കെ.എം ഷാജിക്കെതിരായ വിധി ലീഗ് ജലീലിനെ കുരുക്കി വിജയത്തിനരികെ എത്തുമ്പോള്‍
ടി.കെ ജോഷി
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ കുരുക്കാനുള്ള പോരാട്ടത്തില്‍ യൂത്തു ലീഗും മുസ്‌ലിം ലീഗും രാഷ്ട്രീയ വിജയത്തിനടുത്ത് നില്‍ക്കുമ്പോഴാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കികൊണ്ടുള്ള ഹൈക്കോടതി വിധി തിരിച്ചടിയായിരിക്കുന്നത്. നിയമപരമായി ഷാജിക്കും മുസ്‌ലിം ലീഗിനും ഉത്തരവിനെതിരേ സുപ്രീം കേടതിയെ സമീപിക്കാമെങ്കിലും വിധി നല്‍കിയ ആഘാതം ചെറുതല്ല. അതേസമയം വര്‍ഗീയതക്കെതിരേ ശക്തമായ നിലപാട് എടുത്ത കെ.എം ഷാജിക്ക് നേരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഷട്രീയ കേരളം ഇതിനെ തള്ളിക്കളഞ്ഞതാണ്. സമുദായത്തിലെ തന്നെ തീവ്ര നിലപാടുകളുള്ളവരുടെ വോട്ടുകള്‍ തനിക്ക് വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച് അഴീക്കോട് മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് വിജയിച്ച ചരിത്രമാണ് കെ.എം ഷാജിക്കുള്ളത്. ഈ ആത്മവിശ്വാസമായിരിക്കാം ഈ തെരഞ്ഞെടുപ്പ് കേസിനെ അതിന്റെ ഗൗരവത്തോടെ നേരിടാന്‍ മുസ്‌ലിം ലീഗിനും യു.ഡി.എഫിനും കഴിയാതെ പോയതും ഇപ്പോള്‍ ഇത്തരം ഒരു വിധി നേരിടേണ്ടി വന്നതിനും പിന്നില്‍.
20 ശതമാനം മാത്രം മുസ്‌ലിം വിഭാഗമുള്ള ഒരു മണ്ഡലമാണ് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്. ഇവിടെ ഒരു വര്‍ഗീയ കാര്‍ഡിറക്കി വിജയം നേടാമെന്ന് മുസ്‌ലിം ലീഗിനെ പോലെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചിന്തിക്കാനിടയില്ല. മാത്രമല്ല, സി.പി.എമ്മിന്റെ ഉറച്ച മണ്ഡലമായി കരുതിയിരുന്ന ഇവിടെ രണ്ടു തവണ നടന്നതും കടുത്ത രാഷ്ട്രീയ മത്സരം തന്നെയായിരുന്നു. സിറ്റിംഗ് എം.എല്‍.എയായിരുന്ന സി.പി.എമ്മിലെ എം പ്രകാശന്‍ മാസ്റ്ററെയാണ് 2011ല്‍ കന്നിയങ്കത്തിനിറങ്ങിയ കെ.എം ഷാജി പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ വിഭാഗീയത ആ തെരഞ്ഞെടുപ്പില്‍ ഷാജിയുടെ വിജയത്തിന് ഒരു ഘടകമായിരുന്നുവെങ്കില്‍ 2016ലെ വിജയത്തിന്റെ പിന്നിലെ മുഖ്യഘടകം അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും വര്‍ഗീയതയോടും മറ്റും സ്വീകരിച്ച കര്‍ശന നിലപാടുകളും തന്നെയായിരുന്നു. ഇടതു സ്വതന്ത്രനായിരുന്ന എം.വി നികേഷ് കുമാറിനെയാണ് ഷാജി പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പ് പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
[caption id="attachment_650704" align="aligncenter" width="600"] തെരഞ്ഞെടുപ്പ് സമയത്ത് അഴീക്കോട് മണ്ഡലത്തില്‍ പ്രചരിച്ച ലഘുലേഖ. ഇതില്‍ ആരാണ് ഈ ലഘുലേഖക്ക് പിന്നിലെന്ന് വ്യക്തമാക്കിയിട്ടില്ല[/caption]ആരുടെതെന്ന് വ്യക്തമാക്കാത്ത ഒരു ലഘുലേഖയാണ് കെ.എം ഷാജിക്ക് വിനയായിരിക്കുന്നത്. ഇതിന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലെന്ന് വാദമാണ് കെ.എം ഷാജിയും യു.ഡി.എഫും ഉന്നയിച്ചിരുന്നത്. എന്നാല്‍ കേസില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടാണ് ഇപ്പോള്‍ ഇത്തരം ഒരു വിധിയില്‍ എത്തിച്ചതും സി.പി.എമ്മിന് അനുകൂലമായിരിക്കുന്നതും.
മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖിന്റെ മരണത്തോടെ ഒരു ഉപതെരഞ്ഞെടുപ്പിന്റെ മുന്‍പില്‍ നില്‍ക്കുന്ന ലീഗിനാണ് ഇപ്പോള്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പു സാധ്യതയിലേക്ക് കൂടി നീങ്ങേണ്ടി വരുന്നത്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ഇത് പാര്‍ട്ടിക്കും യു.ഡി.എഫിനും ചെറുതായിരിക്കില്ല വെല്ലുവിളിയുയര്‍ത്തുക. അതിനാല്‍ തന്നെ കേസിനെ കൂടുതല്‍ കരുത്തോടെ നിയപരമായി നേരിടാനായിരിക്കും മുസലിം ലീഗ് തയ്യാറാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."