വിമര്‍ശനാത്മകമായും കരുതലോടെയും വായിക്കണം: കെ.ഡി പ്രസേനന്‍ എം.എല്‍.എ
പാലക്കാട്: വായിക്കുന്നതെല്ലാം പൂര്‍ണമായും ഉള്‍ക്കൊള്ളാതെ വിമര്‍ശനാത്മകമായും കരുതലോടെയും വായിക്കണമെന്ന് കെ.ഡി. പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. വായിക്കുമ്പോള്‍ തെറ്റായ ആശയങ്ങള്‍ ഉള്‍ക്കൊള്ളാതെ ശ്രദ്ധിക്കണമെന്നും ജില്ലാതല വായനാപക്ഷാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് എം.എല്‍.എ. പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസമുണ്ടാവാനാണ് സര്‍ക്കാര്‍ പെതുവിദ്യാഭ്യാസസ സംരക്ഷണ യജ്ഞം നടപ്പാക്കിയത്. ഇതിന്റെ ഉദ്ദേശ്യം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കണം. നക്ഷത്രങ്ങളുടെ നിറഭേദങ്ങളെക്കുറിച്ച് അറിയുന്നവര്‍ക്ക് തന്റെ തൊട്ടടുത്തുള്ള പ്രദേശത്തെയും വ്യക്തികളെയുംക്കുറിച്ച് അറിയാത്ത സ്ഥിതിയാണ്. എപ്ലസ് നേടുക മാത്രമായിരിക്കരുത് പഠനത്തിന്റെ ലക്ഷ്യം. ചരിത്രം ശരിയായ രീതിയില്‍ വായിക്കുന്നവര്‍ക്ക് മാത്രമേ മികച്ച പൊതു പ്രവര്‍ത്തരാവാന്‍ കഴിയൂവെന്നും. വായിക്കാന്‍ സമയമില്ലെന്ന് പറയുന്നത് സ്വയം വഞ്ചിക്കുന്ന തരത്തിലുള്ള നിലപാടാണെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഭാരതപുഴ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുഴയുണര്‍ത്ത് പാട്ടുമായാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് ശ്രീവരാഹം സോമന്‍ സംവിധാനം ചെയ്ത് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച പി.എന്‍. പണിക്കരെക്കുറിച്ചുള്ള വായനയുടെ വളര്‍ത്തച്ഛന്‍ ഡോക്യൂമെന്ററിയും പ്രദര്‍ശിപ്പിച്ചു.
പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷയായി. എന്‍. രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി, എസ്. വിജയന്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. വി.പി. സുലഭകമാരി, സജി തോമസ്, മുഹമ്മദ് നിസ്താര്‍, കെ. ദിവാകരന്‍, കെ. സലീം, എം. കാസിം, പേരൂര്‍ പി. രാജഗോപാലന്‍, കെ. ശ്രീധരന്‍ സംസാരിച്ചു.
വിദ്യാര്‍ഥികളായ ആദിത്യന്‍, വിനീത് കവിതകള്‍ ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."