പ്രധാനമന്ത്രിക്ക് ശശി തരൂരിന്റെ തുറന്ന കത്ത്
ന്യൂഡല്‍ഹി: ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ ഓരോ പൗരനും ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂരിന്റെ തുറന്ന കത്ത്.
ദേശീയ പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയങ്ങള്‍ ഏതൊരു പൗരനും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അവകാശമുണ്ട്. അത്തരം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ താങ്കള്‍ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. (പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ) മന്‍ കീ ബാത്ത് 'മൗന്‍ കീ ബാത്ത് ' ആവരുതെന്നും തരൂര്‍ ഓര്‍മിപ്പിച്ചു. രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച 50 പ്രമുഖര്‍ക്കെതിരേ ബിഹാര്‍ പൊലിസ് രാജ്യദ്രോഹക്കേസെടുത്ത പശ്ചാത്തലത്തിലാണ് തരൂര്‍ കത്ത് പ്രസിദ്ധീകരിച്ചത്. രണ്ടുപേജ് വരുന്ന കത്തിന്റെ പകര്‍പ്പ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്യുകയുമുണ്ടായി.
വ്യത്യസ്ത ചിന്തകളുടെയും ആദര്‍ശങ്ങളുടെയും സഹവര്‍ത്തിത്വമാണ് ഇന്ത്യയെന്ന സങ്കല്‍പത്തിന്റെ ആധാരശിലയെന്നും ഇതാണ് ഇന്ത്യയെ ജനാധിപത്യ വ്യവസ്ഥിതിയില്‍ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശുദ്ധ ഗ്രന്ഥമെന്ന് ഭരണഘടനയെ വിശേഷിപ്പിച്ച് 2016ല്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ വച്ച് നരേന്ദ്രമോദി നടത്തിയ പ്രസംഗവും തരൂര്‍ കത്തില്‍ ഓര്‍മിപ്പിച്ചു. വിശ്വാസ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തുല്യതയുമാണ് മൗലികാവകാശങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് അന്ന് മോദി പറഞ്ഞത്. വിയോജിപ്പുകള്‍ക്ക് സ്ഥാനമില്ലാതെ ജനാധിപത്യത്തിന് നിലനില്‍പ്പില്ലെന്നാണ് 50 പ്രമുഖ വ്യക്തികള്‍ ഒപ്പിട്ട കത്തില്‍ പറയുന്നതെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയറിയിച്ച് 2019 ജൂലൈ 23ന് താങ്കള്‍ക്ക് എഴുതിയ കത്തുമായി ബന്ധപ്പെട്ട് 49 പ്രമുഖ പൗരന്മാര്‍ക്കെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതില്‍ ഞങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. സാമുദായിക വിദ്വേഷം മൂലമോ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മൂലമോ ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണം അതിവേഗം പടരുന്ന രോഗമായി മാറിയത് താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് അവര്‍ നടത്തിയത്.
രാജ്യത്തു നടക്കുന്ന ഒരു സംഭവത്തില്‍ ആശങ്ക അറിയിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാവിന് കത്തെഴുതുന്നവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതാണോ പുതിയ ഇന്ത്യ ?. ജനങ്ങളുടെ ശബ്ദം കേള്‍ക്കാതിരിക്കുകയും അവരുടെ ആശങ്കകള്‍ പങ്കുവയ്ക്കപ്പെടാതിരിക്കുകയും ചെയ്യുന്നൊരു രാജ്യത്തെയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ശശി തരൂര്‍ കത്തില്‍ ചോദിച്ചു. താങ്കളുടെ ആശയങ്ങളെ വിമര്‍ശിക്കുന്നവരെയും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും ശത്രുക്കളോ ദേശവിരുദ്ധരോ ആയി കണക്കാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."