ന്യൂജെന്‍ ബൈക്കുകള്‍ യുവാക്കളുടെ ജീവന് ഭീഷണിയാകുന്നു
ഹരിപ്പാട്: ദേശീയ പാത മുതല്‍ ഗ്രാമീണ റോഡുകള്‍ വരെ ചെവിതുളക്കുന്ന ശബ്ദത്തില്‍ ചീറീപ്പായുന്ന ന്യൂജെന്‍ ഗണത്തില്‍പ്പെട്ട ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാര്‍ക്കും യാത്രികനും ഒരേപോലെ ഭീഷണിയാകുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാവിലെ നങ്ങ്യാര്‍കുളങ്ങരയില്‍ നടന്നത്.
കോയമ്പത്തൂരില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ശങ്കര്‍ കുമാറും കിരണ്‍ കൃഷ്ണനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നങ്ങ്യാര്‍കുളങ്ങര ജങ്ഷനു സമീപം നടന്ന അപകടത്തില്‍പ്പെടുകയും ഇരുവരുടെയും ജീവന്‍ നഷ്ടമാകുകയും ചെയ്തു. അമിത വേഗത്തില്‍ പാഞ്ഞു വന്ന ഇവര്‍ സഞ്ചരിച്ചരുന്ന വാഹനം എതിര്‍ ദിശയില്‍ നിന്നും വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ട്രാഫിക് പൊലിസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരത്തുകളില്‍ കര്‍ശന പരിശോധന നടത്തിയിട്ടും അപകടങ്ങള്‍ക്ക് കുറവില്ല. കായംകുളത്തിനും അമ്പലപ്പുഴയ്ക്കും മധ്യേയാണ് പോയ വര്‍ഷങ്ങളില്‍ കൂടുതലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കരൂര്‍, കരുവാറ്റാ വഴിയമ്പലം വളവ്, മാധവ ജങ്ഷന്‍, ആശുപത്രിപ്പടി, നാരകത്തറ ജങ്ഷന്‍, ഡാണാപ്പടി, നങ്ങ്യാര്‍കുളങ്ങര, കരീലക്കുളങ്ങര ഈ മേഖലകളിലാണ് അപകടം നിത്യസംഭവമായി മാറുന്നത്.
റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതും വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും തന്നെയാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണം.
ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും മൊബൈല്‍ ഫോണും പല അപകടങ്ങളിലും വില്ലനായി മാറാറുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ കുട്ടികള്‍ക്ക് വാഹനങ്ങള്‍ വാങ്ങി നല്‍കുന്ന രക്ഷകര്‍ത്താക്കളും ഒപ്പം ആകര്‍ഷകമായ പ്രലോഭനങ്ങളുമായി വ്യാപരമേള സംഘടിപ്പിക്കുന്ന വിതരണക്കാരും അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുവാന്‍ കാരണക്കാര്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."