ഷാനിമോള്‍ക്കെതിരായ 'പൂതന' പരാമര്‍ശത്തില്‍ സുധാകരന് ടിക്കാറാം മീണയുടെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: യു.ഡി.എഫ് അരൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ പൂതനയെന്ന് പരാമര്‍ശിച്ച സംഭവത്തില്‍ മന്ത്രി ജി. സുധാകരന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ക്ലീന്‍ ചിറ്റ്. ജില്ലാ കലക്ടര്്, പൊലിസ് എസ്.പി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടിലെന്നാണ് ബോധ്യപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂര്‍ മണ്ഡലം എന്ന് പറഞ്ഞതിലൂടെ ഏതെങ്കിലും പ്രത്യേക വ്യക്തിയെയല്ല താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയും അനുയായികളും സത്യവിരുദ്ധമായ പ്രചാരണം നടത്തി തന്നെ അപമാനിക്കുകയാണെന്നും മന്ത്രി നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
അതേസമയം സംഭവം വിവാദമായതിനെ തുടര്‍ന്ന് സുധാകരന്റെ പരാമര്‍ശം പരിശോധിക്കുമെന്നും സ്ത്രീ സമത്വം ഉറപ്പുവരുത്തുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങള്‍ക്ക് കാത്തുനില്ക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."