ജോളി തന്നെ വിവാഹം കഴിച്ചത് സാമ്പത്തിക താല്‍പര്യം മാത്രം ലക്ഷ്യമിട്ട്: ഷാജു
കോടഞ്ചേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയായി ആരോപിക്കപ്പെടുന്ന ജോളി തന്നെ വിവാഹം കഴിച്ചത് സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ടെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയ. കോടഞ്ചേരി പുലിക്കയത്തെ വീട്ടില്‍വച്ച് സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു ഷാജു. ജോളിയുടെ താല്‍പര്യപ്രകാരം മാത്രമാണ് കല്യാണം നടന്നത്. താന്‍ ജോളിയുമായി പ്രണയത്തിലായിരുന്നുവെന്ന പ്രചാരണം തെറ്റാണ്. തന്റെ മകനും റോയിയുടെ മകനും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. അതിനാല്‍ റോയി മരിക്കുന്നതിന് മുന്‍പ് കൂടത്തായിയിലെ അവരുടെ വീട്ടില്‍ ഇടക്ക് പോയിട്ടുണ്ട്. എന്നാല്‍ താന്‍ നിത്യ സന്ദര്‍ശകനാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഷാജു പറഞ്ഞു.
ജോളി തിരക്കഥയെഴുതിയ നാടകത്തിലെ കഥാപാത്രങ്ങള്‍ മാത്രമാണ് തങ്ങളെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. താനും ജോളിയും അടുപ്പത്തിലാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ജോളി നിരന്തരം ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തന്റെ ആദ്യഭാര്യ സിലിക്ക് അന്ത്യചുംബനം നല്‍കുമ്പോള്‍ തന്നോടൊപ്പം ജോളിയും ചേര്‍ന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കകം തന്നെ ജോളിയുടെ പ്രവര്‍ത്തനങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി തോന്നിയിരുന്നു. ജോളി അമിതമായി ഫോണ്‍ വിളികള്‍ നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ രാത്രി രണ്ടുവരെ ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ താന്‍ അത് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമാണ് ജോളി തന്റെ കോടഞ്ചേരിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ജോളിയുമായുള്ള വിവാഹത്തിന് തനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും സിലിയുടെ സഹോദരന്‍ സിജോ നിര്‍ബന്ധിച്ചത് കൊണ്ടാണ് സിലി മരിച്ചു ഒരു വര്‍ഷത്തിനകം തന്നെ വിവാഹം നടന്നതെന്നും ഷാജു പറഞ്ഞു. തന്റെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുമല്ലോ എന്നോര്‍ത്താണ് വിവാഹത്തിന് സമ്മതിച്ചത്. ഇപ്പോഴും ജോളിയാണ് അവരെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കൂടെ കഴിയുമ്പോള്‍ യാതൊരു അസ്വാഭാവികതയും പെരുമാറ്റത്തില്‍ കണ്ടിരുന്നില്ല. ജോളിയുടെ സാമ്പത്തിക കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും വഴക്ക് കൂടേണ്ടെന്ന് വിചാരിച്ച് പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. എന്‍.ഐ.ടിയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞത് കള്ളമാണെന്ന് നാലു മാസം മുന്‍പാണ് അറിഞ്ഞത്. എന്‍.ഐ.ടിയിലേക്കാണെന്ന് പറഞ്ഞ് ബ്യൂട്ടി പാര്‍ലറിലേക്കായിരുന്നു ജോളി പോയിരുന്നത്. എല്ലാവരോടും നല്ല നിലയിലായിരുന്നു ജോളി പെരുമാറിയിരുന്നതെന്നും അവരെ പറ്റി യാതൊരാക്ഷേപവും ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും ഷാജു പറഞ്ഞു.
സിലി ഗര്‍ഭിണിയായിരുന്നപ്പോള്‍ ചിക്കന്‍പോക്‌സ് പിടിപെട്ടിരുന്നു. പിന്നീട് നിരവധി തവണ പലതരത്തിലുള്ള അവശതകളും രോഗലക്ഷണങ്ങളും സിലി കാണിച്ചിരുന്നു. മകള്‍ ആല്‍ഫൈന്‍ ജനിച്ചപ്പോള്‍ ശാരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിയെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സിലി മരിക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ആയുര്‍വേദ ചികിത്സ ആരംഭിച്ചിരുന്നു. ഇടയ്ക്കിടെ ഛര്‍ദിക്കുകയും അവശത കാണിക്കുകയും ചെയ്തിരുന്നു. അതിനാലാണ് ഇരുവരും മരിച്ചപ്പോള്‍ അസ്വാഭാവികത തോന്നാതിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നതിനും കാരണം ഇതാണ്.
