന ടിക്കറ്റ് നിരക്ക് നല്‍കി തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകേണ്ടി വരും.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രം കപ്പല്‍സര്‍വിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഹജ്ജ് സബ്‌സിഡി പൂര്‍ണമായും വിമാന കമ്പനികള്‍ക്കു നല്‍കിയിരുന്നു. സബ്‌സിഡി നിര്‍ത്തിയതോടെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കിയാണ് തീര്‍ഥാടകര്‍ ഹജ്ജിനു പോകുന്നത്. ഓരോ വര്‍ഷവും നിരക്ക് ഉയര്‍ന്നുവരുന്നതും ഹജ്ജിന്റെ ചെലവേറ്റുന്നുണ്ട്.
നിലവില്‍ ഇന്ത്യയില്‍ 21 എംപാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. ഈ വര്‍ഷം മുതല്‍ വിജയവാഡ കൂ എംപാര്‍ക്കേഷന്‍ പോയിന്റായി മാറ്റിയിട്ടുണ്ട്. ഇതോടെ 22 കേന്ദ്രങ്ങളില്‍നിന്ന് ഹജ്ജ് തീര്‍ഥാടകര്‍ പുറപ്പെടും.
ജയ്പൂര്‍, നാഗ്പൂര്‍, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗളുരു, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ശ്രീനഗര്‍, ഗോഹട്ടി, റാഞ്ചി, ഗയ, ഇന്‍ഡോര്‍, ഭോപ്പാല്‍, വാരണാസി, ലഖ്‌നൗ, ഗോവ, ഔറംഗബാദ് എന്നിവയാണ് നിലവിലെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകള്‍. 1995 വരെ ഇന്ത്യയില്‍ ഹജ്ജിന് കപ്പല്‍ സര്‍വിസുകളുണ്ടായിരുന്നു.
പിന്നീടാണ് ഇത് പൂര്‍ണമായും ഉപേക്ഷിച്ചത്.
ഹജ്ജ് സബ്‌സിഡി ലഭിച്ചിരുന്നതിനാല്‍ കപ്പല്‍ യാത്രക്ക് തീര്‍ഥാടകര്‍ കുറയുകയായിരുന്നു. എന്നാല്‍ 2013 മുതല്‍ ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി കുറച്ചതോടെ തീര്‍ഥാടനത്തിന് ചെലവേറിത്തുടങ്ങി.
2017 മുതല്‍ സബ്‌സിഡി പൂര്‍ണമായും എടുത്തുകളഞ്ഞു.
എന്നാല്‍ ചെലവ് കുറഞ്ഞ കപ്പല്‍ സര്‍വിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും പോളിസിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും പുതിയ ഹജ്ജ് നടപടികള്‍ ആരംഭിക്കാനൊരുങ്ങുമ്പോഴും കേന്ദ്രം മൗനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."