പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് അപേക്ഷ നല്‍കി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ഇന്ന് താമരശ്ശേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ഹരിദാസനാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്.
കോടതി അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി. 11 ദിവസത്തേക്കാണു കസ്റ്റഡി അപേക്ഷ നല്‍കിയതെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന്‍ ബേബി പറഞ്ഞു.
പ്രതികള്‍ക്ക് അഭിഭാഷകരില്ലാത്തതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ വ്യാഴാഴ്ച പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ റിമാന്‍ഡ് ചെയ്ത ശേഷം ലഭിച്ച മൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍.
അതേസമയം കേസിലെ രണ്ടാം പ്രതി മാത്യു സാമുവേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ഇന്നത്തേക്ക് മാറ്റി. അഡ്വ.ബിനോയ് അഗസ്റ്റിനാണ് മാത്യുവിന് വേണ്ടി കോടതിയില്‍ ഹാജരായത്. മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നല്‍കിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തതോടെ തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, ജോളിക്കുവേണ്ടി അഡ്വ.ബി.എ ആളൂര്‍ കോടതിയില്‍ ഹാജരായേക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളിയെ ഇന്നലെ ആളൂര്‍ സന്ദര്‍ശിച്ചു. കൊലപാതക പരമ്പരയിലെ പ്രതികള്‍ക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് ആളൂരിന്റെ നീക്കം. കേസില്‍ പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി അഭിഭാഷകര്‍ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആളൂരിന്റെ രംഗപ്രവേശം.
ചില മാധ്യമപ്രവര്‍ത്തകര്‍ സമാന്തര അന്വേഷണം നടത്തുന്നതായി പൊലിസ്
കോഴിക്കോട്: കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് സമാന്തര അന്വേഷണം നടത്തുന്നവര്‍ക്കെതിരേ മുന്നറിയിപ്പുമായി പൊലിസ്. സാക്ഷികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടിയവര്‍ക്കെതിരേയാണ് മുന്നറിയിപ്പ് നല്‍കിയത്. പൊലിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഒരു ചാനല്‍ നാട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പത്രക്കുറിപ്പ് ഇറക്കിയത്.
ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പൊലിസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്‍വ്യൂ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലിസിന് ലഭിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ എസ്.പി വ്യക്തമാക്കി. ഇതില്‍ നിന്നും പിന്മാറണമെന്നും അല്ലാത്തപക്ഷം ഇത്തരക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസ്.പി അറിയിച്ചു.
ജോളിക്ക് എന്‍.ഐ.ടിയുമായി ബന്ധമില്ലെന്ന് അധികൃതര്‍
കോഴിക്കോട്: ജോളിക്ക് കോഴിക്കോട് എന്‍.ഐ.ടിയുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതര്‍. 2000 മുതലുള്ള രേഖകള്‍ പരിശോധിച്ചതില്‍ താല്‍ക്കാലിക ജീവനക്കാരിയായി പോലും ജോളി ഇവിടെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ ലഫ്റ്റനന്റ് കേണല്‍ കെ.പങ്കജാക്ഷന്‍ വ്യക്തമാക്കി. കാന്റീന്‍ കാംപസിന് പുറത്താണ്. അവിടെ വന്നു പോകുന്നവര്‍ക്ക് എന്‍.ഐ.ടിയുമായി ബന്ധമില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാത്തമംഗലത്തെ എന്‍.ഐ.ടിയില്‍ പ്രൊഫസറാണെന്ന് മറ്റുള്ളവരെ ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എന്‍.ഐ.ടി ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്.
ജോളിക്ക് 'മാന്ത്രികപ്പൊടി' നല്‍കിയ ജോത്സ്യന്‍ ഒളിവില്‍
തൊടുപുഴ: കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ ജോത്സ്യനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങവേ, ഇയാള്‍ ഒളിവില്‍ പോയതായി സൂചന. കട്ടപ്പന പാറക്കടവിനു സമീപം താമസിക്കുന്ന യുവാവിനെയാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ പ്രതി ജോളിക്കായി അഭിഭാഷകനെ ഏര്‍പ്പെടുത്തിയത് കട്ടപ്പനയിലുള്ള വീട്ടുകാരാണെന്ന വിവരം പുറത്തുവന്നു.
