പുതൂര്‍-ഇടവാണി റോഡിന്റെ നിര്‍മാണം; അനുമതി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
പാലക്കാട് : പുതൂര്‍-ഇടവാണി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വനം വകുപ്പ് അനുമതി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. പുതുര്‍-ഇടവാണി റോഡിന്റെ ശോചനീയാവസ്ഥയും ആശുപത്രി ആമ്പുലന്‍സിന്റെ അഭാവവും നിമിത്തം ആദിവാസി യുവതിക്ക് വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനെതിരെ കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ മുളയില്‍ തുന്നിക്കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളാണ് കേസിന് ആധാരം.
പാലക്കാട് ജില്ലാ കലക്ടര്‍, ഐ.റ്റി.ഡി.പി പ്രോജക്ടാഫീസര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, കോട്ടത്തറ ട്രൈബല്‍ ആശുപത്രി എന്നിവരില്‍ നിന്നും കമ്മിഷന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
യാത്രായോഗ്യമായ റോഡിന്റെ അഭാവവും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആമ്പുലന്‍സ് ലഭിക്കാതിരുന്നതും റിപ്പോര്‍ട്ടില്‍ നിഷേധിച്ചിട്ടില്ല. സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ ന്യായീകരണവുമായി ചൂണ്ടിക്കാണിച്ചിരിക്കുന്ന വസ്തുതകളില്‍ ചിലതെങ്കിലും വിശ്വസനീയമല്ലെന്ന് കമ്മിഷന് കണ്ടെത്തി. പുതൂര്‍ ഇടവാണി റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ വനം വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.
മേഖലയിലെ പ്രാക്തന വിഭാഗത്തിലുള്ള ആദിവാസി ഊരുകള്ക്കെല്ലാം പ്രയോജനം ചെയ്യുന്നതാണ് പുതൂര്‍-ഇടവാണി റോഡെന്ന് ഉത്തരവില്‍ പറഞ്ഞു. വന സമ്പത്തിന് ദോഷമുണ്ടാകാത്തതും യാത്രായോഗ്യവുമായ പാതയ്ക്ക് അനുമതി നല്‍കേണ്ടത് ആവശ്യമായതിനാല്‍ പരിശോധിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. വനം സെക്രട്ടറിക്കും ജില്ലാകലക്ടര്‍ക്കും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ക്കും ഉത്തരവിന്റെ പകര്‍പ്പ് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."