കുറാഞ്ചേരി സംഭവത്തില്‍ റിപ്പോര്‍ട്ട് വേണം; കുതിരാനിലെ സ്ഥിതി അതീവഗുരുതരം
തൃശൂര്‍: പ്രളയത്തില്‍ 19 പേര്‍ മരിക്കാനിടയായ കുറാഞ്ചേരിയിലെ സ്ഥിതിഗതികള്‍ ശാസ്ത്രീയമായി പഠിച്ച് റിപ്പോര്‍ട്ട് വേണമെന്നും മണ്ണിടിച്ചില്‍ ഭീഷണിയുള്ള കുതിരാന്‍ തുരങ്കത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സ്ഥിതി അതീവഗുരുതരമെന്നും പ്രദേശങ്ങള്‍ സന്ദര്‍ശിച്ച നിയമസഭാ പരിസ്ഥിതി സമിതി. നിയമസഭാ പരിസ്ഥിതി സമിതി വനം, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രളയക്കെടുതി കാരണം ജില്ലയിലുണ്ടായ പരിസ്ഥിതി നാശത്തെപ്പറ്റി നവംബര്‍ 21ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എമാരായ അനില്‍ അക്കര, കെ. ബാബു, കെ.വി വിജയദാസ്, എം. വിന്‍സെന്റ് തുടങ്ങിയ പരിസ്ഥിതി സമിതി അംഗങ്ങളാണ് ജില്ലയിലെത്തിയത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബി.ഡി ദേവസ്സി എം.എല്‍.എ, ജില്ലാ കലക്ടര്‍ ടി.വി അനുപമ, സബ് കലക്ടര്‍ ഡോ. രേണുരാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് അംഗങ്ങള്‍ രണ്ടിടത്തും സന്ദര്‍ശനം നടത്തിയത്. കുറാഞ്ചേരിയില്‍ മണ്ണിന് കനമുണ്ട്. ക്ലേയുള്ള മണ്ണും മട്ടിപ്പാറയുമുണ്ട്. മേഖലയെ ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനായി കുന്നിന്‍ മുകളിലും വനപ്രദേശങ്ങളിലും 1000 ബാംബു, രാമച്ചം എന്നിവ അടുത്ത മണ്‍സൂണ്‍ കാലത്ത് വച്ചുപിടിപ്പിക്കണമെന്ന് സമിതി ഒപ്പമുണ്ടായിരുന്ന സീനിയര്‍ ജിയോളജിസ്റ്റ് എം. രാഘവന്‍, ഹൈഡ്രോ ജിയോളജിസ്റ്റ് സന്തോഷ്, തൃശൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഡോ. പട്ടീല്‍ സുയോഗ് സുഭാഷ് റാവു എന്നിവരോട് നിര്‍ദേശിച്ചു. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ട അഞ്ചുകുടുംബങ്ങളുടെ ബന്ധുക്കളുമായും നാട്ടുകാരുമായും നിയമസഭാ പരിസ്ഥിതി സമിതി കാര്യങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സന്‍ ശിവപ്രിയ സന്തോഷ്, സബ് കലക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
കുതിരാനില്‍ തുരങ്കത്തിനു സമീപത്തും പരിസര പ്രദേശങ്ങളിലും വീണ്ടും മണ്ണിടിയാനുള്ള സാധ്യത കൂടുതലായതിനാല്‍ സ്ഥിതി അതീവഗുരുതരമാണെന്ന് പരിസ്ഥിതി സമിതി വിലയിരുത്തി. പ്രളയത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായ തുരങ്കത്തിന്റെ കിഴക്കുഭാഗത്തായി ഇനിയും മണ്ണിടിയാനുള്ള അപകടകരമായ അവസ്ഥയുണ്ട്. തുരങ്കത്തിനു മുകളില്‍ നില്‍ക്കുന്ന കട്ടിയില്ലാത്ത മണ്ണ് ഉടന്‍ മാറ്റണം. ഇവിടുത്തെ മണ്ണിന്റെ ഘടന പരിശോധിച്ച് മണ്ണെത്ര, മണലെത്ര, ചെളിയെത്ര എന്നുള്ള കണക്കുകള്‍ സമര്‍പ്പിക്കണമെന്നും മൈനിങ് ജിയോളജി വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ടി.വി. അനുപമയും നിയമസഭ പരിസ്ഥിതി സമിതിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."