മാപ്പിള സ്‌കൂളുകള്‍ ജനറല്‍ കലണ്ടറിലേക്ക് മാറല്‍ ജില്ലാപഞ്ചായത്ത് മതസംഘടനകളുമായി ചര്‍ച്ച നടത്തും
മലപ്പുറം: മാപ്പിള സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടത്ര പഠന ദിവസങ്ങള്‍ ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇത്തരം സ്‌കൂളുകളെ ജനറല്‍ കലണ്ടറിലേക്കു മാറ്റുന്നതിനു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. നിലവില്‍ എല്‍.പി, യുപി തലങ്ങളില്‍ മാത്രമാണു മാപ്പിള കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുള്ളത്.
ജില്ലയിലെ 1500 സ്‌കൂളുകളില്‍ 130 സ്‌കൂളുകളാണു ജനറല്‍ കലണ്ടറില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മാപ്പിള കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ മാനേജര്‍, പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡണ്ടുമാര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. പങ്കെടുത്തവരില്‍ ഭൂരിഭാഗവും ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്കു പിന്തുണ വാഗ്ദാനം ചെയ്തു.
ഇതിനായി രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനും മത സംഘടന ഭാരവാഹികളുടെ യോഗം വിളിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ചു വണ്ടൂര്‍, തിരൂരങ്ങാടി, തിരൂര്‍ വിദ്യാഭ്യാസ ജില്ലകളിലെ ബന്ധപ്പെട്ട ഭാരവാഹികള്‍ക്കുള്ള യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. ജില്ലാ പഞ്ചായത്തു ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സുധാകരന്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, എ.കെ അബ്ദുറഹ്മാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.സഫറുള്ള, വിജയഭേരി കോ-ഓഡിനേറ്റര്‍ ടി.സലീം എന്നിവര്‍ പങ്കെടുത്തു.
അടുത്ത അധ്യയന വര്‍ഷം മാപ്പിള കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ജൂണ്‍ മാസം തന്നെ അടച്ചിടുന്നത് ഒഴിവാക്കാനും കടുത്ത വേനലില്‍ ഏപ്രില്‍ മാസം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കുന്ന തടക്കമുള്ള കാര്യങ്ങളാണു ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."