താന്‍ വിവാഹം ചെയ്ത ശേഷം ജോളി ഗര്‍ഭഛിദ്രം നടത്തിയതായി അറിവില്ല. എന്നാല്‍ റോയിയുടെ ഭാര്യയായിരുന്ന കാലത്ത് ഗര്‍ഭഛിദ്രം നടത്തിയിരുന്നതായി ജോളി തന്നോട് വെളിപ്പെടുത്തിയിരുന്നു. കൊലപാതകങ്ങളില്‍ ജോളിക്ക് മാത്രമാണ് പങ്കുള്ളതെന്ന് വിശ്വസിക്കുന്നില്ല. കൂട്ടുപ്രതികള്‍ ഉണ്ടാകാം. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു.
താന്‍ നിരപരാധിയാണെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. താന്‍ കുറ്റം സമ്മതിച്ചെന്നും പൊട്ടിക്കരഞ്ഞെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്. ജോളിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ തന്നെ ചോദ്യം ചെയ്യുക മാത്രമാണ് ക്രൈംബ്രാഞ്ച് ചെയ്തത്. കേസില്‍ തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റെമോ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും ഷാജു സുപ്രഭാതത്തോട് പറഞ്ഞു.
അതിനിടെ പണത്തിനു വേണ്ടിയുള്ള അത്യാര്‍ത്തിയാണ് ജോളിയെ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് ഷാജുവിന്റെ പിതാവ് സക്കറിയ പറഞ്ഞു. ജോളിയുടെ ഇടപെടലുകളില്‍ യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ലെന്നും പൊലിസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും സക്കറിയ വ്യക്തമാക്കി.
ജോളി കസ്റ്റമര്‍ മാത്രമെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ
മുക്കം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളി മുക്കത്തെ തന്റെ ബ്യൂട്ടി പാര്‍ലറിലെ കസ്റ്റമര്‍ മാത്രമെന്നും ജീവനക്കാരിയല്ലെന്നും നടത്തിപ്പുകാരി സുലേഖ. എന്‍.ഐ.ടി അധ്യാപികയാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും സുലേഖ വെളിപ്പെടുത്തി. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സുലേഖ പറഞ്ഞു. മുക്കത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ജോളിയുമായി തനിക്ക് സൗഹൃദം പോലും ഉണ്ടായിരുന്നില്ല. അവര്‍ പാര്‍ലറില്‍ വരാറുണ്ടായിരുന്നു. എന്‍.ഐ.ടി അധ്യാപിക എന്നാണ് തന്നോടു പറഞ്ഞിരുന്നത്. അവരുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ലെന്നും സുലേഖ പറഞ്ഞു. ജോളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലിസ് വന്നിരുന്നു. അവര്‍ ഫോട്ടോ കാണിച്ചപ്പോള്‍ ഇവര്‍ ലക്ചറര്‍ അല്ലേയെന്നാണ് താന്‍ ചോദിച്ചത്. ജോളിയുടെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിട്ടില്ലെന്നും സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും സുലേഖ പറഞ്ഞു.
അന്വേഷണസംഘം നടത്തുന്നത് മൊഴികളുടെ വിശദ പരിശോധന
വടകര: കൂടത്തായി കൊലപാതകങ്ങളില്‍ നിലവില്‍ അന്വേഷണ സംഘത്തിനു ലഭിച്ച മൊഴികളുടെ വിശദ പരിശോധനയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തുന്നത്. ഇതില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഇനിമുതല്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുന്നൂറിലേറെ മൊഴികളാണ് സംഘം പരിശോധിക്കുന്നത്. ഇതില്‍തന്നെ ഓരോ കൊലപാതകങ്ങളിലും സംശയത്തിലുള്ളവരുടെ പങ്ക് അന്വേഷിക്കും.
