നേതാക്കള്‍ നിറഞ്ഞ് തുളുനാട്; അഞ്ചില്‍ ആവേശം മഞ്ചേശ്വരത്ത്
മഞ്ചേശ്വരം: സംസ്ഥാനത്ത് 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയോജക മണ്ഡലങ്ങളില്‍ വടക്കെ അറ്റത്ത് കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന മഞ്ചേശ്വരത്തേക്കാണ് ദേശീയ-സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പ് കണക്കുകളെടുത്താല്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന യു.ഡി.എഫും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുമാണ് ഈ ഉപതെരഞ്ഞെടുപ്പിലും മുഖ്യ പോരാട്ടം.
മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കാരണം മൂന്നു മുന്നണികളുടെയും സംസ്ഥാന-ദേശീയ നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തില്‍ സജീവമാണ്. പി.ബി അബ്ദുറസാഖിന്റെ വികസന പാരമ്പര്യം സംരക്ഷിക്കാനുമുള്ള യു.ഡി.എഫിന്റെ പ്രയത്‌നവും 89 വോട്ടിനു മാത്രം 2016ല്‍ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ പിടിക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആയിരത്തിലധികം വോട്ടുകള്‍ വര്‍ധിച്ചതിന്റെ ആത്മവിശ്വാസവുമായി ബി.ജെ.പിയും സി.എച്ച് കുഞ്ഞമ്പുവിനു ശേഷം കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയോടെ ഇടതുപക്ഷവും നടത്തുന്ന പ്രചാരണം മഞ്ചേശ്വരത്തിന്റെ വിധി നിര്‍ണായകമാണെന്നതിന് തെളിവാണ്.
2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന അവസരത്തിലും യി.ഡി.എഫിനൊപ്പം നിന്ന മഞ്ചേശ്വരം മണ്ഡലം നിലനിര്‍ത്താനുള്ള എല്ലാ അടവും പയറ്റുകയാണ് യു.ഡി.എഫ്. മുന്നണിയുടെ വലിയ നേതൃനിര തന്നെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മണ്ഡലത്തിലുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി നേരത്തെ തന്നെ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.
മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി രവീശ തന്ത്രിക്കെതിരേ പാര്‍ട്ടി പ്രാദേശിക നേതൃത്വം കടുത്ത പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ പ്രചാരണത്തിന്റെ ചുമതല ആര്‍.എസ്.എസ് ഏറ്റെടുത്തതോടെ യു.ഡി.എഫും ബി.ജെ.പിയും നേരിട്ടുള്ള കടുത്ത മത്സരത്തിനാണ് തുളുനാട് സാക്ഷ്യം വഹിക്കുന്നത്. വര്‍ഗീയതയുടെ വിത്തുകള്‍ കര്‍ണാടക അതിരുകള്‍ കടന്ന് കേരളത്തിന്റെ മണ്ണിലേക്ക് കടക്കാതിരിക്കാന്‍ പഴുതടച്ച പ്രതിരോധം യു.ഡി.എഫ് തീര്‍ക്കുന്നുണ്ട്.
ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കര്‍ണാടക മുന്‍ മന്ത്രിമാരായ വിനയകുമാര്‍ സൊര്‍ക്ക, രാമനാഥ റൈ, കര്‍ണാടക എം.എല്‍.എ മൊയ്തീന്‍ ബാവ, സംസ്ഥാനത്തെ ഏഴോളം എം.എല്‍.എമാര്‍ തുടങ്ങി യു.ഡി.എഫിന്റെ നേതാക്കള്‍ സംബന്ധിച്ചിരുന്നു. യു.ഡി.എഫുമായി ചെറിയ വോട്ടിന്റെ വ്യത്യാസമുള്ള മഞ്ചേശ്വരത്ത് ഇനിയൊരു പരാജയം പാടില്ലെന്ന ആര്‍.എസ്.എസ് തീരുമാനപ്രകാരമാണ് ബി.ജെ.പി പ്രചാരണം ശക്തമാക്കിയത്. വീഴ്ചകളില്‍ നേരിട്ട് ഇടപെടാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ഓരോ പഞ്ചായത്തിനും കര്‍ണാടകയില്‍ നിന്നുള്ള എം.എല്‍.എമാര്‍ക്ക് നേരിട്ട് ചുമതല നല്‍കും. കര്‍ണാടകയിലെ മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും മണ്ഡലത്തെ പലതായി വിഭജിച്ച് പ്രത്യേകം ചുമതലയും കൊടുക്കുന്നുണ്ട്.
കര്‍ണാടകത്തിലെ കോട്ട ശ്രീനിവാസ പൂജാരി അടക്കമുള്ള മന്ത്രിമാരാണ് മണ്ഡലത്തിലെത്തുക. കണക്കിന്റെ കളിയില്‍ മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫ് പ്രചാരണത്തിന് പ്രമുഖരെ തന്നെയണ് ഇറക്കുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിപ്പട മണ്ഡലത്തിലെത്തും. മഞ്ചേശ്വരത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയധികം നേതാക്കള്‍ പ്രചാരണത്തിന് എത്തുന്നത് ആദ്യമാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥ തുടങ്ങുന്ന അവസരത്തില്‍ മാത്രമാണ് കൂടുതല്‍ നേതാക്കള്‍ മണ്ഡലത്തിലെത്താറുള്ളത്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ തുളുനാട്ടിലെ പോരാട്ടവീര്യം തന്നെയാണ് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."