ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്: എം.എല്‍.എ നടത്തിയ സത്യാഗ്രഹസമരത്തിന് ഒരു വര്‍ഷം അനക്കമില്ലാതെ റെയില്‍വേ
പുതുനഗരം: അമൃത എക്‌സ്പ്രസിന് പുതുനഗരത്തും, കൊല്ലങ്കോട്ടിലുംസ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ട് എം.എല്‍.എ നടത്തിയ സത്യാഗ്രഹ സമരത്തിന് ഒരു വര്‍ഷം. അനക്കമില്ലാതെ റെയില്‍വേ.
കെ. ബാബു എം.എല്‍.എയുടെ നേതൃത്വത്തിലാണ് അമൃത എക്‌സ്പ്രസിന് പുതുനഗരത്തും കൊല്ലങ്കോട്ടിലും സ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ ഏഴിന് കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനു സമീപംസത്യാഗ്രഹ സമരംനടത്തിയത്. നെന്മാറ നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപന ഇടതുപക്ഷ ജനപ്രതിനിധികളെല്ലാം സംയുക്തമായി സമരം നടത്തിയെങ്കിലും ഒരു വര്‍ഷമായും സ്റ്റോപ്പ് അനുവദിക്കുവാന്‍ റെയില്‍വേ തയ്യാറാവാത്തത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
പാലക്കാട്- പൊള്ളാച്ചി റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് മൂന്നു വര്‍ഷമായും മീറ്റര്‍ഗേജില്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന ഗുണം ബ്രോഡ് ഗേജായതിനു ശേഷം ഉണ്ടായിട്ടില്ല. ദക്ഷിണ റെയില്‍വേയും പാലക്കാട് ഡിവിഷനിലെ ചില ഉദ്യോഗസ്ഥരും പാലക്കാട് പൊള്ളാച്ചി റൂട്ട് കാണിക്കുന്ന കടുത്ത അവഗണനയാണ് പ്രധാന സ്റ്റോപ്പുകള്‍ ആയ പുതുനഗരത്തും കൊല്ലങ്കോട്ടിലും ട്രെയിനുകള്‍ നില്‍ക്കാതിരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന അമൃതാ എക്‌സ്പ്രസ, ചെന്നൈ എക്‌സ്പ്രസ്, തിരുച്ചന്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയില്‍ തിരിച്ചന്തൂര്‍ ട്രെയിന്‍ മാത്രമാണ് പുതുനഗരം കൊല്ലങ്കോട്ടിലും നിര്‍ത്തുന്നത്. മീറ്റര്‍ഗേജ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്ന സമയത്ത് ദിനംപ്രതി അയ്യായിരത്തിലധികം പേരാണ് പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ യാത്ര ചെയ്തിരുന്നുവെങ്കില്‍ നിലവില്‍ പാതി പോലും യാത്രക്കാര്‍ ട്രെയിനുകള്‍ ഉപയോഗിക്കാതായി.
പൊള്ളാച്ചി കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് പാലക്കാട് ആയതിനാല്‍ ആനമല റോഡ്, മീനാക്ഷിപുരം, മുതലമട, കൊല്ലങ്കോട്, വടവന്നൂര്‍, പുതുനഗരം എന്നീ സ്റ്റേഷനുകള്‍ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പഴനി, മധുര, ഏര്‍വാടി, നാഗൂര്‍, രാമേശ്വരം എന്നീ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് മീറ്റര്‍ ഗേജില്‍ യാത്ര ചെയ്തിരുന്നവര്‍ നിലവില്‍ ബസുകളെ ആശ്രയിച്ച് പൊള്ളാച്ചിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം യാത്ര ചെയേണ്ട ഗതികേടിലാണുള്ളത്.
പികെ ബിജു. എംപിയും, കെ. ബാബു എം.എല്‍.എയും സംയുക്തമായി റെയില്‍വേ സ്റ്റോപ്പുകള്‍ അനുവദിക്കുവാനായി വീണ്ടും സമ്മര്‍ദം ചെലുത്തണമെന്ന് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."