മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളിലെ കലക്ടര്‍മാരുമായും ജില്ലാ പൊലിസ് മേധാവിമാരുമായും എസ്.പിമാരുമായും റിട്ടേണിങ് ഓഫിസര്‍മാരുമായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഒരുക്കങ്ങള്‍ വിലയിരുത്തി. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം. പോളിങ് സ്റ്റേഷനുകളിലെ സജ്ജീകരണങ്ങള്‍, വെബ്കാസ്റ്റിങ് സംവിധാനം, കള്ളനോട്ട് തടയാനുള്ള നടപടികള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ അദ്ദേഹം വിശദമായി വിലയിരുത്തി. മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടര്‍മാര്‍ അതാതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിശദീകരിച്ചു. ജില്ലാ പൊലിസ് മേധാവിമാരും എസ്.പിമാരും പൊലിസ് തലത്തില്‍ കൈക്കൊണ്ട നടപടികളും സൂചിപ്പിച്ചു.
സംസ്ഥാന അതിര്‍ത്തിയിലുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകവുമായി ചേര്‍ന്ന പോളിങ് സ്റ്റേഷനുകളില്‍ അതിര്‍ത്തി കടന്നെത്തി വോട്ടിങ് നടത്താനുള്ള സാധ്യതകള്‍ തടയാന്‍ ശക്തമായ സംവിധാനമൊരുക്കും. ഇതിനായി ശക്തമായ നിരീക്ഷണം, വെബ്കാസ്റ്റിങ്, അതിര്‍ത്തിയില്‍ പരിശോധന എന്നിവ ഏര്‍പ്പെടുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. മണ്ഡലത്തില്‍ 16 അതിര്‍ത്തി ബൂത്തുകളും 101 പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. മണ്ഡലങ്ങളില്‍ ബുര്‍ഖ ധരിച്ചവര്‍ ഉള്‍പ്പെടെ സ്ത്രീകളെ പരിശോധിക്കാന്‍ പ്രത്യേക വനിതാ ഓഫിസര്‍മാരെ നിയോഗിക്കാനും തീരുമാനിച്ചു.
ഉദ്യോഗസ്ഥന്‍മാര്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കണം. ആരെങ്കിലും പക്ഷപാതപരമായി പെരുമാറിയാല്‍ ശക്തമായ നടപടിയെടുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."