ചാലക്കുടി താലൂക്ക് ഓഫിസിന് അനുവദിച്ച രണ്ടു ജീപ്പുകളും കട്ടപ്പുറത്ത്
ചാലക്കുടി: താലൂക്ക് ഓഫിസിന് അനുവദിച്ച രണ്ടു ജീപ്പുകളും കട്ടപ്പുറത്തായതോടെ താലൂക്കിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. പ്രളയദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വാഹനമില്ലാത്തത് തടസമാകുന്നുണ്ട്. ഉദ്യോഗസ്ഥരുടെ വാഹനങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചാലക്കുടി താലൂക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് താലൂക്കിന് രണ്ട് പുതിയ ജീപ്പുകളും നല്‍കിയിരുന്നു.
ഒരു മാസം പിന്നിടും മുന്‍പേ ഇതിന്‍ ഒരെണ്ണം കലക്ടറേറ്റിലേക്കു കൊണ്ടുപോയി. പകരമായി കലക്ടറേറ്റില്‍ ഉപയോഗിച്ചിരുന്ന കാലപഴക്കം ചെന്ന ജീപ്പ് ചാലക്കുടി താലൂക്കിനു നല്‍കി. ആറു മാസം തികയും മുന്‍പേ ഈ ജീപ്പ് കട്ടപ്പുറത്തായി. കട്ടപ്പുറത്തായ ജീപ്പ് ഇപ്പോള്‍ നഗരസഭാ ഓഫിസ് കോംപൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഒരു ജീപ്പ് കൊണ്ടാണ് ഇതുവരെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ താലൂക്ക് ഓഫിസിന് കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് വെള്ളത്തില്‍ മുങ്ങി. ഇതോടെ താലൂക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും താറുമാറായി.
പ്രളയത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നത് ചാലക്കുടിയിലാണ്. ക്യാംപുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ സ്വന്തം വാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. വെള്ളത്തില്‍ മുങ്ങിയ ജീപ്പിന്റെ കേടുപാടുകള്‍ ഒരാഴ്ചക്കുള്ളില്‍ തീര്‍ക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇതിന് അനുമതി കിട്ടണമെങ്കില്‍ കടമ്പകളേറെ കടക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ചുവപ്പു നാടക്കുള്ളില്‍ കുരുങ്ങിക്കിടക്കുകയാണ് അനുമതിക്കായി നല്‍കിയിട്ടുള്ള അപേക്ഷയിപ്പോള്‍. അനാവശ്യമായ സര്‍ക്കാര്‍ നടപടി ക്രമങ്ങളാണ് ചാലക്കുടി താലൂക്ക് ഓഫിസിന്റെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ തടസമായി മാറിയിട്ടുള്ളത്. തമിഴ്‌നാട് അതിര്‍ത്തിയായ മലക്കപ്പാറവരെയുള്ള ഭാഗങ്ങള്‍ ഈ താലൂക്കിന്റെ കീഴിലാണ്. ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ നേരിട്ട അതിരപ്പിള്ളി, പൊരിങ്ങല്‍കുത്ത്, ഷോളയാര്‍ തുടങ്ങിയ മേഖലകളിലേക്ക് താലൂക്കില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കെത്തണമെങ്കില്‍ സ്വന്തം വാഹനത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരന്തനിവാരണ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടത്തെ ഉദ്യോഗസ്ഥര്‍ തയാറാണെങ്കിലും ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യം ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ ഒരുക്കമല്ല. വാഹന സൗകര്യം ഉടന്‍ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."