ആള്‍ക്കൂട്ടക്കൊലകളെ ന്യായീകരിച്ച് ആര്‍.എസ്.എസ് മേധാവി
നാഗ്പൂര്‍: ബീഫിന്റെയും 'ജയ്ശ്രീറാം' വിളിയുടെയും പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ ആള്‍ക്കൂട്ടകൊലകളായി ചിത്രീകരിച്ച് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങര്‍ നടക്കുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി പറഞ്ഞു. ആര്‍.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്പുരിലെ സംഘടനാ ആസ്ഥാനത്തു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ മുഴുവന്‍ ആള്‍ക്കൂട്ടക്കൊലകളായി വ്യാഖ്യാനിച്ച് ചിലര്‍ ഇന്ത്യയെയും ഹിന്ദുസമൂഹത്തെയും അപമാനിക്കാനും മറ്റുസമൂഹങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനും ശ്രമിക്കുകയാണ്.
ആള്‍ക്കൂട്ടകൊല എന്നത് പാശ്ചാത്യ നിര്‍മിതിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആള്‍കൂട്ടക്കൊലകള്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. അത്തരം പ്രയോഗങ്ങള്‍ ഇന്ത്യക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും പ്രകോപനപരമായ നീക്കങ്ങള്‍ നടന്നാലും ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നാണ് സമൂഹം പ്രവര്‍ത്തിക്കേണ്ടത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് വേണ്ടത്.
ഇന്ത്യന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവണം. സംഭാഷണങ്ങളും പരസ്പര സഹകരണവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകണമെന്നും മോഹന്‍ ഭാഗവത് അഭ്യര്‍ഥിച്ചു.
വികസിത ഇന്ത്യ ചില നിക്ഷിപ്ത താല്‍പ്പര്യക്കാരെ ഭയപ്പെടുത്തുന്നുണ്ട്. അവര്‍ ഒരിക്കലും രാജ്യം ശക്തവും ഊര്‍ജസ്വലവുമായി മാറാന്‍ ആഗ്രഹിക്കുന്നില്ല. വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്. എന്നാല്‍ ജാതി, മതം, ഭാഷ, ദേശം എന്നിവയിലുള്ള വൈവിധ്യം ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഇത്തരക്കാരുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിയാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അതിര്‍ത്തികള്‍ ഇന്ന് സുരക്ഷിതമാണ്. തീരമേഖലകളിലും ദ്വീപുകളിലുമുള്‍പ്പെടെയുള്ള അതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകളും സുരക്ഷാ ഭടന്മാരുടെയും നിരീക്ഷണ കേന്ദ്രങ്ങളുടെയും എണ്ണം വര്‍ധിച്ചുവെന്ന് അവകാശപ്പെട്ട അദ്ദേഹം, കശ്മിരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരി, വി.കെ സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ആര്‍.എസ്.എസ് യൂനിഫോമിലെത്തി പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."