യാത്രക്കാരെ വലച്ച് കെ.എസ്.ആര്‍.ടി.സി ജോലി പരിഷ്‌കരണം
പുതുക്കാട്: കെ.എസ്.ആര്‍.ടി.സിയില്‍ അടുത്തിടെ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായവും ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കുന്ന നടപടിയും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഓപറേറ്റിങ് ജീവനക്കാരില്‍ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം കാരണം മണിക്കൂറുകളോളമാണ് ഓര്‍ഡിനറി ബസുകള്‍ ഓട്ടം നിര്‍ത്തുന്നത്. ഉച്ചക്ക് 12 മുതല്‍ രണ്ടു വരെയുള്ള സമയത്ത് ചാലക്കുടി മുതല്‍ തൃശൂര്‍ വരെയും തിരിച്ചുമുള്ള ബസുകളുടെ സര്‍വിസാണ് മുടങ്ങുന്നത്. തൃശൂര്‍, പുതുക്കാട്, ചാലക്കുടി എന്നീ ഡിപ്പോകളിലെ ഭൂരിഭാഗം ഓര്‍ഡിനറി ബസുകളും ഉച്ചക്ക് രണ്ട് മണിക്കൂറോളം സര്‍വിസ് നിര്‍ത്തിവയ്ക്കും.
രാവിലെ ജോലിക്കു കയറുന്ന ബസ് ജീവനക്കാരുടെ ജോലി സമയം ഉച്ചക്ക് കഴിയുന്നതാണ് ബസ് സര്‍വിസ് മുടങ്ങുന്നത്. സിംഗിള്‍ ഡ്യൂട്ടി പ്രകാരം എട്ടു മണിക്കൂറാണ് ജോലി സമയം. ഇതില്‍ ഏഴര മണിക്കൂറാണ് ബസ് ഓടിക്കേണ്ടത്. ഈ സമയം പൂര്‍ത്തിയാകുന്ന ബസുകള്‍ അതാത് ഡിപ്പോകളില്‍ സര്‍വിസ് അവസാനിപ്പിക്കുകയാണ്. ഇത്തരത്തില്‍ രാവിലെ ജോലിക്കു കയറുന്നവരുടെ സമയം പൂര്‍ത്തിയാകുന്നതോടെയാണ് ബസുകള്‍ കൂട്ടത്തോടെ ഓട്ടം നിര്‍ത്തുന്നത്. ഇതുമൂലം നിരവധി യാത്രക്കാരാണ് വലയുന്നത്.
സ്വകാര്യ ബസുകള്‍ ഇല്ലാത്ത ചാലക്കുടി മുതല്‍ പുതുക്കാട് വരെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. കൂടാതെ മുപ്ലിയം, മണ്ണുത്തി എന്നിവിടങ്ങളിലേക്കുള്ളവരും ദുരിതമനുഭവിക്കുകയാണ്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്താത്ത ഇടങ്ങളില്‍ ഓര്‍ഡിനറി ബസ് കാത്തുനിന്നു വലയുന്ന യാത്രക്കാര്‍ ഓട്ടോ വിളിച്ചും മറ്റു മാര്‍ഗങ്ങള്‍ തേടിയുമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. പുതുക്കാട് ഡിപ്പോയില്‍ മാത്രം 19 ബസുകളാണ് ഉച്ചക്ക് സര്‍വിസ് നിര്‍ത്തുന്നത്. മറ്റു ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ കൂടി ഇതേ രീതിയില്‍ സര്‍വിസ് നിര്‍ത്തുന്നതോടെയാണ് ഓര്‍ഡിനറി സര്‍വിസ് പൂര്‍ണമായും നിലക്കുന്നത്.
ഇതിനോടൊപ്പം 20 ശതമാനം ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കുന്നതും യാത്രക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കുന്നതോടെ ഏറെ തിരക്കുള്ള വൈകിട്ട് അഞ്ചര മുതല്‍ ആറര വരെയുള്ള ഒരു മണിക്കൂര്‍ ദേശീയപാതയില്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വിസ് നടത്തുന്നില്ലെന്നാണ് ആക്ഷേപം. ഉച്ചക്കു ശേഷം ഓരോ ഡിപ്പോകളിലും സര്‍വിസ് അവസാനിപ്പിച്ചതും ഷെഡ്യൂള്‍ വെട്ടിച്ചുരുക്കിയതുമായ ഓര്‍ഡിനറി ബസുകളുടെ നീണ്ട നിരയാണ് കാണുന്നത്. ഈ സമയത്തെല്ലാം ഓരോ സ്റ്റോപ്പുകളിലും ബസ് കാത്തുനിന്ന് യാത്രക്കാരും വലയുന്നു. കെ.എസ്.ആര്‍.ടി.സി ലാഭകരമാക്കുന്നതിനായി നടപ്പിലാക്കിയ പരിഷ്‌കരണങ്ങള്‍ തിരിച്ചടിയായെന്നാണ് ഭൂരിഭാഗം തൊഴിലാളികളുടെയും അഭിപ്രായം. തിരക്കുള്ള സമയത്ത് ബസുകള്‍ ഓടാതിരുന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ എങ്ങിനെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന മറുചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."