പ്ലാറ്റ്ഫോമുകളില്‍ കോച്ച് പൊസിഷന്‍ ബോര്‍ഡുകളില്ല; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് സംശയങ്ങള്‍ക്ക് ഇടനല്‍കാത്തവിധം പ്ലാറ്റ്‌ഫോമുകളില്‍ കോച്ച് പൊസിഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മറ്റു അറിയിപ്പുകള്‍ വ്യക്തമായി നല്‍കണമെന്നും കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മാത്രം ഡിജിറ്റല്‍ കോച്ച് പൊസിഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അതിപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. മുന്‍പും കൃത്യമായി പ്രവര്‍ത്തിപ്പിക്കുകയോ ട്രെയിന്‍ വരുന്നതനുസരിച്ചു വിവരങ്ങള്‍ മാറ്റി നല്‍കുകയോ ചെയ്തിരുന്നില്ല. എപ്പോഴും ഉപകാരപ്പെടുന്നത് സ്ഥിരമായി എഴുതിവയ്ക്കുന്ന പരമ്പരാഗത ബോര്‍ഡുകളാണെങ്കിലും അവ ഇപ്പോള്‍ കാണ്‍മാനില്ല. നേരത്തേ അത്തരം ബോര്‍ഡുകള്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടിലും മൂന്നിലും അതു സ്ഥാപിച്ചിരുന്നില്ല. നീളം കുറഞ്ഞ മെമു ട്രെയിനുകള്‍ക്കു പ്രത്യേകം കോച്ച് പൊസിഷന്‍ ബോര്‍ഡുകളാണെങ്കിലും അവയും ആവശ്യത്തിനില്ല.
ലൈറ്റുകള്‍ രാത്രിയില്‍ പലപ്പോഴും തെളിക്കാത്തതിനാല്‍ ട്രെയിന്‍ കോച്ചുകള്‍ എവിടെ വന്നു നില്‍ക്കുന്നുവെന്നറിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ലഗേജും കുട്ടികളുമായി എത്തുന്നവരാണ് കൂടുതലും ബുദ്ധിമുട്ടിലാകുന്നത്. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ സാധനസാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നതും യാത്രക്കാര്‍ക്ക് തടസം നേരിടുന്നു. ബോര്‍ഡുണ്ടെങ്കില്‍പ്പോലും കോച്ചുകള്‍ അവയ്ക്കുനേരെ നിറുത്താതെ മാറ്റി നിര്‍ത്തുന്നതും അവസാന നിമിഷം ട്രെയിന്‍ എത്തുന്ന പ്ലാറ്റ്‌ഫോം മാറ്റുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും അപകടങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.
മൂന്നു പ്ലാറ്റ്‌ഫോമുകളുള്ള ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ 56 ട്രെയിനുകളാണ് നിര്‍ത്തുന്നത്. എട്ടെണ്ണം ഇവിടെ നിന്നു യാത്ര തുടങ്ങുകയും എട്ടെണ്ണം ഇവിടെ അവസാനിപ്പിക്കുകയും ചെയ്യുന്നു. എല്ലാ പ്ലാറ്റ്‌ഫോമുകളിലും സാധാരണ തരത്തിലുള്ള കോച്ച് പൊസിഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അതിനുനേരെ കോച്ചുകള്‍ നിര്‍ത്താനുള്ള ഏര്‍പ്പാടുകളും ചെയ്താല്‍ ദിവസേന ആയിരക്കണക്കിനു ആള്‍ക്കാരുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."