കേരള കോണ്‍ഗ്രസ് ജന്മദിനം; രണ്ടായി ആഘോഷിച്ച് ജോസഫും ജോസും
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന കെ.എം മാണിയുടെ വിയോഗത്തിനു ശേഷമുള്ള ആദ്യ പാര്‍ട്ടി ജന്മദിനത്തില്‍ പ്രത്യേകം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് ജോസഫ്-ജോസ് വിഭാഗങ്ങള്‍.
ജോസഫ് വിഭാഗം റബര്‍ ഭവനിലും ജോസ് വിഭാഗം സി.എസ്.ഐ റിട്രീറ്റ് സെന്ററിലുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇരുവിഭാഗങ്ങളും പാലാ ഉപ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ പരസ്പരം ആരോപണം ഉന്നയിച്ചു. ജോസ് കെ. മാണിക്കെതിരേ കനത്ത വിമര്‍ശനമാണ് പി.ജെ ജോസഫ് ഉന്നയിച്ചത്. സ്വന്തമായി തീരുമാനം എടുക്കാത്തയാളാണ് ജോസ് കെ. മാണിയെന്നും ആരെങ്കിലും പറയുന്നതിനനുസരിച്ച് ചെയ്യുന്നതാണ് രീതിയെന്നും ജോസഫ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പി.ജെ ജോസഫ് പര്യടനം നടത്തുമെന്ന് പരിപാടിയില്‍ പ്രഖ്യാപിച്ചു. ജോസ് വിഭാഗത്തിന്റെ ജന്മദിന സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലായിലെ പരാജയത്തെ സംബന്ധിച്ച് വസ്തുതാപരവും സത്യസന്ധവുമായ ആത്മപരിശോധന പാര്‍ട്ടിക്കുള്ളില്‍ നടത്തുമെന്ന് ജോസ് കെ. മാണി പറഞ്ഞു. പരാജയത്തില്‍ പതറാതെ മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകും. ഉപതെരഞ്ഞെടുപ്പിനു ശേഷം പറയാനുള്ളതെല്ലാം പറയും. ജോസ് കെ. മാണി എം.പി ജന്മദിന കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."