ജോളിയുടെ ഭര്‍ത്താവ് റോയി കൊല്ലപ്പെട്ടപ്പോള്‍ റോയിയുടെ പക്കല്‍നിന്നു കട്ടപ്പനയിലെ ജോത്സ്യന്റെ വിലാസം ലഭിച്ചതും ജോളിയുടെ വെളിപ്പെടുത്തലുകളുമാണ് ഇയാളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണമായത്. റോയിയുടെ ദേഹപരിശോധനയില്‍ ഏലസും കണ്ടെടുത്തിരുന്നു. സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കാന്‍ ഒരുതരം പൊടി ജോത്സ്യന്‍ നല്‍കിയിരുന്നെന്നും താനും റോയിയും മരിച്ച സിലിയും അതു കഴിക്കാറുണ്ടായിരുന്നെന്നും ജോളി പറഞ്ഞതായാണ് പൊലിസിന്റെ വെളിപ്പെടുത്തല്‍. സിലി മരിക്കുന്നതിന് തൊട്ടുമുമ്പ് ഈ പൊടി കഴിച്ചതായും പറയുന്നു. ജോത്സ്യന്റെ നിര്‍ദേശമനുസരിച്ചാണ് പലപ്പോഴും ജോളി പ്രവര്‍ത്തിച്ചിരുന്നതെന്ന സൂചനയാണ് കൂടത്തായിലെ ബന്ധുക്കളില്‍നിന്നും ലഭിക്കുന്നത്. വീടിന്റെ മുന്നിലെ ചില മരങ്ങള്‍ ഇതുപ്രകാരം മുറിച്ചു നീക്കിയിരുന്നു. വീട്ടില്‍ കൂട്ടമരണമുണ്ടാകുമെന്നു ഇയാള്‍ പറഞ്ഞതായി ജോളി പ്രചരിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ ജോത്സ്യന്‍ വീട്ടില്‍നിന്നും പോയതായാണ് വീട്ടുകാര്‍ പറയുന്നത്. ഇയാള്‍ ഉപയോഗിക്കുന്ന ഫോണുകളെല്ലാം ഓഫ് ചെയ്ത നിലയിലാണ്. ജോത്സ്യനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നു ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇയാള്‍ വീടുവിട്ട് പോയത്.
അതിനിടെ ജോളിക്ക് നിയമസഹായം നല്‍കില്ലെന്നു സഹോദരിലൊരാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കട്ടപ്പനയില്‍നിന്നു അഭിഭാഷകനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ജോളിയുടെ വീട്ടുകാര്‍തന്നെയാണ് ഇതിന് മുന്‍കൈയെടുത്തതെന്നും പറയുന്നു. സഹോദരന്‍മാരിലൊരാള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയിരുന്നു.
ജോളിയും ജയശ്രീയും ഉറ്റ സുഹൃത്തുക്കള്‍
താമരശ്ശേരി: പുറത്ത് വരുന്നത് ജോളിയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയും ഉറ്റ സുഹൃത്തക്കളെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍. ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് തഹസില്‍ദാര്‍ സജീവമായി പങ്കെടുത്തിരുന്നു. ജോളി ഒരു ഭൂമിയുടെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തന്നെ സമീപിച്ചിരുന്നതെന്നും അതിനു താന്‍ സഹായം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു എന്നതിനു ധാരാളം തെളിവുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
താമരശ്ശേരി താലൂക്ക് ഓഫിസില്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരിക്കെ ഇവരുടെ അടുത്ത് ജോളി പലപ്പോഴും വന്നിരുന്നു. ജോളിയെ മാഡം എന്നായിരുന്നു വിളിച്ചതെന്നും ഓഫിസറുടെ അടുത്ത സുഹൃത്ത് എന്ന പരിഗണന നല്‍കിയിരുന്നുവെന്നും ഓഫിസിലുള്ളവര്‍ പറയുന്നു. ഇത്രയും അടുത്ത ബന്ധം ഉള്ളപ്പോഴും ജയശ്രീയുടെ ഒന്നര വയസുള്ള മകളെ അപായപ്പെടുത്താന്‍ ജോളി ശ്രമിച്ചതായ വിവരവും പുറത്തു വന്നിട്ടുണ്ട്. കൂടത്തായിയില്‍ വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് കുഞ്ഞിനെ വക വരുത്താന്‍ ശ്രമിച്ചത്.
