കുടിവെള്ള പ്രശ്‌നം: മുരിക്കുംതൊട്ടിയില്‍ ഇന്ന് സംസ്ഥാന പാത ഉപരോധിക്കും
രാജാക്കാട്: അറ്റകുറ്റപ്പണിയുടെ പേരില്‍ ജല അതോറിറ്റി മുരിക്കുംതൊട്ടിയില്‍ എഴുപതോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പൊതുടാപ്പുകളും ഹൗസ് കണക്ഷനുകളും അടച്ചത് പുനഃസ്ഥാപിക്കുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10നു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മുരിക്കുംതൊട്ടി ജങ്ഷനില്‍ രാജാക്കാട് - പൂപ്പാറ സംസ്ഥാന പാതയും ശാന്തന്‍പാറ റോഡും ഉപരോധിക്കും.
ഇതേ ആവശ്യമുന്നയിച്ച് ശനിയാഴ്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാലിക്കുടങ്ങളുമായി പമ്പിങ്ങ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഇന്നലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉത്തരാവാദിത്വപ്പെട്ടവര്‍ ഇല്ലാതെ നാല് കരാര്‍ തൊഴിലാളികള്‍ മാത്രമാണ് ഇന്നലെ രാവിലെ പണികള്‍ക്കായി പ്രദേശത്ത് എത്തിയത്. മുന്‍പ് പ്രധാന പമ്പിങ്ങ് ലൈനില്‍ നിന്നായിരുന്നു ഈ ഭാഗത്ത് വെള്ളം വിതരണം ചെയ്തിരുന്നത്. ഇതിനു പകരം കുളപ്പാറച്ചാല്‍ ഭാഗത്തേക്കുള്ള വിതരണ ലൈനില്‍ നിന്നും നല്‍കുവാനാണു അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഈ തൊഴിലാളികള്‍ നാട്ടുകാരെ അറിയിച്ചു.
താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന കുളപ്പാറച്ചാല്‍ ഭാഗത്തേക്കുള്ള ലൈന്‍ ഉയര്‍ന്ന പ്രദേശമായ മുരിക്കുംതൊട്ടിയുമായി ബന്ധിപ്പിച്ചാല്‍ ആവശ്യത്തിനു വെള്ളം കിട്ടുകയില്ലെന്നും പഴയപടി പ്രധാന പൈപ്പില്‍ നിന്നോ അല്ലെങ്കില്‍ മുരിക്കുംതൊട്ടിയിലേയ്ക്ക് പുതിയ വിതരണ പൈപ്പ് സ്ഥാപിച്ചോ വെള്ളം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അധികൃതരുടെ അഭാവത്തില്‍ ഈ ഡിമാന്റ് അംഗീകരിക്കാനാവാതെ പണിക്കാര്‍ തിരിച്ച് പോകുകയും ചെയ്തു. ഈ സാഹചര്യത്തിലാണു വഴി ഉപരോധിക്കുവാന്‍ ജനങ്ങള്‍ തീരുമാനിച്ചത്.
രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി പഞ്ചായത്തുകളില്‍ കുടിനീര്‍ എത്തിക്കുന്നതിനായി സംസ്ഥാന ജല അതോറിറ്റി സ്ഥാപിച്ചിട്ടുള്ളതാണു രാജകുമാരി -രാജാക്കാട് ജലവിതരണ പദ്ധതി. ഉയര്‍ന്ന കുന്നിന്‍ പ്രദേശമായ മുരിക്കുംതൊട്ടി ഭാഗത്തെ എഴുപതോളം കുടുംബങ്ങള്‍ 18 വര്‍ഷമായി ഈ പദ്ധതിയുടെ പമ്പിങ്ങ് സ്റ്റേഷനു സമീപത്തുള്ള രണ്ട് പൊതു ടാപ്പുകളിലെ വെള്ളമാണു ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ പതിനഞ്ചോളം ഹൗസ് കണക്ഷനുകളും പരിസരത്തായി ഉണ്ട്. പ്രധാന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനായി ഈ മാസം തുടക്കത്തിലാണു ഈ ഭാഗത്തേക്കുള്ള ജലവിതരണം നിര്‍ത്തിയത്. 15 ദിവസത്തിനകം വിതരണം പുനരാരംഭിക്കാം എന്ന ഉറപ്പിന്‍മേലായിരുന്നു ഇത്.
ജോലികള്‍ പൂര്‍ത്തിയാക്കി മറ്റിടങ്ങളിലേക്കുള്ള ജല വിതരണം ആരംഭിച്ചെങ്കിലും മുരിക്കുംതൊട്ടി ഭാഗത്തേക്കുള്ള വിതരണ പൈപ്പുകളും, ടാപ്പുകളും പ്രവര്‍ത്തനക്ഷമാക്കിയില്ല. രൂക്ഷമായ വരള്‍ച്ച മൂലം പ്രദേശത്തെ കിണറുകളും, ആയിരം അടിയിലേറെ ആഴമുള്ള കുഴല്‍ക്കിണറുകള്‍ പോലും വറ്റി വരണ്ടിട്ട് നാലു മാസത്തില്‍ ഏറെയായി.
പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സൗജന്യ കുടിവെള്ളവിതരണം ഈ മാസം ഒന്നാം തീയതിയോടെ നിര്‍ത്തലാക്കുകയും ചെയ്തു. ഇതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ ലോഡിനു ആയിരം രൂപ വീതം നല്‍കി വാഹനത്തില്‍ വെള്ളമെത്തിച്ചാണു നാട്ടുകാര്‍ അത്യാവശ്യകാര്യങ്ങള്‍ നടത്തുന്നത്.
നിരവധി തവണ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തുള്ളി വെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോഴും പമ്പിങ് സ്റ്റേഷന്റെ മുറ്റത്ത് പൈപ്പ് ചോര്‍ന്ന് റോഡിലൂടെ ഒഴുകി വെള്ളം വന്‍തോതില്‍ പാഴാകുന്നുമുണ്ട്.
ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള അനുമതിപോലും സമീപവാസികള്‍ക്ക് നല്‍കിയിട്ടില്ല. തുടര്‍ന്ന് ഇവര്‍ ജനകീയ സമിതി രൂപീകരിച്ച് രക്ഷാധികാരി വി.എം ബീരാന്‍കുട്ടി, ചെയര്‍മാന്‍ വിനോദ് അരീപ്പാറയില്‍, കണ്‍വീനര്‍ ടി എസ് മുഹമ്മദ്, അരുണ്‍ പാണനാല്‍ എന്നിവരുടെ നേതൃത്തില്‍ സമരത്തിനിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."