വനിതാ ജയില്‍ സൂപ്രണ്ടിനും അസി. സൂപ്രണ്ടിനും സസ്പെന്ഷന്
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ സൗമ്യ കണ്ണൂര്‍ വനിതാ ജയില്‍ കോംപൗണ്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കൂടി സസ്പെന്‍ഡ് ചെയ്തു. വനിതാ ജയില്‍ സൂപ്രണ്ട് പി. ശകുന്തള, അസി. സൂപ്രണ്ട് സി.സി രമ എന്നിവരെയാണ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് സസ്പെന്‍ഡ് ചെയ്തത്. അതീവസുരക്ഷ ആവശ്യപ്പെടുന്ന ചുമതലയില്‍ ഗുരുതരമായ പിഴവുകള്‍ വരുത്തിയെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സോജ, മിനി എന്നിവരടക്കം മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. താഴെത്തട്ടിലുള്ള ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ജീവനക്കാരില്‍നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭരണപക്ഷ അനുകൂല സംഘടനയില്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം.
സസ്പെന്ഷന് ലഭിച്ച രമ ഒരുമാസം മുന്‍പ് പാലക്കാട് ജില്ലയിലേക്കു സ്ഥലം മാറിപ്പോയിരുന്നു. ശകുന്തളയ്ക്കും രമയ്ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് അന്നത്തെ ജയില്‍ ഡി.ജി.പി ആര്. ശ്രീലേഖ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. സൂപ്രണ്ടോ അസി. സൂപ്രണ്ടോ ജോലിയില്‍ ഉണ്ടായിരിക്കണമെന്നാണു ചട്ടമെങ്കിലും ഇതു പാലിച്ചില്ല. അസി. സൂപ്രണ്ട് രമ നേരത്തെ അപേക്ഷിച്ച അവധിയിലായിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാതെ സൂപ്രണ്ട് പി. ശകുന്തള അവധിയെടുത്തു. സൗമ്യ ആത്മഹത്യചെയ്ത വിവരം അറിഞ്ഞിട്ടും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന അസി. സൂപ്രണ്ട് ജയിലില്‍ എത്തിയത് ഒന്നരമണിക്കൂറോളം വൈകിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
2012ല്‍ സൗമ്യയുടെ മകള്‍ കീര്‍ത്തനയാണ് ആദ്യം മരിച്ചത്. 2018 ജനുവരി 21ന് രണ്ടാമത്തെ മകളും സമാനരീതിയില്‍ മരിച്ചു. ഇതേവര്‍ഷം മാര്‍ച്ച് ഏഴിനു കുഞ്ഞിക്കണ്ണന്റെ ഭാര്യ കമലയും ഏപ്രില്‍ 13നു കുഞ്ഞിക്കണ്ണനും മരിച്ചതോടെ ദുരൂഹസാഹചര്യത്തില്‍ നടന്ന മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെയാണു ഞെട്ടിക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് പുറംലോകം അറിയുന്നത്. 2018 ഓഗസ്റ്റ് 24നാണ് സൗമ്യയെ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."