ഗേറ്റിലെത്തിയപ്പോഴേക്കും മനംമാറ്റം; നുണപരിശോധനയ്ക്ക് തയാര്‍
വടകര: കൂടത്തായി ദുരൂഹ മരണങ്ങളില്‍ കല്ലറ തുറന്നുള്ള പരിശോധനക്ക് മുന്‍പായി പ്രതിയായ ജോളി തോമസിനെയും ഭര്‍ത്താവ് ഷാജുവിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ പയ്യോളിയിലെ ഓഫിസിലെത്തിയ ഇരുവരും ഒരു കൂസലുമില്ലാതെയാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഇവരെ സംശയമുണ്ടായിരുന്ന അന്വേഷണ സംഘം ഒടുവില്‍ നുണ പരിശോധനക്ക് തയാറാണോ എന്ന ചോദ്യം ചോദിച്ചു. എന്നാല്‍ തയാറല്ലെന്നാണ് ജോളി വ്യക്തമാക്കിയത്. തുടര്‍ന്ന് ഇവരെ വിട്ടയച്ചെങ്കിലും ക്രൈബ്രാഞ്ച് ഓഫിസിന്റെ ഗേറ്റിലെത്തിയ ഇരുവരും കുറച്ചു സമയം സംസാരിച്ച് വീണ്ടും തിരിച്ചു വന്ന് അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. നുണ പരിശോധനക്ക് തയാറാണെന്ന് അറിയിച്ചു. ഇവരുടെ പ്രവൃത്തിയില്‍ ആദ്യം അന്വേഷണ സംഘത്തിന് സംശയം തോന്നാന്‍ കാരണവും ഇതാണ്.
മറ്റുചിലരെയും കൊല്ലാന്‍ ജോളി ശ്രമിച്ചതായി മൊഴി
കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ പേരെ കൊല്ലാന്‍ ജോളി ശ്രമിച്ചതായി വെളിപ്പെടുത്തല്‍. കുടുംബത്തിലെ അഞ്ച് പേര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളി വീട്ടിലെത്തി മടങ്ങിയ ശേഷം ഭക്ഷണം കഴിച്ചവര്‍ ഛര്‍ദിച്ചിരുന്നുവെന്നും രക്തപരിശോധനയില്‍ വിഷം കണ്ടെത്തിയതായും ഇവര്‍ മൊഴി നല്‍കി. സിലിയും കുഞ്ഞും മരിച്ച ശേഷമാണ് ഈ സംഭവം നടന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
ജോളി വീട്ടിലെത്തിയപ്പോള്‍ എല്ലാവരും ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു. അധികം വൈകാതെ ജോളി മടങ്ങി. ഇതിന് പിന്നാലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. രണ്ടുപേര്‍ക്ക് ഛര്‍ദിയുണ്ടായി. ഇതോടെ ബാക്കിയുള്ളവര്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ രക്തത്തില്‍ വിഷാംശം കണ്ടെത്തി. ഈ റിപ്പോര്‍ട്ടുകള്‍ ബന്ധുക്കളുടെ പക്കലുണ്ട്. ഭക്ഷ്യവിഷബാധയാകാം എന്നായിരുന്നു അപ്പോള്‍ കരുതിയത്. ഇപ്പോള്‍ ജോളി അറസ്റ്റിലായതോടെയാണ് സംഭവത്തെ ഗൗരവത്തോടെ എല്ലാവരും കാണുന്നത്. ഇതോടെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."