കൂടത്തായി കൂട്ടക്കൊലക്കേസ് ആറംഗസംഘം അന്വേഷിക്കും; സംഘത്തില്‍ സാങ്കേതിക വിദഗ്ധരും
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ആറംഗസംഘം അന്വേഷിക്കും. കൊലപാതക പരമ്പരയിലെ ഓരോ കേസും പ്രത്യേകമായിട്ടാവും അന്വേഷിക്കുക. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സംഘങ്ങളില്‍ ഉണ്ടാകും. അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആറ് സംഘങ്ങളുടേയും ചുമതല കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണിനായിരിക്കും.
രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചു എന്നാണ് പൊലിസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നു എന്നും കെ.ജി സൈമണ്‍ പറഞ്ഞു. കൂട്ടക്കൊലപാതക കേസില്‍ ശക്തമായ തെളിവുണ്ടെന്ന് എസ്.പി പറഞ്ഞു. റോയിയുടെ മരണത്തില്‍ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ട്. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പല കാര്യങ്ങളും അന്വേഷണ സംഘത്തിന് വ്യക്തമായി. കേസ് അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്.പി പറഞ്ഞു.
അതേസമയം, കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ ഇന്ന് താമരശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മുഖ്യപ്രതിയായ ജോളി ജോസഫ്, ഇവരുടെ സഹായികളായ എം.എസ് മാത്യൂ, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായാണ് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചത്. കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജോളിയുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജോളി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇത് വരെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് ഷാജുവിന്റെ വീട് പരിശോധിച്ചിരുന്നു. ഷാജുവിനെയും പിതാവിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കൂടാതെ വ്യാജമായി ഒസിയത്ത് ഉണ്ടാക്കിയ സംഭവത്തില്‍ ഡെപ്യൂട്ടി താഹ്‌സില്‍ദാര്‍ ജയശ്രീയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും വിവരങ്ങള്‍ ശേഖരിക്കും. കഴിഞ്ഞ ദിവസം ജയശ്രീയെ ചോദ്യം ചെയ്തിരുന്നു. ജോളിയുടെ സാമ്പത്തിക ഉറവിടങ്ങളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
koodathayi murder case six team to investigate the case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."