നവോത്ഥാനമൂല്യങ്ങള്‍ പ്രതിഫലിപ്പിച്ച് ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന് നാളെ തുടക്കം
പാലക്കാട്:നവോഥാന മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സമൂഹചിത്രരചന ഉള്‍പ്പെടെയുളള കലാസാംസ്‌ക്കാരിക പരിപാടികളോടെ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജില്ലയില്‍ നാളെ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ സമ്മേളനം എം.ബി.രാജേഷ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാനും ജില്ലാ കലക്ടറുമായ ഡി. ബാലമുരളി ചേംബറില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു. തമസോമ ജ്യോതിര്‍ഗമയാ (ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്) എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. വൈകീട്ട് അഞ്ചിന് നീന വാരിയരുടെ ഇടയ്ക്ക വായനയോടെ ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ.ജി.പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, വിവിധ രാഷ്ടീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചരിത്ര പുരാരേഖ പ്രദര്‍ശനത്തോടെ തുടക്കം
നവംബര്‍ 10ന് കേരളത്തിന്റെ നവോത്ഥാന ചരിത്രം വിശദീകരിക്കുന്ന ചരിത്ര, പുരാരേഖകളുടെ പ്രദര്‍ശനത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. എഴുത്തുകാരിയായ തനൂജ ഭട്ടതിരി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ അജയന്‍ അധ്യക്ഷനാകും. മൂന്ന് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം.
വിളംബര ഘോഷയാത്ര
വൈകുന്നേരം നാല് മണിക്ക് ഗവ. മോയന്‍സ് ഗേള്‍സ് സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സിവില്‍ സ്റ്റേഷനില്‍ സമാപിക്കും. കുടുംബശ്രീയുടെ കീഴിലുള്ള ജില്ലയിലെ ഏഴ് സ്‌കില്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 200 വിദ്യാര്‍ഥികളും പാലക്കാട് സി.ഡി.എസ്, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികള്‍ എന്നിവരടക്കം 1000-ഓളം പേര്‍ വിളംബര ഘോഷയാത്രയുടെ ഭാഗമാകും. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്രസക്തി വിളിച്ചോതുന്ന ബാനറുകളും പ്ലകാര്‍ഡുകളും ഘോഷയാത്രയിലുണ്ടാവും. ബൈക്ക് റാലി, റോളര്‍ സ്‌കേറ്റിങ് എന്നിവയും വിളംബര ഘോഷയാത്രയിലുണ്ടാവും.
പാലക്കാടന്‍ തനത്കലകളുടേയും നാടന്‍ പാട്ടുകളുടേയും അവതരണം
ഉദ്ഘാടനസമ്മേളനത്തെ തുടര്‍ന്ന് പാലക്കാടന്‍ നാട്ടുകലാകാരക്കൂട്ടവും മാണിക്യക്കല്ലും ചേര്‍ന്നൊരുക്കുന്ന പാലക്കാടിന്റെ തനതു കലകളും നാടന്‍ പാട്ടുകളുടെ അവതരണവും നടക്കും.
ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെ മാണിക്യക്കല്ലും പ്രണവം ശശിയുടെ പാലക്കാടന്‍ നാട്ടുകലാകാരക്കൂട്ടവും ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നിര്‍വഹിക്കും. കലാമണ്ഡലം കെ.ജി വാസുദേവന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി, സാംസ്‌കാരിക ഉപസമിതി കണ്‍വീനര്‍ പി. മധു എന്നിവര്‍ പങ്കെടുക്കും.
നവംബര്‍ 11ന് എഴുത്തുകാരുടെ സംഗമം
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 11 രാവിലെ 10ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പാലക്കാട്ടെ കവികളും കഥാകൃത്തുക്കളും അണിച്ചേരുന്ന കഥാ-കവിത അവതരണ പരിപാടി മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ തലമുറയിലെ എഴുത്തുകാരാണ് അവതരണത്തില്‍ പങ്കുചേരുന്നത്. ടി.കെ ശങ്കരനാരായണന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജ്യോതിബായി പരിയാടത്ത് പ്രാരംഭം അവതരിപ്പിക്കും. പി മുരളി, പി ആര്‍ ജയശീലന്‍, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, പത്മാദാസ്, നിരഞ്ജന്‍, രഘുനാഥന്‍ പറളി, എം പി പവിത്ര, എം ബി മിനി, രാജേഷ് മേനോന്‍, മനോജ് വീട്ടിക്കാട്, പി ആര്‍ അരവിന്ദന്‍, ലതാദേവി, ഉണ്ണികൃഷ്ണന്‍ ചാഴിയാട്, എം കൃഷ്ണദാസ്, നാലുവീട്ടില്‍ അബ്ദുറഹിമാന്‍ എന്നിവരോടൊപ്പം വിദ്യാര്‍ഥികളും പങ്കുചേരും.
യോഗത്തില്‍ എഴുത്തുകാര്‍ സ്വന്തം രചനകള്‍ അവതരിപ്പിക്കും. കവിതാവേദി പ്രവര്‍ത്തകര്‍ നവോത്ഥാന കവിതകളുടെ ആവിഷ്‌കരണം നടത്തും. കെ.ആര്‍.ഇന്ദു, ഇ.കെ.ജലീല്‍, സംഗീത, കെ.എ. ദീപ, രാഘവ്, ശിവാനി, രവിചന്ദ്രന്‍, അപര്‍ണ, പ്രജിത്, ശരണ്യ എന്നിവര്‍ കവിത ചൊല്ലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."