മഅ്ദനിക്കും പിള്ളക്കും നേരേ ചുമത്തിയത് ഒരേ വകുപ്പുകള്‍: നടപടി ഉറ്റുനോക്കി രാഷ്ട്രീയ കേരളം
കോഴിക്കോട്: അബ്ദുനാസര്‍ മഅ്ദനിക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത കോഴിക്കോട് കസബ പൊലിസ് കഴിഞ്ഞദിവസം ബി.ജെ.പി അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളക്കെതിരേ ചുമത്തിയതും അതേ വകുപ്പുകള്‍.
ഒരേ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് രാഷ്ട്രീയ നേതാക്കള്‍ രണ്ട് കാലങ്ങളില്‍ നടത്തിയത് സമാനമായ പരാമര്‍ശങ്ങളാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മഅ്ദനിക്കെതിരേ എന്ത് നടപടിയാണ് പൊലിസ് സ്വീകരിച്ചതെന്ന് കേരളം കണ്ടു. ഒരായുസ് നീണ്ട അദ്ദേഹത്തിന്റെ നിയമയുദ്ധവും ജയില്‍വാസവും ഇപ്പോഴും തുടരുകയാണ്.
എന്നാല്‍, സമാനമായ കേസില്‍ ശ്രീധരന്‍പിള്ളക്കെതിരേ എന്ത് നടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മഅ്ദനിക്കെതിരേ കേസുണ്ടായപ്പോഴും അറസ്റ്റ് ചെയ്യുമ്പോഴും നായനാര്‍ സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നത്. ഇപ്പോള്‍ പിണറായി സര്‍ക്കാരും. 1992ല്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നും ജനങ്ങളെ കലാപത്തിന് ഇളക്കിവിട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മഅ്ദനിക്കെതിരേ കേസെടുത്തത്. മുതലക്കുളം മൈതാനിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ 1998 മാര്‍ച്ച് 31ന് എറണാകുളം കലൂരിലെ വസതിയില്‍ നിന്നാണ് മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കോഴിക്കോട് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാക്കി ചോദ്യംചെയ്ത ശേഷം കണ്ണൂര്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു. ജയില്‍വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅ്ദനിയുടെമേല്‍ ചുമത്തപ്പെട്ടു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലടക്കം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അതിനുശേഷമാണ്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ശ്രീധരന്‍ പിള്ള കോഴിക്കോട്ട് വിവാദ പ്രസംഗം നടത്തിയത്. പരാമര്‍ശങ്ങളുടെ ലക്ഷ്യം പ്രകോപനം സൃഷ്ടിക്കലും കലാപത്തിന് ആഹ്വാനം ചെയ്യലുമാണെന്ന് വിലയിരുത്തപ്പെട്ടു. കുറ്റകരമായ പ്രവൃത്തിയാണ് പിള്ള നടത്തിയതെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസബ പൊലിസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."