കാട്ടാന ആക്രമണത്തില്‍ മരിച്ച സുനിലിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം
രാജാക്കാട്: ചിന്നക്കനാല്‍ സിങ്ങുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച നടയ്ക്കല്‍ സുനിലിന്റെ കുടുംബത്തുനു വനംവകുപ്പ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കാട്ടാനശല്ല്യം തടയുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുയര്‍ത്തിയ ജനകീയ സമിതിയുമായി ശാന്തന്‍പാറ സെക്ഷന്‍ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ ദേവികുളം റെയ്ഞ്ച് ഓഫിസര്‍ ആര്‍.സുരേഷ് ആണു ഇക്കാര്യം അറിയിച്ചത്.
സുനിലിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ സംരക്ഷണത്തിനായി ഭാര്യ അഞ്ജുവിനു സര്‍ക്കാര്‍ ജോലി നല്‍കുക, കാട്ടാന ആക്രമണം തടയുന്നതിനായി സിങ്ങുകണ്ടം പ്രദേശത്ത് വൈദ്യുത വേലി നിര്‍മ്മിക്കുക, ആനകളുടെ താവളമായിരുന്ന 301കോളനി ഒഴിപ്പിച്ച് പഴയതുപോലെ നിലനിര്‍ത്തുക, ആനയിറങ്കല്‍ അണക്കെട്ട് ജലാശയത്തിലെ യന്ത്രവല്‍കൃത ബോട്ടിങ്ങ് നിര്‍ത്തുക, മാര്‍ഗതടസം സൃഷ്ടിക്കുംവിധം റോഡരിക് തീര്‍ത്ത് ഹാരിസണ്‍ മലയാളം പ്‌ളാന്റേഷന്‍ സ്ഥപിച്ചിരിക്കുന്ന മുള്ളുകമ്പി വേലി മാറ്റിസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡി.എഫ്.ഒ മുഖാന്തിരം വനം വകുപ്പ് മന്ത്രിക്ക് നല്‍കുന്നതിനായി ഇരുനൂറോളം നാട്ടുകാര്‍ ഒപ്പിട്ട നിവേദനം തയാറാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതാധികൃതരുടെ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ റെയ്ഞ്ച് ഓഫീസര്‍ ശാന്തന്‍പാറയില്‍ വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെ യോഗത്തിലാണു നഷ്ടപരിഹാരത്തുക നല്‍കാമെന്ന് ഉറപ്പു കൊടുത്തത്.
അടിയന്തിരമായി പ്രദേശത്ത് വൈദ്യുത വേലി നിര്‍മ്മിക്കുമെന്നും, എച്.എന്‍.എല്‍ സ്ഥാപിച്ചിരിക്കുന്ന വേലി മാറ്റി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി. 301 കോളനി, ജലാശയത്തിലെ ബോട്ടിങ്ങ്, ആശ്രിത നിയമനം എന്നിവ സംബന്ധിച്ച് സര്‍ക്കാരാണു തീരുമാനിക്കേണ്ടതെന്നും, ഇക്കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. സെക്ഷന്‍ ഫോറസ്റ്റര്‍മാരായ ഗിരിചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവരും വനം വകുപ്പിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."