ഉദുമ ബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ പ്രതിസന്ധി
ഉദുമ: യു.ഡി.എഫിന്റെ കുത്തക ബാങ്കായ ഉദുമ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി ഐ.എന്‍.ടി.യു.സി നേതാക്കളായ പി.വി ഉദയകുമാര്‍, ചന്ദ്രശേഖരന്‍ തൃക്കണ്ണാട് എന്നിവര്‍ പറഞ്ഞു.
നിലവില്‍ 11 അംഗ ഭരണസമിതിയാണ്. ഇതില്‍ കോണ്‍ഗ്രസിന് 6 അംഗങ്ങളും മുസ്‌ലിം ലീഗിന് 5 അംഗങ്ങളും ഉണ്ട്. ഈമാസം 25നു നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ ലീഗ് 5 സീറ്റിലും കോണ്‍ഗ്രസ് 6 സീറ്റിലും സ്ഥാനാര്‍ഥികളെ കണ്ടെത്തും. ലീഗ് അവരുടെ 5 സ്ഥാനാര്‍ഥികളെ നിയോഗിച്ചുവെങ്കിലും കോണ്‍ഗ്രസ് ഇതുവരെ ബാങ്ക് പരിധിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിപുലമായ കണ്‍വന്‍ഷന്‍ പോലും വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
25നു നടക്കുന്ന തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ 11 അംഗ കമ്മിറ്റിയെ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഉദുമ കോണ്‍ഗ്രസ് ഓഫിസില്‍ ചേര്‍ന്ന ബ്ലോക്ക്-മണ്ഡലം ഭാരവാഹികളുടെ യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.
നിലവിലെ കോണ്‍ഗ്രസിലെ 6 ബാങ്ക് ഡയറക്ടര്‍മാരും മാറിനിന്ന് മറ്റുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കണമെന്നതായിരുന്നു യോഗത്തിലെ തീരുമാനം. ബാങ്ക് പരിധിയിലെ കോണ്‍ഗ്രസ് ബൂത്ത് കണ്‍വന്‍ഷന്‍ ചേര്‍ന്നു സ്ഥാനാര്‍ഥിയെ കണ്ടെത്താനും നിലവിലെ കോണ്‍ഗ്രസ് ബാങ്ക് ഡയറക്ടര്‍മാരുടെ മനഃസ്ഥിതി അറിയുന്നതിനും വേണ്ടിയാണ് 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. കമ്മിറ്റി നിലവിലെ ബാങ്ക് പ്രസിഡന്റും മുന്‍ ഡി.സി.സി പ്രസിഡന്റുമായ അഡ്വ. സി.കെ ശ്രീധരനെ സമീപിക്കുകയും അദ്ദേഹം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിച്ചു സ്വയം മാറിനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഡി.സി.സി ഭാരവാഹിയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വിദ്യാസാഗര്‍ മത്സരരംഗത്ത് ഉറച്ചുനിന്നതോടെ ഇത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ ലംഘനമാണെന്ന് പറഞ്ഞുകൊണ്ട് സി.കെ ശ്രീധരനും മത്സരരംഗത്തേക്ക് വീണ്ടും കടന്നുവരുകയുണ്ടായി.
നിലവിലെ ബോര്‍ഡ് മെമ്പര്‍മാരില്‍നിന്നു മറ്റുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു അവസരം ഒരുക്കുന്നതിനുവേണ്ടി സ്വയം മാറിനിന്നത് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ നായര്‍ മാത്രമാണ്. സി.കെ ശ്രീധരന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഡി.സി.സി ഭാരവാഹിയായ വി.ആര്‍ വിദ്യാസാഗര്‍ വീണ്ടും മത്സരരംഗത്തേക്കുവന്നത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
മറ്റുഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അവരുടെ മേഖലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം വിളിക്കാതെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു മാറ്റിനിര്‍ത്തുന്നതും ആ മേഖലകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. തീരദേശ മേഖല ഒരു കാലത്ത് യു.ഡി.എഫിന്റെ ശക്തിദുര്‍ഗമായിരുന്നു. ഈ മേഖലകളിലെ പ്രവര്‍ത്തകന്മാരും അവരുടെ കുടുംബാംഗങ്ങളും കോണ്‍ഗ്രസില്‍ നിന്ന് ഒഴിവായി മറ്റു രാഷ്ട്രീയ കക്ഷികളിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്.
ഈ മേഖലയിലെ കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളി കന്നഡ ന്യൂനപക്ഷ മേഖലകളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് അവശേഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാരും മറ്റു താവളങ്ങളിലേക്ക് ചേക്കേറുവാന്‍ വേണ്ടി ശ്രമിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. ഉദുമ സര്‍വിസ് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ തന്നെ മത്സരരംഗത്ത് കടന്നുവരുന്നത് ഒഴിവാക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.പി.സി.സി, ഡി.സി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."