സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം തുടങ്ങി; ആക്രമണം കുര്‍ദിഷ് മേഖലയില്‍
ദമസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് മേഖലയില്‍ ആക്രമണം തുടങ്ങി തുര്‍ക്കി സൈന്യം. കുര്‍ദിഷ് തീവ്രവാദികളെ തൂത്തെറിയാനാണ് ആക്രമണമെന്നാണ് തുര്‍ക്കിയുടെ വാദം.
യൂഫ്രട്ടീസ് നദിയുടെ കിഴക്കുഭാഗത്തു കൂടി തുര്‍ക്കിയുടെ സൈന്യം സിറിയയില്‍ കടന്നുവെന്നും സഖ്യസേനയായ സിറിയന്‍ വിമതരുമൊത്ത് ആക്രമണം ആരംഭിച്ചതായും ബുധനാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കുര്‍ദുകള്‍ക്ക് 181 തീവ്രവാദ കേന്ദ്രങ്ങളുണ്ടെന്നും അത് കേന്ദ്രീകരിച്ചാണ് ആക്രമണങ്ങളെന്നും തുര്‍ക്കി സൈന്യം പറഞ്ഞു.
മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ടിയാണ് ആക്രമണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയുടെ ദക്ഷിണാതിര്‍ത്തിയിലെ തീവ്രവാദ ഇടനാഴിയെ തടയാനാണ് നടപടിയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
കുര്‍ദിഷ് വിഭാഗം നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫ്രണ്ടി (എസ്.ഡി.എഫ്) നെതിരെയാണ് തുര്‍ക്കിയുടെ ആക്രമണം. ഐ.എസിനെതിരായ അമേരിക്കയുടെ ആക്രമണത്തില്‍ സിറിയയിലെ സഖ്യസേനയാണ് എസ്.ഡി.എഫ്. എന്നാല്‍ ഇവരെ തുര്‍ക്കി കാണുന്നത് തീവ്രവാദികളായാണ്. തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ട കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) യുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇത്.
സിറിയന്‍ അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍ വരെ 'സുരക്ഷിത സോണ്‍' ഒരുക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. സിറിയയില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ 36 ലക്ഷം പേരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.
തുര്‍ക്കിയുടെ സൈന്യത്തെ സഹായിക്കാന്‍ വിമതസൈന്യമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ 14,000 സൈനികര്‍ പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, തുര്‍ക്കിയുടെ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രതികരണം നടത്താന്‍ തുടങ്ങിയിട്ടുണ്ട്. നടപടി മോശം ഐഡിയ ആണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. മനുഷ്യത്വമില്ലാതെയാണ് തുര്‍ക്കി പെരുമാറുന്നതെങ്കില്‍ സാമ്പത്തികമായി ഞെരുക്കിക്കളയുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."