പാലാരിവട്ടം അഴിമതി; സൂരജിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പാലാരിവട്ടം അഴിമതി സംബന്ധിച്ച് പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഹൈക്കോടതി. ടി.ഒ സൂരജ് അടക്കമുള്ളവര്‍ക്കെതിരേയുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യാപേക്ഷ തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. സൂരജ് അടക്കമുള്ളവര്‍ക്ക് പൊതുമരാമത്ത് വകുപ്പിലും മറ്റും ഉന്നത സ്വാധീനമുണ്ട്.
ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസിലെ പ്രധാന പ്രതികളായ സുമിത് ഗോയല്‍, ടി.ഒ സുരജ്, എം.ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്
മൂന്നാം പ്രതി കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാലത്തിന് ബലക്ഷയമുണ്ടന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
കൂടുതല്‍ ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതു സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. പാലം നിര്‍മാണത്തിനുള്ള ടെന്‍ഡറില്‍ തിരിമറി നടത്തിയതായി ആരോപണമുണ്ട്.
സൂരജിനെതിരേ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 16 പരാതി അന്വേഷണ പരിധിയിലാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളായ ടി.ഒ സൂരജ്, സുമിത് ഗോയല്‍ എന്നിവര്‍ വന്‍ സ്വാധീനമുള്ളവരാണ്. പൊതുമരാമത്ത് വകുപ്പിലുള്ള പലരും സൂരജിന്റെ സഹപ്രവര്‍ത്തകരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ പേരെ ചോദ്യം ചെയ്യണം. ഇവരില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.
മൂന്ന് എജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ പാലത്തിന് ബലക്ഷയം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൊബിലിറ്റി ഫണ്ട് അനുവദിച്ചതിന് പിന്നാലെ സൂരജ് കൊച്ചിയില്‍ വസ്തു വാങ്ങിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം പ്രതി എം.ടി തങ്കച്ചന്‍ മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കരാറുകാരെ സഹായിച്ചു. പ്രതി ആര്‍.ഡി.എസ് കമ്പനിക്ക് നിര്‍മാണ കരാര്‍ കിട്ടാന്‍ പ്രവര്‍ത്തിച്ചതായി വിജിലന്‍സ് ആരോപിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ബെന്നി പോളിന്റെ പങ്കിനെക്കുറിച്ച് അന്വേഷണ സംഘത്തിന് കൂടുതല്‍ കാര്യങ്ങള്‍ രേഖകളില്‍നിന്ന് കണ്ടെത്താനാകാത്തതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി മുന്‍പും തള്ളിയിരുന്നു. ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യപേക്ഷ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."