തൂക്കത്തില്‍ ക്രമക്കേട്; സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന
കാക്കനാട്: തൂക്കത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയെ തുടര്‍ന്ന് സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഇന്നലെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒരേസമയം നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായി ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ പറഞ്ഞു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.
സ്വര്‍ണാഭരണങ്ങളും മറ്റും പണയപ്പെടുത്തി പണം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും ഈടായി വാങ്ങുന്ന സ്വര്‍ണത്തിന്റെ യഥാര്‍ഥ തൂക്കം രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്വര്‍ണത്തിന്റെ യഥാര്‍ഥ തൂക്കം തന്നെ രജിസ്റ്ററില്‍ രേഖപ്പെടുത്തി വേണം പണയസ്വര്‍ണം സ്വീകരിക്കേണ്ടത്. പല സ്ഥാപനങ്ങളും സ്വര്‍ണത്തിന്റെ യഥാര്‍ഥ തൂക്കം രേഖപ്പെടുത്തുന്നില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സ്വര്‍ണത്തിന്റെ തൂക്കത്തില്‍ കുറവ് വന്നാല്‍ മാത്രം സ്ഥാപന ഉടമ ഉത്തരവാദിത്തം വഹിച്ചാല്‍ മതി. യഥാര്‍ഥ തൂക്കത്തില്‍ കുറവ് വരുത്തിയാണ് പല സ്വര്‍ണ പണയസ്ഥാപനങ്ങളും സ്വര്‍ണാഭരണങ്ങള്‍ പണയമായി സ്വീകരിച്ച് ആവശ്യക്കാരന് പണം നല്‍കുന്നത്. ഇത് വിശ്വാസ വഞ്ചനയും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധവുമാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇന്നലെ റെയ്ഡ് നടന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലെ സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ എറണാകുളത്ത് നടന്ന മിന്നല്‍ പരിശോധനയില്‍ ചില സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."