ധനസഹായം തുച്ഛം: ജില്ലയിലെ വായനശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
തൊടുപുഴ: ആവശ്യത്തിനു ധനസഹായം ലഭിക്കാത്തതുമൂലം ജില്ലയിലെ വായനശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നു. മികച്ച പ്രവര്‍ത്തനങ്ങളാല്‍ സംസ്ഥാനതലത്തില്‍ തന്നെ ഒട്ടേറെനേട്ടങ്ങള്‍ സ്വന്തമാക്കിയ ലൈബ്രറികളും ജില്ലയിലുണ്ട്. ജില്ലയില്‍ 245 വായനശാലകള്‍ക്കു സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുണ്ടെങ്കിലും നിലവില്‍ 223 വായനശാലകള്‍ക്കാണു ഗ്രാന്‍ഡ് ലഭിക്കുന്നത്. എന്നാല്‍ ഈ സഹായം പര്യാപ്തമല്ലെന്നു വായനശാലാ പ്രവര്‍ത്തകര്‍ പറയുന്നു.
സംസ്ഥാന ലൈബ്രറി കൗണ്‍സിലാണു വായനശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് നല്‍കുക. കൃത്യമായി തുറന്നു പ്രവര്‍ത്തിക്കുന്നവ, ലൈബ്രേറിയന്റെ സേവനം, പുസ്തകങ്ങളുടെ എണ്ണം, പുസ്തക വിതരണം, വരുത്തുന്ന പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും എണ്ണം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു വായനശാലകളെ എ മുതല്‍ എഫ് വരെയുള്ള ഗ്രേഡുകളിലായി തിരിച്ചിരിക്കുന്നത്.
ജില്ലയില്‍ എ ഗ്രേഡില്‍ പ്രവര്‍ത്തിക്കുന്ന 52 വായനശാലകളാണുള്ളത്. ബി ഗ്രേഡില്‍ 60 വായനശാലകളും സി ഗ്രേഡില്‍ 37 വായനശാലകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡി ഗ്രേഡില്‍ 20, ഇ ഗ്രേഡില്‍ 26, എഫ് ഗ്രേഡില്‍ 28 വായനശാലകള്‍ ജില്ലയിലുണ്ട്. കുറഞ്ഞത് ആയിരത്തിനു മുകളില്‍ പുസ്തകവും 2000 പുസ്തകങ്ങളുടെ വിതരണവും ഒരുവര്‍ഷത്തെ പ്രവര്‍ത്തനവുമാണ് അംഗീകാരം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. കൂടാതെ മൂന്നു പത്രമെങ്കിലും വരുത്തിയിരിക്കണം.
ഇവയെ എറ്റവും താഴത്തെ എഫ് ഗ്രേഡിലാണ് ഉള്‍പ്പെടുത്തുക. പുതുതായി വായശാലകള്‍ തുടങ്ങുന്നുണ്ടെങ്കിലും നിലവിലെ പല ലൈബ്രറികളുടെയും സ്ഥിതി ഇപ്പോഴും ദയനീയമായി തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇടുക്കിയിലെ പല ലൈബ്രറികളും നേരിടുന്ന പ്രശ്‌നം. ഏറെ കാലപ്പഴക്കമുള്ള, ചോര്‍ന്നൊലിക്കുന്ന ഇടുങ്ങിയ കെട്ടിടങ്ങളിലാണു പലതും പ്രവര്‍ത്തിക്കുന്നത്.
പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനോ വായനക്കാര്‍ക്ക് ഇരിക്കുന്നതിനോ മതിയായ സൗകര്യം പലയിടത്തുമില്ല. ഹൈറേഞ്ചില്‍ പലയിടത്തും ലൈബ്രറികള്‍ സ്ഥിതി ചെയ്യുന്നതു പട്ടയമില്ലാത്ത ഭൂമിയിലാണെന്നതിനാല്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കു പണം കിട്ടാത്തതും പ്രതിസന്ധിയാണ്. വായനയുടെയും അറിവിന്റെയും വാതില്‍ തുറന്ന് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോഴും വായനശാലകളെ അധികൃതര്‍ അവഗണിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."