മെട്രോയില്‍ കയറാന്‍ ആദ്യദിനത്തില്‍ നീണ്ട നിര
ആലുവ: കൊച്ചി മെട്രോയുടെ ആദ്യയാത്രയില്‍ തന്നെ പങ്കാളിയാകുന്നതിനുവേണ്ടി ചിലരെല്ലാം പുലര്‍ച്ചെ തന്നെ സ്‌റ്റേഷനുകള്‍ക്കു മുമ്പിലെത്തിയിരുന്നു. രാവിലെ തന്നെ കുട്ടികളടക്കം വളരെ ആവേശത്തോടെയാണ് ആദ്യ യാത്ര തുടങ്ങിയത്. എന്നാല്‍ രണ്ടോ മൂന്നോ സര്‍വീസുകള്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പല സ്‌റ്റേഷനുകളിലും നീണ്ട നിര ദൃശ്യമായില്ല. പാലാരിവട്ടത്തുനിന്നും ആലുവായില്‍ നിന്നും രാവിലെ ആറിനാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. യാത്രക്കാരില്‍ പലരും പത്ത് രൂപ ടിക്കറ്റുകാരായിരുന്നു. തൊട്ടടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി മറ്റൊരു ടിക്കറ്റെടുത്ത് പലരും മടക്കയാത്രയും മെട്രോയില്‍ തന്നെയാക്കുകയായിരുന്നു.
ആലുവായിലെ സ്‌റ്റേഷനുമുന്നില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ ക്യൂ ആരംഭിച്ചിരുന്നു. മലപ്പുറം, കണ്ണൂര്‍ തുടങ്ങിയിടങ്ങളില്‍ നിന്നും മെട്രോയില്‍ കയറാന്‍ ബസുകളില്‍ വളരെയേറെ പേര്‍ എത്തിയിരുന്നു. ബസുകളുമായി മെട്രോയ്ക്ക് മുന്നിലെത്തിയവരോട് പൊലിസുകാര്‍ യാത്രക്കാരെ ഇറക്കിയ ശേഷം ആലുവ മണപ്പുറത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. പതിവായി എറണാകുളത്തേക്ക് ബസിന് പോകാറുണ്ടായിരുന്നവരില്‍ വലിയൊരു ശതമാനം ഇന്ന് പാലാരിവട്ടം വരെ മെട്രോയെയാണ് ആശ്രയിച്ചത്. പിന്നീട് അവിടെ നിന്നും ബസുകളില്‍ മറ്റിടങ്ങളിലേക്ക് യാത്രയായി.
ആദ്യയാത്രയ്ക്കുളള ടിക്കറ്റുകള്‍ രാവിലെ 5.40 ഓടെ വിതരണം ചെയ്തു. പലരും സ്‌റ്റേഷനുകള്‍ക്കുളളില്‍ ചുറ്റികറങ്ങാനാണ് ആദ്യം ശ്രമിച്ചത്. റെയില്‍വേ പാളത്തോട് ചേര്‍ന്ന് യാത്രക്കാര്‍ നില്‍ക്കാതിരിക്കാന്‍ പ്രത്യേകമായി മഞ്ഞ വര വരച്ചിട്ടുണ്ട്.
എന്നാല്‍ പലരും ഈ വര ലംഘിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റെയില്‍വേ പാളത്തിന്റെ സമീപത്ത് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടതായി വന്നു. എല്ലാ സ്‌റ്റേഷനുകള്‍ക്കു മുന്നിലും ഇന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.
ഒരു ദിവസം 219 സര്‍വീസുകളാണ് മൊത്തത്തില്‍ നടത്തുക. യാത്രക്കാരുടെ എണ്ണം കൂടിയാല്‍ അതനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും. ഒമ്പത് മിനിറ്റ് ഇടവിട്ടാണ് ഓരോ സര്‍വീസും നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."