കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം നടപടി ആരംഭിച്ചു
കൊല്ലം: കേരളത്തിലെ കശുവണ്ടി വ്യവസായം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു കൊടിക്കുന്നില്‍ സുരേഷ് എം.പി യെ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ സമ്മേളന കാലത്ത് കശുവണ്ടി വ്യവസായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ലോക്‌സഭയില്‍ നടത്തിയ പ്രത്യേക സബ്മിഷനുള്ള മറുപടിയിലാണ് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്.
കശുവണ്ടി വ്യവസായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രി നല്‍കിയ നിവേദനം ഉള്‍പ്പെടെ നിരവധി പരാതികള്‍ തനിക്ക് ലഭിച്ചതായും അദ്ദേഹം കത്തില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കശുവണ്ടി വ്യവസായത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതായും കേന്ദ്രമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കൂടാതെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പിന്തുണ അഭ്യര്‍ഥിച്ചതായും മന്ത്രി അറിയിച്ചു.
രാജ്യത്തെ കശുവണ്ടി വ്യവസായം വളര്‍ച്ചയുടെ പാതയിലാണ്. നാടന്‍ തോട്ടണ്ടിയുടെ ഉല്‍പ്പാദനവും കശുവണ്ടി പരിപ്പിന്റെ കയറ്റുമതിയും രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. 2016-17 വര്‍ഷത്തില്‍ നാടന്‍ തോട്ടണ്ടിയുടെ ഉല്‍പാദനം 670300 മെട്രിക് ടണില്‍ നിന്നും 779335 മെട്രിക് ടണ്ണായി വര്‍ധിച്ചു. കശുവണ്ടി പരിപ്പിന്റേയും അനുബന്ധ ഉല്‍പ്പന്നങ്ങളുടേയും കയറ്റുമതി 2017-18 ല്‍ 5903.60 കോടി രൂപയുടെ (യു.എസ് ഡോളര്‍ 916 മില്ല്യണ്‍) വര്‍ധനവാണ് ഉണ്ടായത്. ഈ കാലയളവില്‍ 2.25 ശതമാനം വര്‍ധനവാണുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ കശുവണ്ടി വ്യവസായത്തെ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. അസംസ്‌കൃത കശുവണ്ടിയുടെ ഇറക്കുമതി കസ്റ്റമസ് നികുതി 5 ല്‍ നിന്നും 2.5 ശതമാനമായും ജി.എസ്.ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായും കുറച്ചു. 3 ല്‍ നിന്നും 5 ശതമാനമായി എസ്.ടി.പിയും എം.ഇ.എസും വര്‍ധിപ്പിക്കുകയും ചെയ്തു. കശുവണ്ടി പരിപ്പിന്റെ കയറ്റുമതിയും അസംസ്‌കൃത കശുവണ്ടിയുടെ ഇറക്കുമതിയും 4 കിലോഗ്രാമില്‍ നിന്നും 5.04 കിലോഗ്രാമായി ഉയര്‍ത്തി.
ഹോള്‍ട്ടി കള്‍ച്ചര്‍, കാഷ്യൂ കൃഷി വികാസ് യോചന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കശുമാവ് കൃഷി വര്‍ധിപ്പിക്കാനും നല്ല ഗുണമേന്മയുള്ള നാടന്‍ തോട്ടണ്ടി ഉല്‍പ്പാദിപ്പിക്കാനുമുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു. പ്ലാന്റേഷന്‍ വികസന പദ്ധതിയിലൂടെ നാടന്‍ തോട്ടണ്ടിയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."