കൊതുക് ഉറവിടമുണ്ടായാല്‍ കേസ്
തൊടുപുഴ: കൊതുകുജന്യരോഗ നിയന്ത്രണത്തിന്റെ ഭാഗമായി കൊതുക് വളര്‍ത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെയും തൊടുപുഴ നഗരസഭയുടെയും തീരുമാനം. രണ്ടു ഘട്ട ഉറവിടനശീകരണം പൂര്‍ത്തീകരിക്കുകയും ഗൃഹസന്ദര്‍ശനത്തിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും അനുസരിക്കാത്തവര്‍ക്കെതിരേയാണ് നടപടി.റബര്‍തോട്ടങ്ങള്‍, ആക്രി കടകള്‍, ഉപയോഗശൂന്യമായ ടയര്‍ശേഖരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നിയമാനുസൃത നോട്ടീസ് നല്‍കി കൊതുകുനിര്‍മാര്‍ജനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു. ഇനിയും നീക്കം ചെയ്യാത്ത ഉറവിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ആശുപത്രിയിലോ നഗരസഭയിലോ അറിയിക്കാം. ഒന്നാംഘട്ടത്തില്‍ നിശ്ചയിച്ചിരുന്ന ഫോഗിങ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി. വരുംദിവസങ്ങളില്‍ വെള്ളക്കെട്ടുകളില്‍ കൂത്താടി നശീകരണത്തിനായി സ്‌പ്രേയിങ് ആരംഭിക്കും. വീഴ്ച ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍നോട്ടീസ് നല്‍കാതെ തന്നെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."