ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: ജീവനക്കാര്‍ക്ക് അടുത്ത മാസം ശമ്പളം കൊടുക്കാനുള്ള പണം പോലും കൈയിലില്ലാതെ ഐക്യരാഷ്ട്ര സഭ. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
23 കോടി ഡോളര്‍ ധനക്കമ്മിയിലാണ് യു.എന്‍ മുന്നോട്ടുപോവുന്നത്. അംഗരാജ്യങ്ങള്‍ അവരുടെ വിഹിതം നല്‍കിയില്ലെങ്കില്‍ അടുത്ത മാസം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കില്ലെന്ന് 193 അംഗങ്ങളുള്ള യു.എന്നിന്റെ പൊതുസഭയുടെ ബഡ്ജറ്റ് കമ്മിറ്റി മുമ്പാകെ അദ്ദേഹം പറഞ്ഞു. 37,000 ഉദ്യോഗസ്ഥരാണ് യു.എന്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നത്.
ജനുവരി മുതല്‍ ചെലവുകള്‍ വെട്ടിക്കുറച്ചതുകൊണ്ടാണ് ഇതുവരെ മുന്നോട്ടുപോയത്. പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായാണ് യു.എന്‍ ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. അംഗരാജ്യങ്ങള്‍ ഈ വര്‍ഷം ആവശ്യമായതിന്റെ 70 ശതമാനം തുക മാത്രമേ നല്‍കിയിട്ടുള്ളൂ.
ലോകത്തെ വന്‍ സാമ്പത്തികശക്തിയായ അമേരിക്കയാണ് യു.എന്നിന് ഏറ്റവും വലിയ തുക സംഭാവനയായി നല്‍കുന്നത്. ഒരു വര്‍ഷത്തെ നിത്യച്ചെലവിലേക്കാവശ്യമായ 330 കോടി ഡോളറിന്റെ 22 ശതമാനവും യു.എസാണ് നല്‍കിവരുന്നത്. ഏതാണ്ട് 100 കോടി ഡോളറിലധികം വരുമിത്. അതേസമയം മറ്റു 129 രാജ്യങ്ങളുടെ ആകെ സംഭാവന 200 കോടി ഡോളറാണെന്ന് യു.എന്‍ വക്താവ് സ്‌റ്റെഫാന ദജാരിക് പറഞ്ഞു.
എന്നാല്‍ യു.എസ് ഈ വര്‍ഷം കൊടുക്കേണ്ട മുഴുവന്‍ തുകയും ഇതുവരെ കൊടുത്തു തീര്‍ത്തിട്ടില്ല. യു.എന്നിനു വേണ്ടി വലിയ ബാധ്യത യു.എസ് ചുമക്കേണ്ടിവരുന്നതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യ, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നിവ വിഹിതം നല്‍കിയിട്ടുണ്ടെങ്കിലും 64 രാജ്യങ്ങള്‍ യഥാസമയത്ത് മുഴുവന്‍ വിഹിതവും നല്‍കിയിട്ടില്ലെന്നതാണ് യു.എന്നിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.
യു.എസിനെ കൂടാതെ, സഊദി അറേബ്യ, ഇസ്‌റാഈല്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ബ്രസീല്‍, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ഇറാന്‍, മെക്‌സിക്കോ, ഒമാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, വെനസ്വേല തുടങ്ങിയവ ഈ പട്ടികയില്‍ പെടുന്നു.
ശക്തിയായി ചൈന
സൈനികശക്തിയോടൊപ്പം സാമ്പത്തികശക്തിയിലും യു.എസിന്റെ തൊട്ടു പിന്നിലെത്തിയിരിക്കുകയാണ് ചൈന.
ഇരു സാമ്പത്തികശക്തികളും തമ്മിലെ വ്യാപാരയുദ്ധം ലോക സാമ്പത്തികരംഗത്തെ പിന്നോട്ടടിപ്പിക്കുന്നതായി ഐ.എം.എഫ് മേധാവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ വര്‍ഷം യു.എന്‍ സമാധാന പ്രവര്‍ത്തനങ്ങളിലേക്ക് ആവശ്യമായ തുകയുടെ 27.89 ശതമാനം യു.എസ് നല്‍കിയപ്പോള്‍ 15.22 ശതമാനം ചൈനയാണ് നല്‍കിയത്. ജപ്പാന്‍(8.56), ജര്‍മനി(6.09), ബ്രിട്ടന്‍(5.79), ഫ്രാന്‍സ്(5.61), റഷ്യ(3.05) എന്നിവയാണ് പിന്നില്‍. ബാക്കി എല്ലാ രാജ്യങ്ങളും കൂടി നല്‍കിയത് 19.48 മാത്രം. ഇന്ത്യ 2,32,53,808 ഡോളര്‍ യു.എന്നിനു നല്‍കിയപ്പോള്‍ 33,47,26,585 ആണ് ചൈനയുടെ വിഹിതം. പാകിസ്താന്‍ നല്‍കിയത് 32,06,460 ഡോളര്‍. ഏഷ്യയിലെ പ്രമുഖ രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക വളര്‍ച്ചയിലുള്ള അന്തരം ഇതില്‍ കാണാം. 2016ലാണ് ചൈന ജപ്പാനെ പിന്തള്ളി യു.എന്‍ വിഹിതത്തില്‍ രണ്ടാംസ്ഥാനത്തെത്തിയത്.
ട്രംപ് അധികാരത്തിലേറിയതോടെ യു.എസ് യു.എന്നിനുള്ള വിഹിതം കുറച്ചുകൊണ്ടുവരുകയും അതേസമയം ചൈന വിഹിതം കൂട്ടുകയും ചെയ്തതാണ് ഈവര്‍ഷമുണ്ടായ വലിയ മാറ്റം. ഇത് യു.എന്നില്‍ യു.എസിന്റെ സ്വാധീനം കുറയാനിടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യയും എത്യോപ്യ, ബംഗ്ലാദേശ്, നേപ്പാള്‍, റുവാണ്ട എന്നീ ദരിദ്രരാജ്യങ്ങളുമാണ് യു.എസ് കഴിഞ്ഞാല്‍ യു.എന്നിന് വലിയ സംഭാവന നല്‍കുന്ന രാജ്യങ്ങള്‍. ഈ രാജ്യങ്ങള്‍ അവരുടെ ചെലവില്‍ സൈനികരെ യു.എന്നിന്റെ സമാധാനനീക്ക ആവശ്യങ്ങള്‍ക്കായി നല്‍കുന്നു.
പട്ടാളക്കാര്‍ക്ക് നല്‍കാനായി ഒരു മാസം യു.എന്നിനു വരുന്ന ചെലവ് 1,428 ഡോളറാണ്. ലോകരാജ്യങ്ങളുടെ പ്രതിവര്‍ഷ സൈനികച്ചെലവിന്റെ ഒരു ശതമാനത്തിന്റെ പകുതി പോലും യു.എന്‍ സമാധാനസേനയുടെ ചെലവിനു വേണ്ടിവരുന്നില്ലെന്ന് യു.എന്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."