നെയ്യാറ്റിന്‍കരയിലെ സനലിന്റെ മരണം: ഡിവൈ.എസ്.പി ഇപ്പോഴും ഒളിവില്‍
തിരുവനന്തപുരം: യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി ബി.ഹരികുമാറിനെ പിടികൂടാനാകാതെ പൊലിസ്.
അതിനിടെ, മരിച്ച സനല്‍കുമാറിന്റെ വീട് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി സന്ദര്‍ശിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സനലിന്റെ കുടുംബത്തിന് എസ്.പി ഉറപ്പുനല്‍കി. സനല്‍കുമാര്‍ മരിച്ച് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാത്തതില്‍ പ്രതിഷേധിച്ച് മരണം വരെ സമരം നടത്തുമെന്ന് ഭാര്യ വിജി പറഞ്ഞിരുന്നു.
കൊലപാതകം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും ഡിവൈ.എസ്.പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലിസിനും സര്‍ക്കാരിനും നാണക്കേടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹരികുമാറിനെ കീഴടങ്ങുന്നതിന് പ്രേരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണസംഘം സമ്മര്‍ദം ശക്തമാക്കിയതായി പറയുന്നു. ഒളിവില്‍കഴിയുന്ന ഡിവൈ.എസ്.പിയെ പുറത്തുകൊണ്ടുവരാന്‍ അന്വേഷണസംഘം പുതിയ വഴികളും തേടുന്നുണ്ട്.
അതിനിടെ, പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സനല്‍കുമാറിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സനല്‍കുമാറിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതടക്കമുള്ള ഉചിതമായ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ദൃക്സാക്ഷിയായ ഹോട്ടല്‍ ഉടമയെ അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."