ഇന്നലെ പയ്യോളിയിലെ അന്വേഷണ സംഘത്തിന്റെ ഓഫിസില്‍ കുടുംബാംഗങ്ങളില്‍ പലരും എത്തി മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ ആവശ്യമായവരെ വീണ്ടും വിളിപ്പിച്ച് കൂടുതല്‍ വ്യക്തത വരുത്തും. ആറു കൊലപാതകങ്ങളിലും കൃത്യമായ വിവരങ്ങള്‍ പൊലിസിന്റെ പക്കലുണ്ട്. ഇതില്‍ നിര്‍ണായകമാകുന്ന തെളിവുകളാണ് ഇനി വേണ്ടത്. ഇതിന് ബലം നല്‍കുന്ന മൊഴികളിലേക്കെത്തുകയാണ് അന്വേഷണ സംഘം.
അന്വേഷണം തുടങ്ങിയ ശേഷമുള്ള പ്രതികളുടെയും ഇവരുമായി ബന്ധമുള്ളവരുടെയും ഫോണ്‍ രേഖകളും പരിശോധിക്കും. നിരവധി സ്ഥലങ്ങളും, ഇപ്പോഴും പുറത്തേക്കു വരാത്ത ചിലരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജോളി തോമസിന് വലിയ ബന്ധങ്ങളുണ്ടെന്ന കാര്യം ഭര്‍ത്താവ് ഷാജു മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരം ആളുകളിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ല. ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതോടെ ഇത്തരക്കാരുടെ മൊഴി എടുക്കാന്‍ തുടങ്ങും. ഇന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പൊലിസ് നല്‍കും. തുടര്‍ന്നായിരിക്കും പുതിയ മൊഴികളുടെ അടിസ്ഥാനത്തിലുള്ള ചോദ്യചെയ്യല്‍. കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെയും പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും ഉദ്ദേശ്യമുണ്ട്. ഇതോടെ ചിത്രം വ്യക്തമാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അന്വേഷണം ടോം തോമസിന്റെ സഹോദരനിലേക്കും
കോഴിക്കോട്: കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മരിച്ച ടോം തോമസിന്റെ അനുജനും റിട്ട. അധ്യാപകനുമായ പി.ടി സക്കറിയാസിലേക്കും നീളുന്നു. ആറുപേരുടേയും കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് സക്കറിയക്ക് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഇത് സാധൂകരിക്കും വിധത്തിലുള്ള നിരവധി തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഒരു വര്‍ഷമായി സക്കറിയയുടെ മൊബൈല്‍ ഫോണിലേക്കു വരുന്ന കോളുകളും ജോളിയുടെ ഫോണിലേക്ക് വരുന്ന കോളുകളും പൊലിസ് പരിശോധിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സക്കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലുള്ള സക്കറിയയോട് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നും കോടഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിവിട്ട് പുറത്തേക്ക് പോവരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജോളിയുമായുള്ള അടുത്ത ബന്ധമാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്ക് ഇദ്ദേഹത്തെ നയിച്ചതെന്നാണ് കണ്ടെത്തല്‍. അന്നമ്മയുടെ മരണശേഷം സക്കറിയാസ് സ്ഥിരമായി ടോം തോമസിന്റെ വീട്ടില്‍ എത്താറുണ്ടായിരുന്നു. ഇവിടെവച്ച് ചിലര്‍ക്കൊപ്പം മദ്യപിക്കുകയും പതിവായിരുന്നു. സക്കറിയ വീട്ടില്‍ വരുന്നതിനെ ടോംതോമസ് പരസ്യമായി വിലക്കി. എന്നാല്‍ ടോംതോമസ് പുറത്ത് പോവുന്ന അവസരത്തിലെല്ലാം ഇയാള്‍ വീട്ടിലെത്തി. ഈ സാഹചര്യത്തിലായിരുന്നു സക്കറിയയും ജോളിയും അടുക്കുന്നതും കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നുമാണ് പൊലിസ് സംശയിക്കുന്നത്.
കുടുംബത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നടത്തുന്നത് അന്നമ്മയാണെന്നും അന്നമ്മയുടെ മരണശേഷം ജോളിയിലേക്ക് അധികാരം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതിലും സക്കറിയക്ക് പങ്കുണ്ടെന്നാണ് സംശയം. ജോളിയും ഷാജുവും തമ്മില്‍ പ്രണയത്തിലായിരുന്നില്ലെന്നും സക്കറിയയുടെ തിരക്കഥക്കനുസരിച്ച് മകന്‍ ഷാജു നില്‍ക്കുകയും തുടര്‍ന്ന് ജോളിയെ പുനര്‍വിവാഹം ചെയ്യുകയുമായിരുന്നെന്നുമാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."